ശമ്പള വര്‍ദ്ധന: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പ്രതിഷേധം കടുപ്പിക്കുന്നു; 27 മുതല്‍ അനിശ്ചിതകാല സമരം

ശമ്പള വര്‍ദ്ധന: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പ്രതിഷേധം കടുപ്പിക്കുന്നു; 27 മുതല്‍ അനിശ്ചിതകാല സമരം

ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ഈ മാസം 27 മുതലാണ് സമരം. ഒ പി ബഹിഷ്‌കരിച്ച് ഇന്ന് സൂചനാസമരം നടത്തിയിരുന്നു. ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയില്‍ നിസഹകരണ സമരം നടത്താനാണ് കെജിഎംസിടിഎ ആലോചിക്കുന്നത്. രണ്ട് ദിവസത്തിനകം സമരരൂപം തീരുമാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പതിമൂന്ന് വര്‍ഷമായി ശമ്പള പരിഷ്‌കരണം നടപ്പാക്കിയില്ലെന്ന് ആരോപിച്ചാണ് ഡോക്ടര്‍മാരുടെ പ്രതിഷേധം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അധ്യാപകരുടെ സമരത്തിന് പിന്തുണയുമായി വിദ്യാര്‍ത്ഥികളുമെത്തിയിരുന്നു. അധ്യാപകരുടെ ക്ഷാമം പരിഹരിക്കുകയെന്നതാണ് ഇവരുടെ ആവശ്യം. രോഗികളുടെ എണ്ണം മറ്റ് മെഡിക്കല്‍ കോളേജുകളെ അപേക്ഷിച്ച് കൂടുതലാണെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.

അതീവശ്രദ്ധ ആവശ്യമുള്ള രോഗികളാണ് റഫറല്‍ സംവിധാനം വന്നതിന് ശേഷം മെഡിക്കല്‍ കോളേജുകളിലുള്ളത്. രോഗികളെ പരിചരിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ടി വരുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ കാര്യം ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. എംസിഐ മാനദണ്ഡ പ്രകാരമുള്ള സ്റ്റാഫ് പാറ്റേണ്‍ ഇവിടെ ഇല്ല.

ഡോക്ടര്‍ മോഹന്‍ദാസ് നായര്‍, പ്രസിഡന്റ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്

സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിഭാഗത്തിനും കമ്മിഷനെ നിയമിച്ച് അഞ്ച് വര്‍ഷം കൂടുമ്പോള്‍ ശമ്പള വര്‍ദ്ധന ലഭിക്കുന്നവരാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. യുജിസി സ്‌കെയിലിലുള്ള കോളേജ് അധ്യാപകര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ശമ്പളപരിഷ്‌കരണം ഉണ്ടാകുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളവര്‍ മാത്രമാണ് അവഗണിക്കപ്പെടുന്നതെന്നാണ് പരാതി. സമരം നടത്തി സമര്‍ദ്ദം ചെലുത്തുമ്പോള്‍ മാത്രമാണ് ശമ്പള വര്‍ദ്ധനയുണ്ടാകുന്നത്.

പ്യൂണിന്റെ അടിസ്ഥാന ശമ്പളമാണ് ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നതെന്ന് ആരോപിക്കുന്നു. 2006ലാണ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്ക് ശമ്പളപരിഷ്‌കരണം ഉണ്ടായത്. ഇതിന് ശേഷം രണ്ട് തവണ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ട് തവണ ശമ്പളം കൂട്ടിക്കിട്ടി. വീണ്ടും കമ്മീഷനെ നിയമിച്ചിരിക്കുകയാണെന്നും കെജിഎംസിടിഎ ആരോപിക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in