ഒറ്റപ്പെടുത്തിയവരോടും ഇപ്പോഴും അകറ്റിനിര്‍ത്തുവരോടും ഇതാണ് രതീഷിന്റെ മറുപടി,കൊവിഡ് ബാധിതനായ തൃശൂര്‍ സ്വദേശിയുടെ മാതൃക

ഒറ്റപ്പെടുത്തിയവരോടും ഇപ്പോഴും അകറ്റിനിര്‍ത്തുവരോടും ഇതാണ് രതീഷിന്റെ മറുപടി,കൊവിഡ് ബാധിതനായ തൃശൂര്‍ സ്വദേശിയുടെ മാതൃക

കൊവിഡ് ബാധിതര്‍ പ്ലാസ്മ തെറാപ്പിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്നറിഞ്ഞപ്പോള്‍ ഹൃദയം നിറഞ്ഞ് ആശ്വസിക്കുന്ന മറ്റൊരാളുണ്ട്. ഒല്ലൂര്‍ സ്വദേശി എം കെ രതീഷ്. കൊവിഡ് ബാധിതനാകുന്നതിന് മുന്നേ തന്നെ നേരിട്ട ഒറ്റപ്പെടുത്തലില്‍ നിന്നും കുറ്റാരോപണങ്ങളില്‍ നിന്നുള്ള മോചനം കൂടിയാണ് രതീഷിന് ഈ വാര്‍ത്ത. അവിടെയും തീരുന്നില്ല, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിക്ക് പ്ലാസ്മ നല്‍കിയതും രതീഷാണ്.

കൊവിഡ് മുക്തി നേടിയവരുടെ പ്ലാസ്മയാണ് ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്നത്. നാളെ ആര്‍ക്ക് കൊവിഡ് ബാധയുണ്ടായാലും പേടിക്കേണ്ടതില്ലെന്ന് ബോധ്യപ്പെടുത്താനാണ്പ്ലാസ്മ തെറാപ്പിയുടെ ഭാഗമായതെന്ന് രതീഷ്. ചുരുങ്ങിയ സമത്തിനുള്ളില്‍ അത്രയേറെ ഒറ്റപ്പെടുത്തലുണ്ടായി. രോഗം മാറിയിട്ടും പലരും അകറ്റി നിര്‍ത്തുകയാണ്.ചെന്നൈയില്‍ സ്വര്‍ണ്ണപ്പണിയാണ് രതീഷിന്. ലോക് ഡൗണിന് ശേഷം ചെന്നൈയില്‍ രോഗവ്യാപനം കൂടിയപ്പോഴാണ് നാട്ടിലേക്ക് മടങ്ങിയത്. കൂടെ ജോലി ചെയ്തിരുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഈ സമയത്ത് അവരവരുടെ നാട്ടിലേക്ക് തിരിച്ചുപോയിരുന്നു. കേരളത്തിലേക്ക് വരാന്‍ നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരുന്നു. കൂട്ടുകാരനൊപ്പം ബൈക്കിലായിരുന്നു നാട്ടിലേക്കുള്ള മടക്കം. ഭക്ഷണം കഴിക്കാനും പ്രാഥമികാവശ്യങ്ങള്‍ക്കും വേണ്ടി പലയിടത്തും ഇറങ്ങി. വാളയാര്‍ ചെക്ക് പോസ്റ്റിലെത്തി പരിശോധിച്ചപ്പോള്‍ കൂട്ടുകാരന് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടു. അപ്പോള്‍ തന്നെ പാലക്കാട് കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി.

വീട്ടില്‍ ക്വാറന്റീനില്‍ കഴിയാനാണ് രതീഷിനോട് നിര്‍ദേശിച്ചത്. അവിടെ മുതലാണ് കാര്യങ്ങളുടെ തകിടം മറിച്ചില്‍. രതീഷിനെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയെന്നായിരുന്നു നാട്ടിലെ പ്രചരണം. രണ്ട് ദിവസം കഴിഞ്ഞാണ് സാമ്പിള്‍ പരിശോധനയും പിന്നീട് ചാലക്കുടി ആശുപത്രിയില്‍ നിരീക്ഷണത്തിലാകുന്നതും. പിറ്റേ ദിവസം രതീഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അന്ന് വൈകീട്ട് കൊവിഡ് സ്ഥിരീകരിച്ചു.

വാട്സ്ആപ്പിലൂടെ പല മെസ്സേജുകളും നാട്ടില്‍ പ്രചരിപ്പിച്ചു. ജനപ്രതിനിധിയായിരുന്നു അത് ചെയ്തത്. സൂപ്പര്‍മാര്‍ക്കറ്റിലും ഹോട്ടലിലും ബന്ധുവീട്ടിലും ഒക്കെ ഞാന്‍ പോയെന്നായിരുന്നു വ്യാജപ്രചരണം. ഞാന്‍ നേരെ വീട്ടിലേക്കാണ് വന്നത്. പിന്നീട് രോഗം മാറിയിട്ടും നാട്ടില്‍ ഇറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി. ഇപ്പോഴും എല്ലാവരും അകറ്റി നിര്‍ത്തുകയാണ്
രതീഷ്

കൊവിഡ് വാര്‍ഡില്‍ ചികിത്സ ലഭിച്ചശേഷം ജൂണ്‍ ഏഴിന് ആശുപത്രി വിട്ട രതീഷ് 14 ദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞു. ഇതിനിടെയാണ് പ്ലാസ്മ നല്‍കാമോയെന്ന് ചേദിച്ച് മെഡിക്കല്‍ കോളേജില്‍ നിന്നും വിളി വന്നത്. തന്റെ ആരോഗ്യത്തിന് പ്രശ്നമില്ലെങ്കില്‍ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ എന്തിന് മടിക്കണമെന്നാണ് ആലോചിച്ചത്. ആന്റിബോഡി എടുത്താല്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന ആള്‍ക്ക് ഗുണം ചെയ്യുമെന്ന് ഡോക്ടര്‍ വിളിച്ച് പറഞ്ഞു. കിറ്റിന് നല്ല കാശ് ചെലവുള്ളതാണ്. രക്തം എടുത്ത് തുടങ്ങിയതിന് ശേഷം പിന്‍മാറിയാല്‍ മറ്റാര്‍ക്കും ആ കിറ്റ് പിന്നെ ഉപയോഗിക്കാന്‍ പറ്റില്ല. രോഗിയുടെ നില വഷളായതിനാല്‍ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്താന്‍ ആവശ്യപ്പെട്ടു. ജൂണ്‍ 30ന് വൈകീട്ട് തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തി. പിന്നീടുള്ള ദിവസങ്ങളില്‍ ആരോഗ്യസ്ഥിതി തിരക്കി ആശുപത്രിയില്‍ നിന്നും ഫോണ്‍ വരാറുണ്ടെന്നും രതീഷ്.

എന്നെക്കൊണ്ട് മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനാകുമെങ്കില്‍ ഈ ഘട്ടത്തില്‍ അത് ചെയ്യണമെന്ന് കരുതി. അതിന് ശേഷം കൂട്ടുകാരെ ഈ വിവരം അറിയിച്ചു. നമ്മുടെ കൂടെയുള്ളവരെങ്കില്‍ കാര്യങ്ങളുടെ നിജസ്ഥിതി മനസിലാകണമല്ലോ.
രതീഷ്

എന്താണ് കണ്‍വാലസന്റ് പ്ലാസ്മ

പ്ലാസ്മരോഗമുക്തി നേടിയ ആളില്‍ നിന്നും പ്ലാസ്മ എടുക്കുന്നതിനാണ് കണ്‍വാലസന്റ് എന്ന് പറയുന്നത്. കൊവിഡ് രോഗം മാറിയ വ്യക്തിയില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്മയില്‍ രോഗാണുവിനെതിരായ ആന്റി ബോഡി ഉണ്ടാകും. ആ ആന്റി ബോഡിയുള്ള പ്ലാസ്മ കൊവിഡ് രോഗിക്ക് നല്‍കുമ്പോള്‍ വൈറസിനെതിരെ പ്രവര്‍ത്തിക്കും. 200 എംഎല്‍ ഉള്ള രണ്ട് ഡോസ് നല്‍കും. അഫറസിസ് യന്ത്രം ഉപയോഗിച്ചാണ് രക്തം എടുക്കുന്നത്. ആവശ്യമുള്ള ഘടകം കൂടിയ അളവില്‍ എടുക്കാന്‍ കഴിയും എന്നതാണ് ഈ മെഷീന്റെ പ്രത്യേകത. പ്ലാസ്മ മാത്രം എടുത്ത് രക്തത്തിലെ ബാക്കി ഘടകങ്ങള്‍ ദാതാവിന്റെ ശരീരത്തിലേക്ക് തിരികെ കയറ്റാന്‍ പറ്റും. 400 എംഎല്‍ ആണ് ഒരു രോഗിക്ക് ആവശ്യമുള്ളത്.

സാധാരണ രക്തം എടുക്കുമ്പോള്‍ 350 എംഎല്‍ രക്തം എടുത്താല്‍ 180 എംഎല്‍ പ്ലാസ്മ മാത്രമാണ് ലഭിക്കുക. 200 എംഎല്‍ ഒരു തവണ മാത്രം കൊവിഡ് രോഗിക്ക് നല്‍കേണ്ടി വരും.
ടി സത്യനാരായണന്‍ ,സയന്റിഫിക് അസിസ്റ്റന്റ്,ബ്ലഡ് ബാങ്ക്

ജര്‍മ്മനിയില്‍ നിന്നും ഇറക്കുമതി ചെയ്ത 20ലക്ഷം രൂപ വിലവരുന്ന യന്ത്രമാണിത്. ആദ്യ ഡോസ് നല്‍കിയതിന് ശേഷം രോഗിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റാന്‍ കഴിഞ്ഞുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരുമാസത്തിനിടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മൂന്ന് രോഗികള്‍ക്കാണ് പ്ലാസ്മ തെറാപ്പി ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in