ചെറുകണ്ണികളില്‍ മാത്രം ഒതുങ്ങുന്ന സ്വര്‍ണവേട്ട; പിടി വീഴാത്ത വമ്പന്‍മാര്‍

ചെറുകണ്ണികളില്‍ മാത്രം ഒതുങ്ങുന്ന സ്വര്‍ണവേട്ട; പിടി വീഴാത്ത വമ്പന്‍മാര്‍
Summary

'സംഘത്തില്‍ കുറച്ച് അധികം പേരുണ്ടാകും. മൂന്നാഴ്ച വരെ ഗള്‍ഫ് രാജ്യങ്ങളില്‍ നില്‍ക്കും. വിമാന ടിക്കറ്റും 20,000 രൂപയുമാണ് ലഭിക്കുക'

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റി ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ തുടരുമ്പോള്‍ നയതന്ത്രപരിരക്ഷ ദുരുപയോഗിച്ചുള്ള കോടികളുടെ കള്ളക്കടത്തും, സ്വര്‍ണ്ണക്കള്ളക്കടത്തിന്റെ ഉള്ളറകളും ചര്‍ച്ചയാകുന്നില്ല. കേരളത്തിക്കെത്തുന്ന കള്ളക്കടത്ത് സ്വര്‍ണം ആര്‍ക്ക് വേണ്ടിയാണെന്ന അന്വേഷണത്തിലേക്കും ചര്‍ച്ചകളെത്തുന്നില്ല. സ്വര്‍ണ്ണക്കടത്തിലെ കണ്ണികളിലേക്ക് വാദങ്ങള്‍ ചുരുങ്ങുമ്പോള്‍ സ്വര്‍ണ്ണം ആര്‍ക്ക് വേണ്ടി കടത്തിയെന്ന ചോദ്യവും ബാക്കിയാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലെ വിമാനത്താവളങ്ങളിലെ സ്വര്‍ണക്കള്ളക്കടത്തിന്റെ വഴികളെക്കുറിച്ച് ദ ക്യു നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍. .

ചിലപ്പോള്‍ ശരീരത്തില്‍. അല്ലെങ്കില്‍ എന്തെങ്കിലും വസ്തുക്കളില്‍. ക്വാണ്ടത്തിലൊക്കെ കടത്തും. സ്‌ക്രീനിംഗ് ടെസ്റ്റ് ഉള്‍പ്പെടെ നടത്തി സുരക്ഷിതമായി എത്തിക്കാനുള്ള സംവിധാനം ഉണ്ട്

ഒറ്റിയും തെറ്റിയും രക്ഷപ്പെടുന്ന വമ്പന്‍മാര്‍

കേരളത്തിലെ ഒരു വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത് വിദേശത്ത് നിന്നും കൊണ്ടു വരാന്‍ അനുവദിച്ചിട്ടുള്ളതിന് തൊട്ട് മുകളിലുള്ള അളവിലുള്ള സ്വര്‍ണം. സ്വര്‍ണക്കടത്തുകാരുടെ പടം ഉള്‍പ്പെടെ മാധ്യമങ്ങളില്‍ വാര്‍ത്തയായി. യഥാര്‍ത്ഥത്തില്‍ ആ ഫ്‌ളൈറ്റില്‍ കേരളത്തിലേക്കെത്തിയത് മൂന്ന് കിലോ സ്വര്‍ണ്ണമായിരുന്നു. പിടിയിലായവരെ ഒറ്റിയത് സ്വര്‍ണക്കടത്തുകാരായിരുന്നു. ഒരേ സംഘത്തിലുള്ളവര്‍.അധികൃതരുടെ ശ്രദ്ധ ചെറുകടത്തുകാരിലേക്ക് കേന്ദ്രീകരിച്ചപ്പോള്‍ യഥാര്‍ത്ഥ കടത്തുകാര്‍ സുരക്ഷിതമായി വിമാനത്താവളം വിട്ടു. സ്വര്‍ണക്കടത്തിന്റെ ഒരു വഴി മാത്രമാണിതെന്ന് സംഘത്തില്‍ കണ്ണിയായ യുവാവ് പറയുന്നു.

'സംഘത്തില്‍ കുറച്ച് അധികം പേരുണ്ടാകും. മൂന്നാഴ്ച വരെ ഗള്‍ഫ് രാജ്യങ്ങളില്‍ നില്‍ക്കും. വിമാന ടിക്കറ്റും 20,000 രൂപയുമാണ് ലഭിക്കുക. റിസ്‌ക് കൂടുതലാണെങ്കില്‍ 60,000 രൂപ വരെ ലഭിക്കും. സ്വര്‍ണ്ണം സെറ്റ് ചെയ്ത് തരും. ചിലപ്പോള്‍ ശരീരത്തില്‍. അല്ലെങ്കില്‍ എന്തെങ്കിലും വസ്തുക്കളില്‍. ക്വാണ്ടത്തിലൊക്കെ കടത്തും. സ്‌ക്രീനിംഗ് ടെസ്റ്റ് ഉള്‍പ്പെടെ നടത്തി സുരക്ഷിതമായി എത്തിക്കാനുള്ള സംവിധാനം ഉണ്ട്'.

ദരിദ്ര കുടുംബങ്ങളിലെ തൊഴില്‍രഹിതരായ യുവാക്കളെയാണ് സ്വര്‍ണക്കടത്ത് സംഘം വലയിലാക്കുന്നത്. ഗള്‍ഫ് നാടുകളില്‍ ചുറ്റിക്കറങ്ങാനും കുറഞ്ഞ ദിവസത്തിനുള്ളില്‍ കൂടുതല്‍ പണം ലഭിക്കുമെന്നതുമാണ് ആകര്‍ഷക ഘടകമെന്ന് ഇവര്‍ പറയുന്നു. സ്വര്‍ണം സുരക്ഷിതമായി എത്തിക്കുന്നതിന് ഉദ്യേഗസ്ഥരുടെ സഹായവും ലഭിക്കാറുണ്ട്. പുറത്തെത്തിച്ചു കഴിഞ്ഞാല്‍ സംഘത്തിലുള്ളവര്‍ സ്വര്‍ണം കൈപ്പറ്റും. എവിടേക്കാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ സംഘത്തിലെ ഭൂരിപക്ഷം ആളുകള്‍ക്കും അറിവുണ്ടാകില്ല. കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തുന്നത് വടക്കന്‍ കേരളത്തിലെ ജ്വല്ലറികളിലേക്ക് വേണ്ടിയാണെന്നാണ് ഇവര്‍ പറയുന്നത്. വിമാനത്താവളത്തിലെ സ്‌ക്രീനിംഗ് ടെസ്റ്റ് ഗള്‍ഫിലുള്ള സംഘമാണ് നടത്തിക്കൊടുക്കുന്നത്. സ്വര്‍ണം ഉരുക്കി രൂപം മാറ്റി ക്വാണ്ടത്തിലാക്കുന്നത് പോലെയുള്ള കാര്യങ്ങളാണ് ചെയ്യുന്നത്.

വിമാന ടിക്കറ്റും 20,000 രൂപയുമാണ് ലഭിക്കുക. റിസ്‌ക് കൂടുതലാണെങ്കില്‍ 60,000 രൂപ വരെ ലഭിക്കും. സ്വര്‍ണ്ണം സെറ്റ് ചെയ്ത് തരും

സംഘത്തില്‍ കണ്ണിയായ യുവാവ്

സ്ത്രീകളും കണ്ണികള്‍

സ്ത്രീകളും സംഘത്തില്‍ കണ്ണികളാണ്. ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ചാണ് ഇവര്‍ കൊണ്ടു വരുന്നത്. കാലിലും വയറിലും കെട്ടിവെച്ചും സ്വര്‍ണമെത്തിക്കും. മലദ്വാരത്തിലൂടെയാണ് ഏറ്റവും സുരക്ഷിതം. മാസത്തില്‍ മൂന്നും നാലും തവണ ഗള്‍ഫ് രാജ്യങ്ങളില്‍ പോയി വരുന്നവരും ഇക്കൂട്ടത്തിലുണ്ട്. കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളിലൂടെയും സംസ്ഥാനത്തേക്ക് സ്വര്‍ണമെത്തിക്കുന്നുണ്ട്. കര്‍ശന പരിശോധനയില്ലാത്ത വിമാനത്താവളങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. സ്വര്‍ണം സംഘത്തിലുള്ളവര്‍ ശേഖരിച്ചു കഴിഞ്ഞാല്‍ വാഹകരെ ട്രെനിലോ സ്വകാര്യ വാഹനങ്ങളിലോ നാട്ടിലേക്ക് അയക്കും. സ്വര്‍ണം അതിര്‍ത്തി കടന്ന് സംസ്ഥാനത്തെത്തും.

ടിക്കറ്റിന് പോലും കാശില്ലാത്തവരും

സ്വന്തം നാട്ടിലേക്കെത്താന്‍ വിമാന ടിക്കറ്റിന് പോലും കാശില്ലാത്തവരും ഈ നിയമവിരുദ്ധ മാര്‍ഗത്തില്‍ പങ്കാളികളാകുന്നുണ്ട്. ടിക്കറ്റിന് പുറമേ കിട്ടുന്ന തുകയും ആശ്വാസമായി കാണുന്നുവെന്നാണ് ഇവര്‍ പറയുന്നത്. കൊവിഡ് പ്രതിസന്ധി കാരണം മടങ്ങിയെത്തിയ പ്രവാസികള്‍ ഇങ്ങനെ പിടിയിലായിരുന്നു. സംഘത്തില്‍ കണ്ണികളായി സ്വര്‍ണ്ണം കടത്തുന്നവര്‍ തഴക്കം വരുന്നതോടെ സ്വന്തം നിലയില്‍ എത്തിക്കാന്‍ തുടങ്ങും. ഇതോടെയാണ് പലരും പിടിക്കപ്പെട്ട് തുടങ്ങുന്നത്. നേരത്തെയുണ്ടായിരുന്ന സംഘത്തിലുള്ളവര്‍ തന്നെയായിരിക്കും ഒറ്റുകാരും. മാസങ്ങള്‍ക്ക് മുമ്പ് സംഘത്തില്‍ നിന്നും പിരിഞ്ഞ് മകളുടെ വിവാഹത്തിനായി സ്വര്‍ണ്ണം എത്തിച്ച പിതാവ് പിടിയിലായി. 45 ലക്ഷത്തിന്റെ സ്വര്‍ണ്ണമാണ് അന്ന് പിടികൂടിയത്. കൂട്ടത്തിലുള്ളവരായിരുന്നു ഒറ്റിയതെന്നാണ് സംശയിക്കുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in