ഡാം ആണോ വരള്‍ച്ചയ്ക്ക് സുസ്ഥിര പരിഹാരം?; ‘കേവല’ പരിസ്ഥിതിവാദത്തിനും ശാസ്ത്രത്തിനും ഇടയില്‍ വയനാട് എന്ത് ചെയ്യണം

ഡാം ആണോ വരള്‍ച്ചയ്ക്ക് സുസ്ഥിര പരിഹാരം?; ‘കേവല’ പരിസ്ഥിതിവാദത്തിനും ശാസ്ത്രത്തിനും ഇടയില്‍ വയനാട് എന്ത് ചെയ്യണം

രൂക്ഷമായ വരള്‍ച്ചയെ നേരിടുന്ന വയനാടിനെ രക്ഷിക്കാനായി സംസ്ഥാന സര്‍ക്കാര്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്ന പദ്ധതിയിന്മേല്‍ വിവാദങ്ങളും ചര്‍ച്ചയും തുടരുകയാണ്. കബനിയില്‍ പുതിയ അണക്കെട്ട് നിര്‍മ്മിച്ച് വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാനാണ് ജലവിഭവവകുപ്പ് പദ്ധതിയിടുന്നത്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി എന്നീ പഞ്ചായത്തുകളാണ് ഏറ്റവും വരള്‍ച്ചയുള്ള പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ളത്. കാലാവസ്ഥ വ്യതിയാനം മൂലമുള്ള വരള്‍ച്ചയും ജലക്ഷാമവും പരിഹരിക്കുന്നതിനുള്ള മാര്‍ഗം അണക്കെട്ട് നിര്‍മ്മാണമാണെന്ന വാദത്തിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന പ്രദേശവാസികളും കര്‍ഷകരും പ്രതിഷേധത്തിലാണ്. പദ്ധതിയെ അനുകൂലിച്ചും ജനങ്ങളില്‍ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കേണ്ടത് ഡാം നിര്‍മ്മിച്ചല്ലെന്നും നിലവിലുള്ള വരള്‍ച്ച ലഘൂകരണ പദ്ധതിയേയും അത് പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കേവല വൈകാരികതയില്‍ ഊന്നിയുള്ള തീവ്ര പരിസ്ഥിതി വാദമല്ല ഇതെന്നും വരള്‍ച്ചയെ നേരിടേണ്ടത് ശാസ്ത്രീയമായിട്ടാണെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

മരുഭൂവത്കരണം നടക്കുന്ന പ്രദേശങ്ങളാണ് വയനാട്ടിലെ കബനീതട മേഖലയെന്ന് വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. മേഖലയിലെ 26 ശതമാനം സ്ഥലം മഴക്കാലത്തും രൂക്ഷമായ വരള്‍ച്ച നേരിടുന്ന റെഡ് കാറ്റഗറിയിലാണ്. മഴ കുറഞ്ഞതിനൊപ്പം ഭൂഗര്‍ഭജല വിതാനം താഴ്ന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഡെക്കാന്‍ പീഡഭൂമിയിലേതിനു സമാനമായ കാലാവസ്ഥയാണ് മുള്ളംകൊല്ലിയിലും പുല്‍പ്പള്ളിയിലും സമീപ വര്‍ഷങ്ങളിലുണ്ടായത്. കാര്‍ഷിക മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. വിളകളുടെ ഉല്‍പ്പാദനക്ഷമതയും കുറഞ്ഞു.

മഴ പെയ്താലും ഭൂമിയിലേക്ക് വെള്ളമിറങ്ങുന്നത് കുറഞ്ഞു. മേല്‍മണ്ണ് ഒഴുകി പോയത് ഇതിന് കാരണമായിട്ടുണ്ട്. കുരുമുളക് ഉള്‍പ്പെടെ ചെറിയ വേരുകളുള്ള എല്ലാ വിളകളുടെയും ഉല്‍പാദനം കുറയാന്‍ ഇടയായി. കുരുമുളക് കൂടുതലായി ഉല്‍പാദിപ്പിച്ചിരുന്ന പ്രദേശമായിരുന്നു ഈ പഞ്ചായത്തുകള്‍. ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ സീസണല്‍ വിളകളെയും വരള്‍ച്ച ബാധിക്കുന്നു

.പി യു ദാസ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍

ഡാമിനോട് ചേര്‍ന്നുള്ള പ്രദേശത്തെ മഴ കുറയുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബീച്ചനഹള്ളി ഡാമിന്റെ റിസര്‍വോയറിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാലാണ് കബനിതടത്തില്‍ മഴ കുറയുന്നതെന്നാണ് ഒരു വാദം. ശിരുവാണി പദ്ധതി കാരണം അട്ടപ്പാടിയിലെ പുതൂര്‍ പഞ്ചായത്തില്‍ മഴ കുറവാണെന്നും അമരാവതി ഡാമിന് സമീപത്തെ വട്ടവടയിലും ഇതേ പ്രശ്‌നമുണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

കാവേരി വെള്ളത്തര്‍ക്കവും കബനി അണക്കെട്ട് പദ്ധതികളും

പ്രളയ നിയന്ത്രണം കൂടി ലക്ഷ്യമിട്ടാണ് കടമാന്‍തോട്, ചുരണ്ടലിപ്പുഴ, നൂല്‍പ്പുഴ, കല്ലമ്പതി, തിരുനെല്ലി തോണ്ടാര്‍, പെരിങ്ങോട്ട് പുവ ഡാമുകള്‍ ആലോചിക്കുന്നതെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി അവകാശപ്പെടുന്നു. 94 ടിഎംസി ജലം കബനിയിലൂടെ കേരളത്തിന് പുറത്തേക്ക് ഒഴുകുന്നു. കാവേരി നദീജല തര്‍ക്കത്തില്‍ കേരളം 61.9 ടിഎംസി ജലമാണ് ആവശ്യപ്പെട്ടത്. ലഭിച്ചത് 21 ടിഎംസി. ബാണാസുര സാഗറിലൂടെ 5 ടിഎംസി കുറ്റ്യാടി പദ്ധതിയിലേക്കും തിരിച്ചു വിടുന്നു. ചൂണ്ടാലിപ്പുഴ, കല്ലംപതി, കടമാന്‍തോട്, ചേഗാട്ട്, നൂല്‍പ്പുഴ, തിരുനെല്ലി, തൊണ്ടാര്‍, പെരിങ്ങോട്ടുപുഴ, മഞ്ചാട്ട് എന്നീ 9 ജലവിതരണ പദ്ധതികള്‍ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ആലോചിച്ചിരുന്നതാണ്. കേരളം വെള്ളം ഉപയോഗിക്കുന്നില്ലെന്നും അത് തങ്ങള്‍ക്ക് ലഭിക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാടും കര്‍ണാടകയും ട്രൈബ്യൂണലിനെ സമീപിച്ചതോടെയാണ് കടമാന്‍തോട് പദ്ധതി വീണ്ടും സര്‍ക്കാറിന്റെ പരിഗണനയിലായത്.

കബനിയിലെ വെള്ളം ഉപയോഗിക്കുന്നതിനുള്ള കാരാപ്പുഴ പദ്ധതി 1975ല്‍ നിര്‍മ്മാണം തുടങ്ങിയെങ്കിലും 2010 ജൂണ്‍ 20നാണ് കമ്മീഷന്‍ ചെയ്തത്. സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി, മുട്ടില്‍, അമ്പലവയല്‍ പ്രദേശങ്ങളിലെ 5,221 ഹെക്ടറിലെ കൃഷിക്ക് വെള്ളമെത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പദ്ധതി യാഥാര്‍ത്ഥ്യമായപ്പോള്‍ 592 ഏക്കറിലാണ് വെള്ളമെത്തിക്കാനാവുന്നത്.

കബനിയിലെ വെള്ളമുപയോഗിക്കുന്ന മറ്റൊരു പദ്ധതിയാണ് ബാണാസുരസാഗര്‍. കബനിയുടെ കൈവഴിയായ കരമാന്‍തോടിന് കുറുകെയാണ് പദ്ധതി. കക്കയം ജലവൈദ്യുത പദ്ധതിയുടെ ഭാഗമാണിത്. 1979ലാണ് പദ്ധതി വന്നത്. 224 ഹെക്ടര്‍ വനഭൂമിയടക്കം 1,604 ഹെക്ടര്‍ പദ്ധതിക്കായി സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തു. 1.7 ടിഎംസി ജലമാണ് ജലസേചനത്തിനായി ഉപയോഗിക്കുന്നത്. ഈ രണ്ട് പദ്ധതികളും ലക്ഷ്യത്തിലെത്തിയില്ലെന്നതാണ് പുതിയ അണക്കെട്ടിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. അണ കെട്ടിയല്ല വയനാടിന്റെ മരുഭൂവത്കരണത്തെ ചെറുക്കേണ്ടതെന്ന വാദവും ശക്തമാകുന്നു.

വയനാട്ടിലെ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പഠിച്ച ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ഡോക്ടര്‍ വി പി ദിനേശന്‍ കബനിതടമാണ് രൂക്ഷമായ വരള്‍ച്ചയെ നേരിടുന്നതെന്ന് പറയുന്നു.

കേരളത്തില്‍ മഴ കുറയുന്ന പ്രദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം കബനീതടമാണ്. മുള്ളന്‍കൊല്ലിയിലും പുല്‍പ്പള്ളിയിലും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലഭിക്കുന്ന മഴ 1,800 മില്ലിമീറ്ററായിരുന്നു. ഇപ്പോള്‍ അതും പകുതിയായി കുറഞ്ഞു. കബനിയിലെ വെള്ളം കുറഞ്ഞു വരുന്നുണ്ട്. മണ്ണിലും മാറ്റം സംഭവിക്കുന്നു. പ്രകടമായ വ്യത്യാസങ്ങളുണ്ട്.

വി പി ദിനേശന്‍

വരള്‍ച്ചാ ലഘൂകരണ പദ്ധതിയെ ഡാം അട്ടിമറിക്കുമോ?

മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി, പൂതാടി പഞ്ചായത്തുകളിലെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്തുന്നതുള്‍പ്പെടെ ലക്ഷ്യമിട്ടുള്ള വരള്‍ച്ചാ ലഘൂകരണ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെയാണ് 6.98 കോടിരൂപയുടെ പദ്ധതി നടപ്പാക്കുന്നത്. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. 15,220 ഹെക്ടര്‍ സ്ഥലമാണ് പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ളത്. കടമാന്‍തോട്, കൊളവള്ളി, പന്നിക്കല്‍-പാക്കം എന്നീ ഉപനീര്‍ത്തടങ്ങളും 11 സൂക്ഷ്മ നീര്‍ത്തടങ്ങളും ഇതിലുണ്ട്. കിണര്‍ റീച്ചാര്‍ജും പദ്ധതിയിലുണ്ട്. മഴ വെള്ളം ഫില്‍റ്റര്‍ ചെയ്ത് കിണറ്റിലേക്ക് ഒഴുക്കി വിടാന്‍ കഴിയുമെന്നത് വലിയ തോതില്‍ ഗുണം ചെയ്തേക്കും.

ചൂടുകാറ്റിനെ പ്രതിരോധിക്കാനായി 10,000 നാടന്‍ വൃക്ഷതൈകള്‍ പിടിപ്പിച്ച് കബനി തടത്തില്‍ മൂന്ന് വര്‍ഷം കൊണ്ട് ഗ്രീന്‍ ബെല്‍റ്റ് സ്ഥാപിക്കും. കൃഷി ഭൂമിയില്‍ ഒരു ലക്ഷം വൃക്ഷ തൈകള്‍ നടും. നീര്‍ച്ചാലുകളില്‍ ഓടകളുണ്ടാക്കും. 120 കാവുകള്‍ സ്ഥാപിക്കും. 25 വര്‍ഷത്തേക്ക് മരങ്ങള്‍ മുറിച്ച് മാറ്റില്ലെന്ന കരാറില്‍ സ്‌കൂളുകള്‍, ദേവാലയങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ എന്നീ സ്ഥലങ്ങളിലും സ്വകാര്യഭൂമികളിലും ഇങ്ങനെ കാവുകള്‍ നിര്‍മ്മിക്കും. റോഡിലൂടെ ഒഴുകി പോകുന്ന വെള്ളം കൃഷിയിടത്തിലെ 1000 കുഴികളില്‍ ശേഖരിക്കും. ആവരണവിളകൃഷി, തീറ്റപ്പുല്‍ കൃഷി, വനത്തിനുള്ളിലെ തടയണ നിര്‍മ്മാണം, പ്രകൃതിദത്ത ഉറവകളുടെ സംരക്ഷണം, പ്രാദേശിക ജലസേചനത്തിനായി 12 കോണ്‍ക്രീറ്റ് ചെക്ക് ഡാമുകളും മണ്‍ഡാമുകളും നിര്‍മ്മിക്കും. രണ്ട് കുന്നുകളുടെ ഇടയിലുള്ള സ്ഥലത്ത് ജലം സംഭരിക്കാന്‍ കഴിയുന്ന വിധത്തിലുള്ള മണ്ണ് ഡാമുകള്‍ പണികഴിപ്പിക്കും. ആദ്യഘട്ടത്തില്‍ ആറ് ഡാമുകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഡാമുണ്ടാക്കി വെള്ളം കൊടുത്ത് പരിഹരിക്കേണ്ട പ്രശ്‌നമല്ല വയനാട്ടിലേതെന്ന് മണ്ണ് സംരക്ഷണ ഓഫീസര്‍ പി യു ദാസ് ചൂണ്ടിക്കാണിക്കുന്നു. കേവലം വെള്ളം കിട്ടാത്ത പ്രശ്‌നം മാത്രമല്ലിത്. ഒരു ടണ്‍ മണ്ണില്‍ അഞ്ച് കിലോ ഗ്രാം വരെ ഓര്‍ഗാനിക് കാര്‍ബണ്‍ ഉണ്ടാകാം. ഈ പഞ്ചായത്തുകളില്‍ ജൈവകാര്‍ബണ്‍ കുറവാണ്. മണ്ണിലേക്ക് ഇറങ്ങുന്ന വെള്ളത്തില്‍ നിന്ന് പത്ത് മടങ്ങ് വരെ സംഭരിക്കാന്‍ കഴിയും. ഒരു ചതുരശ്ര മീറ്റര്‍ മണ്ണില്‍ 50 ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ അതിന്റെ അഞ്ചിലൊന്നായി കുറഞ്ഞു. മണ്ണിന്റെ ഈര്‍പ്പം നഷ്ടപ്പെട്ടു. സൂക്ഷ്മകണികകള്‍ നഷ്ടപ്പെട്ടതും വരള്‍ച്ചയ്ക്ക് കാരണമായി ഉല്‍പാദനത്തെ ബാധിക്കുന്നുണ്ട്. വരള്‍ച്ച ഡാമിലൂടെ പരിഹരിക്കപ്പെടില്ലെന്ന് പി യു ദാസ് ആണയിട്ട് പറയുന്നു. ഡാം നിര്‍മ്മിക്കുന്നത് വരള്‍ച്ചാ പ്രതിരോധ പദ്ധതിയെ ബാധിക്കുമെന്ന ഗുരുതരമായ ആശങ്കയും നിലവിലുണ്ട്. പ്രദേശത്തെ കൃഷി ഇല്ലാതാകുമെന്നതിനൊപ്പം ഡാം നിര്‍മ്മാണം എത്ര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നതിലും സംശയം ഉന്നയിക്കപ്പെടുന്നുണ്ട്.

കടമാന്‍തോട് ഡാം ആര്‍ക്ക് വേണ്ടി?

കേരളം കബനിയിലൂടെ ഒഴുക്കി വിടുന്ന കടമാന്‍തോട്ടിലെ വെള്ളം പരമാവധി സംഭരിച്ച് നിര്‍ത്തുന്നതിനുള്ള ചെറുകിട ജലസേചന പദ്ധതികളാണ് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. 11 തടയണകള്‍ 6.40 കോടി രൂപ ചെലവില്‍ നടപ്പാക്കാനായിരുന്നു പദ്ധതി. ഇതില്‍ ജനങ്ങള്‍ക്കും എതിര്‍പ്പില്ലായിരുന്നു. ഈ പദ്ധതി ഉപേക്ഷിച്ചാണ് വന്‍കിട ഡാം നിര്‍മ്മാണത്തിലേക്ക് ജലവിഭവവകുപ്പ് നീങ്ങുന്നത്.

കടമാന്‍തോട് പദ്ധതിക്കെതിരെയുള്ള പ്രധാന എതിര്‍പ്പ് ജനവാസകേന്ദ്രത്തിനോട് ചേര്‍ന്നാണ് അത് എന്നതാണ്. പുല്‍പ്പള്ളി പഞ്ചായത്തിലെ പദ്ധതി പ്രദേശത്തുള്ളവര്‍ യോഗങ്ങളില്‍ പ്രതിഷേധമുയര്‍ത്തുന്നുണ്ട്. പദ്ധതിയെക്കുറിച്ച് പ്രദേശവാസികളെ അറിയിച്ചിട്ട് പോലുമില്ലെന്ന് കടമാന്‍തോടിന് സമീപത്തുള്ള കര്‍ഷകന്‍ റോയ് പറയുന്നു. കാപ്പുഴ, ബാണാസുരസാഗര്‍ പദ്ധതികള്‍ വിജയിച്ചിട്ടില്ലെന്നും വന്‍കിട പദ്ധതി വേണ്ടെന്നുമായിരുന്നു സിപിഐഎം മുന്‍പ് പറഞ്ഞിരുന്നത്. പരമാവധി ഉയരം കുറച്ച് ജനങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കാത്ത പദ്ധതിയെന്നുമുള്ള നിലപാട് മാറ്റിയിരിക്കുകയാണ് പാര്‍ട്ടി ഇപ്പോള്‍. കടമാന്‍തോടിന്റെ ഇരുകരകളിലും കൈയ്യേറ്റം നടന്നിട്ടുമുണ്ട്.

വരള്‍ച്ചയ്ക്ക് ഡാമല്ലാതെ എന്ത് ബദല്‍?

വലിയ ഡാമുകള്‍ ഒഴിവാക്കി മണ്ണ് കൊണ്ടുള്ള അണകള്‍ നിര്‍മ്മിക്കണമെന്നാണ് പദ്ധതിയെ എതിര്‍ക്കുന്നവര്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം. വരള്‍ച്ച ലഘൂകരണ പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തിയിരിക്കെ എന്തിനാണ് ഡാം നിര്‍മ്മിക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു. വനാതിര്‍ത്തിയിലും സമീപത്തുമുളള താഴ്വരകളിലെ ചതുപ്പുകളില്‍, വെള്ളം സംഭരിക്കുന്ന രീതിയില്‍ അഞ്ച് മീറ്റര്‍ ഉയരത്തില്‍ മണ്‍ അണകള്‍ നിര്‍മ്മിക്കലാണ് പദ്ധതി. ആരേയും കുടിയൊഴിപ്പിക്കേണ്ടതില്ല, ആര്‍ക്കും കൃഷി സ്ഥലം നഷ്ടപ്പെടില്ല, പദ്ധതിക്ക് വേണ്ടി വനം നശിപ്പിക്കേണ്ടി വരില്ല, ജനവാസ മേഖലയിലേക്കുള്ള വന്യമൃഗങ്ങളുടെ ശല്യവും മണ്‍ അണകള്‍ കുറയ്ക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in