SPECIAL REPORT

സര്‍ക്കാര്‍ ജീവനക്കാരുടെ അഭിപ്രായസ്വാതന്ത്ര്യത്തില്‍ ‘മാഗ്ന കാര്‍ട്ട’യായി അനില്‍കുമാര്‍ കേസ് ; ചരിത്രവിധി അടിസ്ഥാനമായി 4 ഉത്തരവുകള്‍  

മഹാത്മാഗാന്ധി സര്‍വകലാശാലയ്‌ക്കെതിരെ അനില്‍കുമാര്‍ എ.പി എന്ന സെക്ഷന്‍ ഓഫീസര്‍ ഹൈക്കോടതിയില്‍ നിന്ന് രണ്ടുതവണ സമ്പാദിച്ച ചരിത്രവിധി അടിസ്ഥാനമാക്കി രാജ്യത്ത് നാല് സുപ്രധാന ഉത്തരവുകള്‍ കൂടി. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യുന്നതിനെതിരെയാണ് രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍ നിന്ന് നിര്‍ണായക വിധിപ്രസ്താവങ്ങളുണ്ടായിരിക്കുന്നത്. ഗവണ്‍മെന്റ് ജീവനക്കാരനായതിന്റെ പേരില്‍ പൗരന്‍മാര്‍ക്കുള്ള അഭിപ്രായസ്വാതന്ത്ര്യമെന്ന മൗലികാവകാശത്തില്‍ കുറവുവരുന്നില്ലെന്ന് നിരീക്ഷിച്ചാണ് എഫ് ബി പോസ്റ്റിന്റെ പേരിലുള്ള അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി രണ്ടുതവണയും റദ്ദാക്കിയത്. സമാനരീതിയില്‍ ത്രിപുര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരടക്കം നാലുപേര്‍ക്കെതിരായ അച്ചടക്ക നടപടി അതാത് ഹൈക്കോടതികള്‍ ഇതിനകം പിന്‍വലിച്ചു.

Also Read: ‘അനില്‍കുമാറിനെ ഉടന്‍ തിരിച്ചെടുക്കണം’ ; എഫ്ബി പോസ്റ്റിന്റെ പേരില്‍ എംജി വിസി വിധിച്ച സസ്‌പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി 

കാസര്‍കോട് കേന്ദ്ര സര്‍വകാലാശാലയിലെ ഡോ. പ്രസാദ് പന്ന്യന്‍, കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പ്രശാന്ത്, മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രവീണ്‍, ത്രിപുര ഫിഷറീസ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ലിപിക പോള്‍ എന്നിവര്‍ക്കാണ് അനില്‍കുമാര്‍ കേസിലെ വിധി തുണയായത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇവര്‍ക്കെതിരെയുണ്ടായ സസ്‌പെന്‍ഷനുകള്‍ കോടതികള്‍ റദ്ദാക്കുകയായിരുന്നു. ദളിത് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്‌ ചോദ്യം ചെയ്തുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് ഡോ. പ്രസാദ് പന്ന്യനെ ഇംഗ്ലീഷ് താരതമ്യ സാഹിത്യ പഠന വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഫയര്‍ അലാറത്തിന്റെ ചില്ലുപൊട്ടിച്ചെന്ന് ആരോപിച്ചാണ് തെലങ്കാനയില്‍ നിന്നുള്ള ഭാഷാശാസ്ത്ര വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ത്ഥി ഗന്തോട്ടി നാഗരാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിയെ പിന്‍തുണച്ച് പോസ്റ്റിട്ടപ്പോള്‍ സര്‍വകലാശാല അദ്ദേഹത്തെ വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു എന്നാരോപിച്ചാണ് പ്രശാന്തിനെതിരെ നടപടിയെടുത്തത്. അനില്‍കുമാര്‍ കേസ് പരിഗണിച്ച ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബഞ്ചില്‍ നിന്നാണ് ഇവര്‍ക്ക് അനുകൂലമായ വിധികളുമുണ്ടായത്. മേലുദ്യോഗസ്ഥനെ ചോദ്യം ചെയ്ത് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടു എന്ന് കാണിച്ചാണ് പ്രവീണ്‍ എന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ ജീവനക്കാരന് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നത്. വിരമിക്കാന്‍ നാല് ദിവസം ശേഷിക്കെ ഒരു പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുകയും അതേക്കുറിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പ് ഇടുകയും ചെയ്തതിന്റെ പേരിലാണ് ലിപിക പോള്‍ എന്ന ത്രിപുരക്കാരിക്ക് നേരെ നടപടിയുണ്ടായത്. എന്നാല്‍ അനില്‍കുമാര്‍ കേസ് വിധി ആധാരമായി ചൂണ്ടിക്കാട്ടി യഥാക്രമം ബോംബെ ഹൈക്കോടതിയും ത്രിപുര ഹൈക്കോടതിയും സസ്‌പെന്‍ഷന്‍ റദ്ദാക്കുകയായിരുന്നു.

Also Read: അനില്‍കുമാറിന്റെ സസ്‌പെന്‍ഷന് പിന്നില്‍ പ്രമോഷന്‍ തടയല്‍, ചരടുവലിക്കുന്നത് ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെന്നും ആരോപണം 

അനില്‍കുമാര്‍ വേഴ്‌സസ് എംജി യൂണിവേഴ്‌സിറ്റി കേസ് ഇങ്ങനെ

2018 ലും 2019 ലുമായിരുന്നു വിധിക്ക് ആസ്പദമായ കേസുകള്‍.രണ്ടുതവണയും അനില്‍കുമാറിന്റെ വിശദീകരണം തേടാതെയായിരുന്നു സസ്‌പെന്‍ഷന്‍. ഇടതുസംഘടനയായ എംജി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ടായിരുന്നു ആദ്യ തവണത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നാല്‍ അനില്‍കുമാര്‍ സര്‍വകലാശാലയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് കാണിച്ച് സസ്‌പെന്‍ഡ് ചെയ്തു. രണ്ടാംതവണ ശാന്തിവനം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റിന്റെ പേരിലായിരുന്നു നടപടി. മന്ത്രി എംഎം മണിയെയും എസ് ശര്‍മ എംഎല്‍എയെയും ഇതിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നും സര്‍വകലാശാലയ്ക്ക് കളങ്കം വരുത്തിയെന്നുമായിരുന്നു വാദം.സമൂഹ മാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ മൗലികാവകാശത്തിന്റെ പരിധിയില്‍ വരില്ലെന്നും വാദിച്ചിരുന്നു. എന്നാല്‍ ഭരണഘടന അനുശാസിക്കുന്ന അഭിപ്രായസ്വാതന്ത്ര്യമെന്ന മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്ന് നിരീക്ഷിച്ച് രണ്ട് തവണയും ഹൈക്കോടതി ഈ വാദങ്ങള്‍ തള്ളുകയും തിരിച്ചെടുക്കാന്‍ ഉത്തരവിടുകയും ചെയ്തു.

Also Read: ‘ചരിത്രവിധി’യില്‍ പാഠം പഠിക്കാത്ത എംജി ; സസ്‌പെന്‍ഷനിനെതിരെ നിയമപോരാട്ടം കടുപ്പിക്കാന്‍ അനില്‍കുമാര്‍ 

ആദ്യ തവണത്തെ ചരിത്രവിധിയില്‍ നിന്ന് പാഠം പഠിക്കാതെയാണ് രണ്ടാം തവണയും എംജി നടപടിയെടുത്തതെന്നതും വിചിത്രം.ആദ്യ തവണ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബഞ്ചില്‍ നിന്നും രണ്ടാം തവണ ജഡ്ജ് പിവി ആശയുടെ ബഞ്ചില്‍ നിന്നുമാണ് അനില്‍കുമാര്‍ അനുകൂല വിധി നേടിയത്. ഈ വിധി ആധാരമാക്കി രാജ്യത്തെ മറ്റ് കോടതികളും സര്‍ക്കാര്‍ ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിപ്പെടണമെന്ന് പറഞ്ഞുവെയ്ക്കുമ്പോള്‍ അഭിമാനമുണ്ടെന്ന് അനില്‍കുമാര്‍ ദ ക്യുവിനോട് പ്രതികരിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്ക് യാതൊരു വിധ ന്യൂനതയും ഇല്ലെന്നുതന്നെയാണ് ഈ വിധികള്‍ ഊന്നിപ്പറയുന്നത്. സര്‍ക്കാര്‍ ജീവനക്കാരനാകുന്നതോടെ മൗലിക അവകാശങ്ങള്‍ക്ക് കുറവുവരുന്നുവെന്ന് കരുതുന്നവര്‍ക്ക് വലിയ ആഘാതമാണ് ഇവ സമ്മാനിക്കുന്നത്. സ്വാര്‍ത്ഥ-രാഷ്ട്രീയ താല്‍പര്യങ്ങളാല്‍ ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും ബലിയാടാക്കാന്‍ സാധിക്കില്ല. അഭിപ്രായ-ആവിഷ്‌കാര സ്വാതന്ത്ര്യങ്ങള്‍ക്കായി വാദിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷമാണ് തനിക്കെതിരെ നീങ്ങിയത്. അത്തരത്തില്‍ ഇടതുപക്ഷത്തിന്റെ ഇരട്ട വാദങ്ങള്‍ക്കേറ്റ കനത്ത പ്രഹരവുമാണ് ഇത്തരം വിധികള്‍.രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഗുണകരമായ വിധി ലഭിക്കാന്‍ കാരണക്കാരനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം