ക്വാറി ഭീഷണിയൊഴിയാതെ ചെങ്ങോട്ടുമല; സര്‍ക്കാര്‍ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് പ്രദേശവാസികള്‍ 

ക്വാറി ഭീഷണിയൊഴിയാതെ ചെങ്ങോട്ടുമല; സര്‍ക്കാര്‍ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് പ്രദേശവാസികള്‍ 

പശ്ചിമഘട്ടത്തിന്റെ ഭാഗമായ കോഴിക്കോട് ചെങ്ങോട്ടുമലയില്‍ കരിങ്കല്‍ ഖനനത്തിനുള്ള പാരിസ്ഥിതികാനുമതി റദ്ദാക്കാന്‍ സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ സമിതി തയ്യാറാകണമെന്ന് സമരസമിതി. ഖനനം നടത്തിയാല്‍ ഗുരുതര പാരിസ്ഥിതികാഘാതമുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ നിയോഗിച്ച വിദഗ്ധ സമതി കണ്ടെത്തല്‍ ചൂണ്ടിക്കാട്ടിയാണ് സമരസമിതി ആവശ്യമുയര്‍ത്തുന്നത്.

ഖനനാനുമതി നല്‍കിയത് വേണ്ടത്ര പഠനം നടത്താതെയാണെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അനുമതി മരവിപ്പിച്ചിരിക്കുകയാണ് ജില്ലാ കളക്ടര്‍. ജില്ലാ ഭാരണകൂടത്തിന്റെ നടപടിക്കെതിരെ സ്ഥലമുടമകളായ ഡെല്‍റ്റ ഗ്രൂപ്പ് അപ്പീല്‍ പോകുമെന്നും അനുകൂല ഉത്തരവ് വാങ്ങി ഖനനം നടത്തുമെന്നുമാണ് സമരസമിതിയുടെയും പ്രദേശവാസികളുടെയും ആശങ്ക.

വിദഗ്ധ സംഘത്തിന്റെ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെങ്ങോടുമല ഖനനത്തിനു ലഭിച്ച പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ഖനനവിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ സുരേഷ് ചീനിക്കല്‍ ആവശ്യപ്പെട്ടു. ലൈസന്‍സിനുള്ള അപേക്ഷ ജില്ലാ കളക്ടര്‍ തള്ളിയെങ്കിലും ക്വാറി വരാനുള്ള സാധ്യത ഇപ്പോഴും നിലനില്‍ക്കുകയാണെന്നും സുരേഷ് 'ദ ക്യൂ'വിനോട് പ്രതികരിച്ചു.

മല തുരക്കുന്നത് ആര്‍ക്ക് വേണ്ടി

കോഴിക്കോട് കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലാണ് ചെങ്ങോട്ടുമല. അഞ്ച് വാര്‍ഡുകളിലായി രണ്ടായിരത്തോളം പേര്‍ ഈ മലയ്ക്ക് ചുറ്റമായി താമസിക്കുന്നു. റോഡ് സൗകര്യമില്ലാത്തതും കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതും പതിവായതോടെ മലയിലെ താമസക്കാര്‍ ഭൂമി വിറ്റൊഴിഞ്ഞു. ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരാണ് ഈ ഭൂമി വാങ്ങിയതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു. വികസന പദ്ധതികള്‍ വരുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. ഭൂമി മറിച്ച് വിറ്റെത്തിയത് ഡെല്‍റ്റ ഗ്രൂപ്പിന്റെ കൈകളില്‍. മഞ്ഞള്‍ കൃഷി ചെയ്യാനാണ് ഭൂമി വാങ്ങിയെതെന്നായിരുന്നു നാട്ടുകാരെ അറിയിച്ചിരുന്നത്. പാരിസ്ഥികാനുമതിക്കായി ജിയോളജി വകുപ്പിനെ കമ്പനി സമീപിച്ചതിന്റെ രേഖകള്‍ പുറത്ത് വന്നപ്പോഴും ക്വാറി തുടങ്ങുന്ന കാര്യം നിഷേധിച്ചു. 98 ഏക്കറാണ് ചെങ്ങോട്ടുമലയില്‍ കമ്പനിയുടെ ഉടമസ്ഥയിലുള്ളത്. ഇതില്‍ 11.8 ഏക്കറിലാണ് ക്വാറി തുടങ്ങുക എന്നാണ് കമ്പനിയുടെ ഇപ്പോഴത്തെ വാദം.

ചെങ്ങോടുമലയിലും പരിസര പ്രദേശങ്ങളിലും 50 ഓളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരുടെ ആരാധനാലയവും കാവും ഈ മലയിലാണ്. ആദിവാസി കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതിയും ചെങ്ങോട്ടുമലയിലാണ്. ഇതെല്ലാം നശിക്കുമെന്ന ആശങ്കയിലാണ് ആദിവാസി കുടുംബങ്ങള്‍. 

വിദഗ്ധ സമിതിയുടെ കണ്ടെത്തലുകള്‍

ഖനനം പ്രദേശത്തെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിദഗ്ധ സമിതി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവനന്തപുരം എന്‍സിഇഎസ്എസ് ശാസ്ത്രജ്ഞന്‍ ഡോ. ഡി പത്മലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കൂടുതല്‍ പഠനം വേണം. അതുവരെ കമ്പനിക്ക് ലഭിച്ച അനുമതി മരവിപ്പിക്കണം. ഖനനം നടത്തിയാല്‍ ഉരുള്‍പൊട്ടലിനും മണ്ണൊലിപ്പിനും കാരണമാകും. ഉപരിതലജലവും ഭൂഗര്‍ഭജലവും ഇല്ലാതാകും. ഈ മേഖലയില്‍ ക്വാറി തുടങ്ങിയാല്‍ പാറപൊട്ടിക്കുമ്പോളുള്ള ചീളുകള്‍ 650 മീറ്റര്‍ ദൂരം വരെ തെറിക്കും. 300 മീറ്റര്‍ ചുറ്റളവില്‍ ജനവാസമുള്ള മേഖലയാണിത്. മേല്‍മണ്ണ് മാറ്റുന്നതും ഫലപുഷ്ടി നശിക്കാന്‍ ഇടയാക്കും. ഇത് കൃഷിയെ ദോഷകരമായി ബാധിക്കും. മുള്ളന്‍പന്നി, കാട്ടുപന്നി, കീരി, ഉടുമ്പ്, കാട്ടുകോഴി, മൂര്‍ഖന്‍, അണലി, പൊന്‍മാന്‍, നിശാശലഭം, തുടങ്ങിയ ഒട്ടനവധി ജീവികളുടെ ആവാസ കേന്ദ്രമാണ് ചെങ്ങോടുമലയെന്ന് സംഘം ചൂണ്ടിക്കാട്ടുന്നു. ഈട്ടി, ഏഴിലം പാല, അരയാല്‍, കണിക്കൊന്ന, കരിമരുത്, താനി, കാഞ്ഞിരം തുടങ്ങിയ മരങ്ങളും നിരവധി ഔഷധസസ്യങ്ങളും ചെങ്ങോട്ടുമലയില്‍ വളരുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ചെങ്ങോടുമലയില്‍ ക്വാറി പ്രവര്‍ത്തനം തുടങ്ങിയാല്‍ സമീപമലകളിലേക്കും ക്വാറി വ്യാപിക്കാന്‍ സാധ്യതയുണ്ട്. കുറ്റ്യാടി പുഴയിലും കോരപ്പുഴയിലും ജലസമൃദ്ധമാക്കി നിലനിര്‍ത്തുന്നത് ചെങ്ങോട്ടുമലയിലെ നീരുറവകളാണ്. ഖനനം നടത്തിയാല്‍ നീറുറവകള്‍ വറ്റാനിടകും. വിനോദ സഞ്ചാര കേന്ദ്രത്തിന് സാധ്യതയുള്ള പ്രദേശമാണിതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ക്വാറി വരുന്ന വിവരം അറിഞ്ഞതോടെ പ്രദേശവാസികള്‍ സംഘടിച്ച് സമരം ആരംഭിക്കുകയായിരുന്നു. സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രാദേശിക ഘടകങ്ങള്‍ ഖനനത്തിനെതിരായി നിലപാട് സ്വീകരിച്ചു. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള കോട്ടുര്‍ പഞ്ചായത്ത് ഭരണസമിതിയും പാറമട വരുന്നതിന് എതിരാണ്.

അവഗണിക്കപ്പെടുന്ന പഠന റിപ്പോര്‍ട്ടുകള്‍

ചെങ്ങോട്ടുമലയിലെ ഖനനാനുമതിയുമായി ബന്ധപ്പെട്ട് അഞ്ച് പഠന റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ട്. പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും ഇവിടെ ഖനനത്തിന് അനുമതി നല്‍കുന്നതിന് മുമ്പായി വിദഗ്ധ പഠനം വേണമെന്നുമാണ് റിപ്പോര്‍ട്ട്. സബ് കലക്ടര്‍, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കോട്ടൂര്‍ വില്ലേജോഫീസര്‍, പഞ്ചായത്ത് ജൈവ വൈവിധ്യ മോണിറ്ററിംഗ് കമ്മിറ്റി എന്നിവരാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ചെങ്ങോടുമലയില്‍ ക്വാറി തുടങ്ങാന്‍ ജില്ലാ പാരിസ്ഥിതികാഘാത നിര്‍ണയ സമിതി നല്‍കിയ അനുമതി പുന:പരിശോധിക്കണമെന്ന് വനംവകുപ്പ് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഈ പ്രദേശത്ത് ഖനനം പാരിസ്ഥിതികാഘാതമുണ്ടാക്കുമെന്ന് ബോധ്യപ്പെട്ടതായി ഡിഎഫ്ഒ സുനില്‍ കുമാര്‍ നല്‍കിയ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പാരിസ്ഥിതികാനുമതി നല്‍കാനുള്ള സമിതിയിലെ സിഡബ്ല്യുആര്‍ഡിഎ, ഇസെഡ്എസ്ഐ എന്നീ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരില്ലാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ജലസംരക്ഷണം, വന സംരക്ഷണം, തുടങ്ങിയ മേഖലകളിലെ വിദഗ്ധരോ പരിശോധനയ്ക്കുണ്ടായിരുന്നില്ല. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം അനുശാസിക്കുന്ന രീതിയിലല്ല പ്രദേശത്ത് പരിശോധന നടന്നിരിക്കുന്നത്. അതുകൊണ്ട് ഖനനാനുമതി റദ്ദാക്കണമെന്നും ഡിഎഫ്ഒ കത്തില്‍ ആവശ്യപ്പെടുന്നു.

ക്വാറിയുടെ അനുമതിക്കായി ജില്ലാ വ്യവസായ വകുപ്പിന്റെ ഏകജാലക സംവിധാനത്തിലൂടെയാണ് കമ്പനി അപേക്ഷ സമര്‍പ്പിച്ചിരുന്നത്. മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്ത് അപേക്ഷ തിരിച്ചയച്ചു. ജില്ലാവ്യവസായ വകുപ്പിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ കക്ഷി ചേര്‍ന്ന കോട്ടൂര്‍ പഞ്ചായത്ത് നടപടി ക്രമങ്ങള്‍ പാലിക്കാതെ അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടു. വിചാരണക്കിടെ കമ്പനി ഹൈക്കോടതിയിലെ കേസ് പിന്‍വലിച്ചു. സംസ്ഥാന ഏകജാലക ബോര്‍ഡില്‍ അപ്പീല്‍ സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ പിന്തുണയോടെയാണ് ഈ നീക്കമുണ്ടായതെന്നും സമരസമിതി ആരോപിക്കുന്നു. ഡെല്‍റ്റാ ഗ്രൂപ്പിന്റെ ഡിആന്‍ഡ്ഓ ലൈസന്‍സ് അപേക്ഷ ജില്ലാ കലക്ടര്‍ തള്ളിയിട്ടുണ്ട്. ഖനനം നടത്താനുള്ള പാരിസ്ഥിതികാനുമതി കൂടി റദ്ദാക്കണമെന്നാണ് സിപിഎം നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതിയും പ്രദേശവാസികളും സമരസമിതിയും ആവശ്യപ്പെടുന്നത്.

വിശദമായ പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിനും ജില്ലാ കലക്ടര്‍ക്കും കത്ത് നല്‍കിയിട്ടുണ്ടെന്ന് കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട് 'ദ ക്യൂ'വിനോട് പറഞ്ഞു.

പ്രാഥമിക പഠനത്തില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഹിയറിങ്ങില്‍ കമ്പനിയുടെ അപേക്ഷ ജില്ലാ കളക്ടര്‍ തള്ളിയത്. ഈ മേഖലയില്‍ ക്വാറിക്ക് അനുമതി നല്‍കരുത് എന്നതിന് ആവശ്യമായ തെളിവുകളും പഞ്ചായത്ത് സമര്‍പ്പിച്ചിട്ടുണ്ട്.

ഷീജ കാറാങ്ങോട്ട്

റിപ്പോര്‍ട്ടുകള്‍ക്കും തെളിവുകള്‍ക്കും അനുസരിച്ചുള്ള നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in