കൊവിഡ് അണുനാശിനി സ്‌പ്രേ അശാസ്ത്രീയം; എതിര്‍പ്പുമായി വിദഗ്ധര്‍

കൊവിഡ് അണുനാശിനി സ്‌പ്രേ അശാസ്ത്രീയം; എതിര്‍പ്പുമായി വിദഗ്ധര്‍

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അണുനാശിനി സ്‌പ്രേ ചെയ്യുന്നതിനെതിരെ വിദഗ്ധര്‍ രംഗത്ത്. അശാസ്ത്രീയ രീതിയാണിത്. രോഗപ്രതിരോധത്തെക്കുറിച്ച് തെറ്റായ സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുകയെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. വൈറസിനെ നശിപ്പിക്കുന്നതിനായി സംസ്ഥാനത്ത് പലയിടത്തും സോഡിയം ഹൈപ്പോ ക്ലോറൈറ്റ് സ്‌പ്രേ ചെയ്യുന്ന സാഹചര്യത്തിലാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

ലോകാരോഗ്യ സംഘടന, അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ എന്നിവയുടെ രോഗാണുനാശന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഇന്ത്യയടക്കം ലോകരാജ്യങ്ങളില്‍ അനുവര്‍ത്തിക്കുന്നത്. അതില്‍ സോഡിയം ഹൈപ്പോ ക്‌ളോറൈറ്റോ ഹൈഡ്രജന്‍ പെറോക്‌സൈഡോ അണുനാശനപ്പുകയ്ക്ക് ഉപയോഗിക്കാമെന്ന് പറയുന്നില്ല.

ശാസ്ത്ര സാഹിത്യ പരിഷത്ത്

സംസ്ഥാനാതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകളിലും ആളുകള്‍ കൂടുതലായി എത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളിലും പച്ചക്കറി ചന്തകളിലും അണുനാശക തുരങ്കം സ്ഥാപിക്കുന്നുണ്ട്. ഇതിലൂടെ ആളുകളെ കടത്തി വിട്ട് അണുവിമുക്തരാക്കുകയാണെന്നാണ് അവകാശപ്പെടുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങളില്‍ ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ അണുനാശിനി തളിക്കുന്നുണ്ട്. എന്നാല്‍ കൊവിഡ് രോഗം പടരുന്നതിന് കാരണമായ കൈകളിലെ വൈറസിനെ ഈ രീതിയിലൂടെ നശിപ്പിക്കാന്‍ കഴിയില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാണിക്കുന്നത്.

രോഗാണു ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പടരാതിരിക്കാന്‍ ഇതിലൂടെ കഴിയില്ല. അകലം പാലിക്കുക, എവിടെയും തൊടാതിരിക്കുക, കൈകള്‍ കഴുകുക, മുഖത്ത് കൈകള്‍ കൊണ്ടിരിക്കുക എന്നതിന് പകരമായിട്ടാണ് അണുനാശിനി സ്േ്രപ ചെയ്യുന്നത്. ഇങ്ങനെ സ്േ്രപ ചെയ്യുന്നതിലൂടെ രോഗിയുടെ ശരീരത്തില്‍ നിന്നും വൈറസ് പുറത്ത് പോകുന്നത് തടയാന്‍ കഴിയില്ലെന്ന് ആരോഗ്യമേഖലയിലെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത വിദഗ്ധന്‍ പറഞ്ഞു. സുരക്ഷ നല്‍കാന്‍ ഇതിലൂടെ കഴിയില്ല. ആവശ്യമില്ലാത്ത ശരീരഭാഗങ്ങളിലേക്ക് കൂടി അണുനാശിനി തളിക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹം പറയുന്നു.

അശാസ്ത്രീയമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന മിഥ്യാ-സുരക്ഷിതബോധം അപകടം ആകാന്‍ സാധ്യതയുണ്ട്. അതായത് സുരക്ഷിതമാണ് എന്ന് കരുതി ശാരീരിക അകലം പാലിക്കാതിരുന്നാല്‍, കൈകള്‍ കഴുകാതിരുന്നാല്‍, മുഖത്ത് തൊട്ടാല്‍ ഒക്കെ അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഡോക്ടര്‍ ജിനേഷ് പി എസ്

അണുനാശക തുരങ്കങ്ങളില്‍ ഉപയോഗിക്കുന്ന ഹൈഡ്രജന്‍ പെറോക്‌സൈഡും ക്ലോറിനും ത്വക്കിലും കണ്ണിലും അലര്‍ജിക്ക് കാരണമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടിയ അളവില്‍ ശ്വാസകോശത്തില്‍ എത്തിയാല്‍ ന്യൂമോണിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കും ഇടയാക്കും. അപകട സാധ്യതയ്‌ക്കൊപ്പം സാമ്പത്തിക ചെലവുണ്ടാക്കുന്നതുമായ പദ്ധതിയില്‍ നിന്ന് പിന്‍മാറണമെന്നാണ് വിദഗ്ധരുള്‍പ്പെടെ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in