ജനം പട്ടിണി കിടക്കുമ്പോള്‍ ബിലീവേഴ്സ് ചര്‍ച്ചിന് കോടികള്‍ കൊടുക്കാനുള്ള നീക്കം,വിമാനത്താവളം കോവിഡിനിടയിലെ ഭൂമിക്കച്ചവടമെന്ന് സുശീലഭട്ട്

ജനം പട്ടിണി കിടക്കുമ്പോള്‍ ബിലീവേഴ്സ് ചര്‍ച്ചിന് കോടികള്‍ കൊടുക്കാനുള്ള നീക്കം,വിമാനത്താവളം കോവിഡിനിടയിലെ ഭൂമിക്കച്ചവടമെന്ന് സുശീലഭട്ട്

കോവിഡ് കാരണം ജനം പട്ടിണി കിടക്കുമ്പോള്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കുകയാണ് സര്‍ക്കാരെന്ന് മുന്‍ സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീല ഭട്ട്. ബിലീവേഴ്‌സ് ചര്‍ച്ചിന് നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഖജനാവിന് കോടാനുകോടികളുടെ ബാധ്യതയുണ്ടാക്കും.

കോവിഡും പ്രളയവുമെല്ലാം കാരണം ജനം ഞെരുങ്ങി ജീവിക്കുകയാണ്. ഒരുനേരത്തെ ഭക്ഷണം പോലും കിട്ടാതെ വലയുകയാണ്. ആ സമയത്താണ് പുതിയ വിമാനത്താവളം നിര്‍മ്മിക്കുന്നത്. ഉള്ളവയില്‍ തന്നെ യാത്രക്കാരില്ല. ഒരു വെള്ളാന കൂടി പണിയുകയാണ് സര്‍ക്കാര്‍. ഭൂമിക്കച്ചവടം മാത്രമാണ് ലക്ഷ്യം.

കോവിഡില്‍ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തുകാണ് ആദ്യം ചെയ്യേണ്ടത്. എന്നാലല്ലേ വിമാനത്തില്‍ കയറാന്‍ ആളുണ്ടാകുകയുള്ളു. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുമ്പോഴും എന്തിനാണ് കോടികളുടെ ബാധ്യതയുണ്ടാക്കുന്നത്.
സുശീല ഭട്ട്

വിദേശ കമ്പനിയുടെ പേരാണ് റവന്യുരേഖകളില്‍ ഇപ്പോഴും ഉള്ളത്. അതിലാണ് നികുതിയടക്കുന്നത്. രേഖപ്രകാരം നഷ്ടപരിഹാരം നല്‍കേണ്ടത് ചത്തുപോയ ആ കമ്പനിക്കാവും. ഭൂമിയുടെ മേല്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ അവകാശവാദം അംഗീകരിക്കാനാവില്ല. വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന ഉത്തരവില്‍ തര്‍ക്കഭൂമിയാണെന്ന് കാണിച്ചത് ബിലീവേഴ്‌സ് ചര്‍ച്ചിനെ സഹായിക്കാനാണ്. ഇങ്ങനെ നഷ്ടപരിഹാരം കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം നിയമവിരുദ്ധമാണ്. അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയവരെ സാമ്പത്തികമായി സഹായിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. സര്‍ക്കാറില്‍ നിക്ഷിപ്തമാണ് ഉടമസ്ഥാവകാശം എന്നായിരുന്നു ആദ്യം വാദിച്ചിരുന്നത്. അങ്ങനെയെങ്കില്‍ ലാന്റ് അക്വിസിഷന്‍ ആക്ടിന്റെ പരിധിയില്‍ പരില്ല. പൊതു ആവശ്യത്തിനായി ഉപയോഗിക്കാന്‍ ഏറ്റെടുക്കേണ്ടതില്ല. ആ നിയമം സ്വകാര്യ വ്യക്തികള്‍ക്ക് മാത്രം ബാധകമാണെന്നും സുശീല ഭട്ട് ചൂണ്ടിക്കാണിച്ചു.

ചെറുവള്ളി എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്ന് കാണിച്ച് പാലാ കോടതിയെ സമീപിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഭൂമി തര്‍ക്കഭൂമിയാണെന്ന് റവന്യു സെക്രട്ടറിക്ക് എങ്ങനെ പറയാന്‍ കഴിയും. തര്‍ക്കഭൂമിയാണെന്ന് കാണിച്ച് ഉത്തരവിറക്കിയാല്‍ മാത്രമേ നഷ്ടപരിഹാരം നല്‍കാന്‍ കഴിയുള്ളു. തര്‍ക്കഭൂമി എന്നത് ഇവിടെ ബാധകമല്ല.

ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന് മുന്നില്‍ തടസ്സങ്ങളില്ല. ഓര്‍ഡിനന്‍സ് വഴി ഏറ്റെടുക്കാം.
സുശീല ഭട്ട്

ഹാരിസണ്‍ ഭൂമിയും ശബരിമല വിമാനത്താവളവും

നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി തിരുവല്ല ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെയാണ് വിവാദം ആരംഭിക്കുന്നത്. മണിമലയിലും എരുമേലിയിലുമായി കിടക്കുന്ന 2200 ഏക്കര്‍ എസ്റ്റേറ്റ് ഹാരിസണ്‍ മലയാളം പ്ലാന്റേഷന് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയതായിരുന്നു. തേയില, കാപ്പി, കശുമാവ്, കുരുമുളക് എന്നീ കൃഷികളായിരുന്നു ആദ്യകാലത്തെങ്കില്‍ പിന്നീടിത് ഏഷ്യയിലെ പ്രധാന റബ്ബര്‍ എസ്റ്റേറ്റായി മാറി. ഔദ്യോഗിക കണക്ക് പ്രകാരം 2263.18 ഏക്കര്‍ ഭൂമിയാണുള്ളത്. ആര്‍ പി ജി ഗോയങ്കയ്ക്ക് ഹാരിസണ്‍ ഭൂമി കൈമാറി. 2005ല്‍ ബിലീവേഴ്സ് ചര്‍ച്ച് എസ്റ്റേറ്റ് വാങ്ങി. കോട്ടയം ജില്ലാ കളക്ടര്‍ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കിയിരുന്നു.

2015 മെയ് 28ന് ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള സ്പെഷ്യല്‍ ഓഫീസര്‍ എം ജി രാജമാണിക്യമായിരുന്നു ഉത്തരവിറക്കിയത്. 2010 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ടായിരുന്നു. രാജമാണിക്യം 38171 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. ഹാരിസണ്‍ വിറ്റ ഭൂമികളായ ചെറുവള്ളി എസ്റ്റേറ്റ്. ബോയസ്, അമ്പനാട്, റിയ എന്നിവയും ഉള്‍പ്പെടെയാണിത്. വന്‍കിടക്കാരുടെ കൈവശഭൂമി തിരിച്ചുപിടിക്കാന്‍ നിയമനിര്‍മാണം വേണമെന്ന് രാജമാണിക്യം ശുപാര്‍ശ ചെയ്തു. ഇത് സാധിക്കില്ലെന്നായിരുന്നു നിയമ സെക്രട്ടറിയായിരുന്ന ബി ജി ഹരീന്ദ്രനാഥിന്റെ റിപ്പോര്‍ട്ട്.

38000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി ഹൈക്കോടതി 2018 ഏപ്രിലില്‍ നിര്‍ത്തിവെപ്പിച്ചു. രാജമാണിക്യം റിപ്പോര്‍ട്ടും റദ്ദാക്കി. തോട്ടത്തില്‍ സി രാധാകൃഷ്ണന്‍, വി പി രാമകൃഷ്ണപ്പിള്ള എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് 2013 ഫെബ്രുവരി 28ന് ഭൂമി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

വികസന പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് എതിരല്ലെന്നാണ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ നേരത്തെ മുതലുള്ള നിലപാട്. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ചര്‍ച്ചിനാണെന്ന് സര്‍ക്കാര്‍ അംഗീകരിക്കണം. ഇന്നലെ ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിറക്കിയതോടെ ഇതേ വാദമുയര്‍ത്തി സഭ രംഗത്തെത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in