‘മദ്യപര്‍ക്കും മനുഷ്യാവകാശമുണ്ട്’; ശനിയാഴ്ച്ച സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമെന്ന് ഓള്‍ കേരള മദ്യപാന അനുകൂല സംഘടന

‘മദ്യപര്‍ക്കും മനുഷ്യാവകാശമുണ്ട്’; ശനിയാഴ്ച്ച സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമെന്ന് ഓള്‍ കേരള മദ്യപാന അനുകൂല സംഘടന

മദ്യപരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്താനൊരുങ്ങി ഓള്‍ കേരള മദ്യപാന അനുകൂല സംഘടന. മദ്യപര്‍ക്ക് നേരെയുള്ള മനുഷ്യാവകാശലംഘനങ്ങള്‍ അവസാനിപ്പിക്കുക, വില കൂട്ടി ചൂഷണം ചെയ്യുന്നത് നിര്‍ത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ശനിയാഴ്ച്ച രാവിലെ 10 മണിക്ക് സമരം ചെയ്യുമെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഹരികുമാര്‍ പുളിയറക്കോണം 'ദ ക്യൂ'വിനോട് പ്രതികരിച്ചു.

മദ്യപിച്ച് നടന്നുപോകുന്നവര്‍ക്കെതിരെ കേസെടുക്കുക, ദേഹോപദ്രവം ഏല്‍പിക്കുക ഇതെല്ലാം അവസാനിപ്പിക്കണം. ഒന്നുകില്‍ ഇത് നിര്‍ത്തൂ അല്ലെങ്കില്‍ റോഡിലൂടെ നടക്കാന്‍ അനുവദിക്കൂ. രണ്ടിലൊന്ന് അറിഞ്ഞേ പറ്റൂ.

ഹരികുമാര്‍

ഇനിയും ക്ഷമിക്കാന്‍ ഉദ്ദേശമില്ല. മദ്യപാനികള്‍ക്കും മനുഷ്യാവകാശങ്ങളുണ്ട്. പൊലീസിന്റെ ആക്രമണവും സര്‍ക്കാരിന്റെ ചൂഷണവും അവസാനിപ്പിക്കണം. സംഘടിക്കാനും പ്രതിഷേധിക്കാനും തന്നെയാണ് തീരുമാനം. ഒരു മാസം കൊണ്ട് സംഘടനയ്ക്ക് ഒരു ലക്ഷത്തിലധികം അംഗങ്ങളെ ലഭിച്ചു. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നും പിന്തുണയറിയിച്ച് അനേകം ഫോണ്‍വിളികള്‍ വരുന്നുണ്ടെന്നും ഹരികുമാര്‍ ചൂണ്ടിക്കാട്ടി.

സംഘടനയുടെ പ്രധാന ആവശ്യങ്ങള്‍

ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില കുറയ്ക്കുക

ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ജിഎസ്ടിയില്‍ ഉള്‍പെടുത്തുക

മദ്യപിച്ച് നടന്നുപോകുന്നവര്‍ക്കെതിരെ കേസെടുക്കാതിരിക്കുക.

മദ്യാപാനികള്‍ക്കെതിരെയുള്ള അവഗണന ഒഴിവാക്കുക.

മദ്യഷോപ്പ് ജീവനക്കാര്‍ മദ്യപാനികളോട് കാണിക്കുന്ന ക്രൂരത ഒഴിവാക്കുക.

ഹരികുമാര്‍ പറഞ്ഞത്

“മദ്യപാനികളോട് നടത്തുന്ന മനുഷ്യാകവകാശ ലംഘനങ്ങളേക്കുറിച്ച് ആരും പറയുന്നില്ല. മദ്യപിച്ച് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. കള്ളുകുടിയന്‍ എന്ന് വിളിച്ച് എന്തും ചെയ്യാമെന്ന തോന്നലാണ് പൊലീസിന്. കള്ളുകുടിച്ചതിന്റെ മാത്രം പേരില്‍ എത്രയോ ആളുകള്‍ക്ക് പൊലീസിന്റെ തല്ലുവാങ്ങേണ്ടി വന്നു. വെള്ളായണികായലിന് സമീപത്ത് നിന്ന എന്റെ സുഹൃത്തുക്കളെ പൊലീസ് വെറുതെ ആക്രമിച്ചു. പിടിച്ചുകൊണ്ടുപോയ ശേഷം പിന്നെ അവരെ റിമാന്‍ഡ് ചെയ്തു. കുറച്ചുനാള്‍ മുമ്പ് വട്ടിയൂര്‍കാവ് ബിവറേജസിന്റെ മുന്നില്‍ കിടന്നുറങ്ങുകയായിരുന്ന 75 വയസിലധികം പ്രായമുള്ള ഒരു വൃദ്ധനെ പൊലീസ് വന്ന് ഒരു കാരണവുമില്ലാതെ തല്ലി. കടത്തിണ്ണയില്‍ കിടന്നുറങ്ങുന്നവരുടെ തലയ്ക്ക് ലാത്തിയ്ക്കടിക്കുക, മദ്യപിച്ചതിന്റെ പേരില്‍ മാത്രം കസ്റ്റഡിയിലെടുത്ത് തല്ലുക ഇതൊക്കെയാണ് പൊലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നിട്ട് ഇവര്‍ തന്നെ കള്ളുകുടിച്ച് ആളുകളെ തല്ലിക്കൊല്ലും. ക്രിസ്തു പറഞ്ഞു പോലെ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. എല്ലാവരും പറയും അവന്‍ കള്ളുകുടിക്കാരനാ, അത് പോട്ടെ എന്ന്. ഇനി അത് വേണ്ട.

മദ്യപിച്ച് വാഹനമോടിക്കുന്നതും ബഹളം വെയ്ക്കുന്നതും പ്രശ്‌നങ്ങളുണ്ടാക്കുന്നതുമെല്ലാം തടയണം. മദ്യപിച്ച് വാഹനമോടിച്ചാല്‍ മറ്റുള്ളവര്‍ക്കും അപകടമാണ്. പക്ഷെ നടന്നുപോകുന്നവരെ ഉപദ്രവിക്കുന്നത് എന്തിനാണ്? ഗള്‍ഫില്‍ നിന്നൊക്കെ അവധിക്ക് വരുന്ന പ്രവാസികളുണ്ട്. കൂട്ടുകാരോടൊത്ത് കള്ള് കുടിച്ച് കഴിയുമ്പോള്‍ ആരെയെങ്കിലും കാണാന്‍ തോന്നിയാല്‍ പോകണ്ടേ. മദ്യപിക്കുന്നവര്‍ എങ്ങോട്ടും പോകരുതെന്നാണ്. ഇത് അത്രയ്ക്ക് ചീത്ത സാധനമാണെങ്കില്‍ അങ്ങ് നിരോധിക്കണം. ഇവരെല്ലാം ശമ്പളം വാങ്ങിക്കുന്നത് നമ്മള്‍ കൊടുക്കുന്ന ടാക്‌സ് കൊണ്ടാണ്. ഒരു തട്ടിപ്പോ വെട്ടിപ്പോ ഇല്ലാതെ നേരിട്ടാണ് സര്‍ക്കാരിന് ടാക്‌സ് കൊടുക്കുന്നത്. പാവപ്പെട്ടവനും കൂലിപ്പണിക്കാരനും തെങ്ങുകയറുന്നവനും. സര്‍ക്കാര്‍ തന്നെ വില്‍പന നടത്തിയിട്ട് ആ നമ്മളോട് ഇങ്ങനെ പെരുമാറരുത്. കുറേ നാളായി ക്ഷമിക്കുകയാണ്.

‘മദ്യപര്‍ക്കും മനുഷ്യാവകാശമുണ്ട്’; ശനിയാഴ്ച്ച സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമെന്ന് ഓള്‍ കേരള മദ്യപാന അനുകൂല സംഘടന
ക്വാറി ഭീഷണിയൊഴിയാതെ ചെങ്ങോട്ടുമല; സര്‍ക്കാര്‍ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് പ്രദേശവാസികള്‍ 

മദ്യത്തില്‍ ഏത് സര്‍ക്കാര്‍ കൈവെച്ചിട്ടുണ്ടോ അവരാരും ജയിച്ചിട്ടില്ല ഇതുവരെ. ആന്റണി ചാരായം നിരോധിച്ചു. അതോടെ പോയി. ഉമ്മന്‍ ചാണ്ടി ബാര്‍ പൂട്ടിച്ചു. പോയി. തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ നാട്ടുകാര്‍ക്ക് മദ്യം വാങ്ങിക്കൊടുക്കും. എന്നിട്ടാണ് അവര്‍ ജയിക്കുന്നത്. കുടിച്ചതിന് ശേഷം നടന്നുപോകാനുള്ള അവകാശം അത്ര, മാത്രമേ ചോദിക്കുന്നുള്ളൂ. മുഖ്യമന്ത്രി നമ്മുടെ ആളാണ്. ചെത്തുതൊഴിലാളിയുടെ മകനാണ്. എന്നിട്ടാണ് പൊലീസ് വഴി നടക്കാന്‍ അനുവദിക്കാത്തത്. ഞങ്ങള്‍ സംഘടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. സംഘടന തുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഒരു മാസത്തിനിടെ ഒരു ലക്ഷത്തിലധികം പേര്‍ അംഗത്വമെടുത്തു. എല്ലാ ജില്ലകളിലും ഇപ്പോള്‍ സംവിധാനമുണ്ട്. എല്ലാ ജില്ലകളിലും കമ്മിറ്റികളുണ്ട്. ഫ്‌ളക്‌സ് വെയ്ക്കാന്‍ വാട്‌സാപ്പിലൂടെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നോട്ടീസ് വാട്‌സാപ്പിലും ഫേസ്ബുക്കിലും വൈറലായതോടെ പല സ്ഥലത്ത് നിന്നും ഒരുപാട് പേര്‍ വിളിക്കുന്നുണ്ട്. നടന്‍ അനൂപ് ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണ അറിയിച്ചു. ആദ്യഘട്ടമെന്ന നിലയിലാണ് സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധം. പിന്നീട് കമ്മിറ്റി കൂടി കൂടുതല്‍ സമരങ്ങള്‍ പ്ലാന്‍ ചെയ്യും. എല്ലാവരും സഹകരിക്കണം. മുന്‍പ് സംഘടിക്കാത്തതുകൊണ്ടാണ് ഇങ്ങനെയായത്, പൊലീസ് ഇത്രയും അക്രമമായതും.“

Related Stories

No stories found.
logo
The Cue
www.thecue.in