നീ എന്റെ നാവ് അരിഞ്ച് കളഞ്ചലും നിന്റെ മുന്നിലിക്ക് നല്ല തുള്ള് തുള്ളുവെ നാന്'; ശ്രദ്ധേയമായി കോളേജ് മാഗസിന്‍

നീ എന്റെ നാവ് അരിഞ്ച് കളഞ്ചലും നിന്റെ മുന്നിലിക്ക് നല്ല തുള്ള് തുള്ളുവെ നാന്'; ശ്രദ്ധേയമായി കോളേജ് മാഗസിന്‍

വര്‍ത്തമാനകാല സാമൂഹിക-രാഷ്ട്രീയ അസമത്വങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന പാലക്കാട് യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ കോളേജ് മാഗസിന്‍ ശ്രദ്ധേയമാകുന്നു. 'നീ എന്റെ നാവ് അരിഞ്ച് കളഞ്ചലും നിന്റെ മുന്നിലിക്ക് നല്ല തുള്ള് തുള്ളുവെ നാന്' എന്നാണ് മാഗസിന്റെ പേര്. 'നിങ്ങള്‍ എന്റെ നാവു പിഴുതെടുത്താലും നിങ്ങളുടെ മുന്നില്‍ ഞാന്‍ നൃത്തം ചെയ്യും.'എന്നതിന്റെ പണിയര്‍ വിഭാഗത്തിലുള്ള ജനതയുടെ ഭാഷണഭേദമാണ് 'നീ എന്റെ നാവ് അരിഞ്ച് കളഞ്ചലും നിന്റെ മുന്നിലിക്ക് നല്ല തുള്ള് തുള്ളുവെ നാന്' എന്നത്.

സ്ത്രീ സ്വാതന്ത്ര്യം, ലിംഗസമത്വം, മതഭീകരത, സമത്വം, ദേശം, ഭാഷ, വ്യക്തി സ്വാതന്ത്രൃം, ഫാഷിസം എ്ന്നിങ്ങനെ എല്ലാ രാഷ്ടീയവും മാഗസിനിലൂടെ വിദ്യാര്‍ഥികള്‍ ചര്‍ച്ച ചെയ്യുന്നു.

'സമൂഹത്തിലെ അനീതിക്കള്‍ക്കെതിരെയുള്ള പ്രതിഷേധമാണ് മാഗസിന്‍ എന്ന് സ്റ്റുഡന്റ് എഡിറ്റര്‍ ഹരികൃഷ്ണന്‍ എസ് പറയുന്നു. നമ്മുടെ സമൂഹത്തില്‍ പല വിഭാഗങ്ങള്‍ക്കും ഒരുപോലെ സ്വാതന്ത്രൃം ലഭിക്കുന്നില്ല എന്നുള്ളത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. ആദ്യം തീരുമാനിച്ചിരുന്ന പേര് സ്വതന്ത്രൃ ബോധവും പ്രകടന പരതയും എന്നായിരുന്നു. പിന്നീടത് മാറ്റിയാണ് ഇപ്പോഴുള്ള പേരാക്കിയത്. എല്ലാ വര്‍ഷവും ഓരോ തീമുകളിലാണ് മാഗസിന്‍ ഇറങ്ങുക, ഇത്തവണ ഈ തീം വേണമെന്നത് കൂട്ടായി തീരുമാനിക്കുകയായിരുന്നു. സ്റ്റാഫ് എഡിറ്റര്‍ വിശാല്‍ ജോണ്‍സണ്‍ സാറിന്റെ സഹായം ഇല്ലായിരുന്നെങ്കില്‍ ഈ മാഗസിന്‍ ഇപ്പോഴുള്ള ഭംഗിയില്‍ ഇറങ്ങുമായിരുന്നില്ലെന്നും ഹരികൃഷ്ണന്‍ പറയുന്നു

മതഭീകരതയുടെ ഇരയായ പ്രൊഫസര്‍ ടി.ജെ ജോസഫ്, കേരളത്തിലെ ആദ്യ ഗേ ദമ്പതികളായ സോനു-നികേഷ് എന്നിവരുടെ അഭിമുഖങ്ങള്‍ മാഗസിനിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഇരുമ്പലകച്ചോല എന്ന ആദിവാസി ഊരിന്റെ ദുരവസ്ഥകള്‍ പറയുന്ന ഫീച്ചര്‍ മാഗസിന്റെ പ്രധാന ആര്‍ട്ടിക്കിളുകളില്‍ ഒന്നാണ്.

പ്രിന്റ് പതിപ്പ് വിതരണം ചെയ്യുന്നതിനൊപ്പം ഡിജിറ്റല്‍ ഫോര്‍മാറ്റിലും ഓഡിയോ ഫോര്‍മാറ്റിലും മാഗസിന്‍ ലഭ്യമാണ്. കവി കുരീപ്പുഴ ശ്രീകുമാറാണ് മാഗസിന്‍ പ്രകാശനം ചെയ്തത്. ആശയം കൊണ്ടും വരകള്‍ കൊണ്ടും മികവ് പുലര്‍ത്തുന്ന മാഗസിന്റെ ഡിസൈന്‍ ലേയൗട്ട് പൂര്‍ണ്ണമായും ചെയ്തിരിക്കുന്നത് ദുര്‍ഗ ടി.എസ്, ശ്രീ ലക്ഷ്മി എന്നീ വിദ്യാര്‍ത്ഥിനികളാണ്.

സ്വാതന്ത്രൃം നിഷേധിക്കപ്പെട്ടവര്‍ അടിച്ചമര്‍ത്തലുകള്‍ക്കിടയിലും ഉയര്‍ന്നു വരുന്ന പ്രതീക്ഷയുടെ ചിത്രമാണ് മാഗസിന്റെ കവര്‍ പേജ്. ഒപ്പം നീതിനിഷേധത്തിന്റെ ചങ്ങലകള്‍ പുറകേ നീളുന്നുണ്ട് എന്ന മുന്നറിയിപ്പും കവര്‍ പേജ് പങ്കുവയ്ക്കുന്നു. ശബ്ദമുയര്‍ത്തുവാന്‍ മടിക്കുന്ന, പ്രതികരണ ശേഷി അടിയറവ് വച്ച് മിണ്ടാതിരിക്കുന്ന ഒരുപറ്റം യുവതലമുറയോട് വിവേചന ബുദ്ധി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും മാഗസിന്‍ പറഞ്ഞ് വയ്ക്കുന്നു.

മാഗസിന്‍ വായിക്കാം

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in