കത്തുന്നത് ചിതകളല്ല , പെണ്‍ ജീവിതങ്ങളാണ്; ഹ്രസ്വചിത്രം 'ബേര്‍ണിംഗ്' കാണാം

കത്തുന്നത് ചിതകളല്ല , പെണ്‍ ജീവിതങ്ങളാണ്; ഹ്രസ്വചിത്രം 'ബേര്‍ണിംഗ്' കാണാം

വാരണാസിയിലെ കത്തുന്ന ചിത സ്‌ക്രീനിലെത്തുമ്പോള്‍ അത് കേവലമൊരു ഫ്രെയിം മാത്രമല്ല, കാശി നേരിട്ട് കാണാത്തവര്‍ക്ക് പോലും അവിടത്തെ മരണത്തിന്റെ അന്തരീക്ഷവും, കത്തുന്ന ചിതയുടെ ചൂടുമെല്ലാം അനുഭവപ്പെട്ടേക്കാം, അത്രത്തോളം വാരണാസി പ്രേക്ഷകന്റെ മനസില്‍ പതിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ അവിടെ നിന്ന് പറയുന്ന കഥകളും അതേ ചൂടോടെ അനുഭവപ്പെടാറുണ്ട്.

വാരണാസി പശ്ചാത്തലമാക്കി പറയുന്ന രണ്ട് പെണ്ണുങ്ങളുടെ കഥ, അതാണ് മാധ്യമപ്രവര്‍ത്തകനായ വിഎസ് സനോജ് സംവിധാനം ചെയ്ത 'ബേര്‍ണിങ്ങ്' എന്ന ഹ്രസ്വചിത്രം. രണ്ട് പെണ്ണുങ്ങള്‍, ആദ്യമായി കാണുന്ന രണ്ട് പെണ്ണുങ്ങള്‍, ഇനിയൊരിക്കലും വീണ്ടും ഉണ്ടാകാന്‍ സാധ്യതയില്ലാത്ത ഒരു സന്ദര്‍ഭത്തില്‍ ഒരുമിച്ച് കാണുന്ന രണ്ട് പെണ്ണുങ്ങള്‍, അവരെ പുറത്ത് നിന്ന് നോക്കിക്കാണുന്നവര്‍ക്ക് അത്ര മാത്രമേ അവരില്‍ കാണാന്‍ കഴിയൂ. 17 മിനിറ്റ് ദൈര്‍ഘ്യമുള്ള ബേര്‍ണിങ്ങ് കാണുന്നവര്‍ക്ക് മുന്നില്‍ യഥാര്‍ത്ഥത്തില്‍ സംവിധായകന്‍ ഒരു വാതില്‍ തുറന്നിടുകയാണ്, ആ രണ്ട് പെണ്ണുങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആരാണ് എന്ന് കാണുവാനുള്ള വാതില്‍.

മാധ്യമപ്രവര്‍ത്തകനായ ജിനോയ് ജോസ് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കേതകി നാരായണും റുക്‌സാന തബസുമാണ്. ആദ്യമായി കാണുന്ന രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ആഗ്രഹിക്കാത്ത കച്ചവടത്തെ ചൊല്ലിയുള്ള സംഭാഷണമാണ് സിനിമ. അവര്‍ക്ക് പറയാനുള്ളത് നമ്മള്‍ക്കാര്‍ക്കും മനസിലാകാത്ത കടുകട്ടിയായ രാഷ്ട്രീയമല്ല, കാശിയുടെ, മരണങ്ങളുടെ തത്വശാസ്ത്രങ്ങളല്ല, മറിച്ച് ആ സംഭാഷണങ്ങളിലുള്ളത് വെറും ജീവിതം മാത്രമാണ്. നിസ്സഹായയായ രണ്ട് പെണ്ണുങ്ങളുടെ ജീവിതം.

ഒരുവള്‍ താഴ്ന്ന ജാതിയില്‍ പെട്ടവള്‍, പ്രണയത്തിന്റെ പേരില്‍ ജാതിയാല്‍ വേട്ടയാടപ്പെട്ട്, അച്ഛനമ്മമാര്‍ കൊല്ലപ്പെട്ടവള്‍. ദരിദ്രയാണവള്‍. മറ്റെയാള്‍ പണത്താല്‍ സമ്പന്നയാണ്, പക്ഷേ കുടുംബത്തിലും സമൂഹത്തിലുമെല്ലാം വിവേചനം നേരിട്ടുകൊണ്ടിരിക്കുന്നവള്‍. വര്‍ത്തമാനകാല ഇന്ത്യയില്‍ ഇത് രണ്ടും പ്രേക്ഷകനെ അത്ഭുതപ്പെടുത്തില്ല. യുപിയില്‍ സവര്‍ണജാതിയില്‍ പെട്ട നാല് പേര്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കണക്കുകള്‍ രാജ്യത്തിന് അപമാനമാകുന്ന വിധത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ആ കഥാപാത്രങ്ങളെ സംവിധായകന്‍ അവതരിപ്പിക്കുന്നത് തികച്ചും നോര്‍മലായി തന്നെയാണ്. പുരുഷ നിയന്ത്രിത വ്യവസ്ഥിതിയാല്‍, ജാതിവെറി നിറഞ്ഞ സമൂഹത്താല്‍ സ്വപ്‌നങ്ങള്‍ തകര്‍ക്കപ്പെട്ട, തടവിലാക്കപ്പെട്ട ആ രണ്ട് പെണ്ണുങ്ങളും പ്രതികരിക്കാന്‍ കഴിയാത്ത വിധത്തില്‍ അല്ലെങ്കില്‍ എന്താണ് പ്രതികരണം എന്ന് തിരിച്ചറിയാത്ത വിധം അടിമകളാക്കപ്പെട്ടു കഴിഞ്ഞു, അവരുടെ ബാക്കി ജീവിതത്തില്‍ സ്വപ്‌നങ്ങളുടെ പ്രതീക്ഷകളില്ല, ഇനിയെന്ത് എന്ന ചോദ്യം പോലുമില്ല. യഥാര്‍ത്ഥത്തില്‍ അവിടെ കത്തുന്നത് ചിതകളല്ല, ആ പെണ്‍ ജീവിതങ്ങളാണ്

സമൂഹത്തിന്റെ രണ്ട് വ്യത്യസ്ത തലങ്ങളില്‍ ജീവിച്ചിട്ടും അവര്‍ തമ്മിലുള്ള ഈ സാമ്യതകളിലേക്കാണ് ചിത്രം സംഭാഷണങ്ങളിലൂടെ പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നത്. അവര്‍ക്കൊപ്പം ഇനിയും ഒരുപാട് സ്ത്രീകളെ ആ പടവുകളില്‍ കൊണ്ട് വന്ന് നിര്‍ത്തിയാലും, പേരറിയില്ലെങ്കിലും ഭാഷയറിയില്ലെങ്കിലും ഈ സമൂഹത്തില്‍ അവര്‍ക്ക് പറയാന്‍ ഒരേ കഥകളുണ്ടാകും. അതുകൊണ്ട് തന്നെ പതിനേഴ് മിനിറ്റിലെ ആ ചെറിയ സംഭാഷണങ്ങളിലൂടെ ആ രണ്ട് സ്ത്രീകളും അത് തിരിച്ചറിയുന്നുണ്ട്, മറ്റൊരാള്‍ക്ക് ഒരവസരമെങ്കിലും ലഭിക്കാന്‍ അവര്‍ സ്വയം പലതും നഷ്ടപ്പെടുത്തുന്നതും ആ തിരിച്ചറിവ് കാരണമാണ്.

ബോറടിപ്പിച്ചേക്കാവുന്ന അല്ലെങ്കില്‍ ഡ്രാമ എന്ന് വിളിച്ചേക്കാവുന്ന സംഭാഷണങ്ങളെ അനായാസമായിട്ടാണ് രണ്ട് അഭിനേതാക്കളും കൈകാര്യം ചെയ്തിരിക്കുന്നത്. ഏതൊരാള്‍ക്കും കണക്ട് ചെയ്യാന്‍ കഴിയുന്നത്ര ലളിതമായി ആ കഥാപാത്രങ്ങള്‍ പ്രേക്ഷകരിലേക്കെത്തുന്നു. മനേഷ് മാധവന്റെ ഛായാഗ്രഹണം എടുത്ത് പറയേണ്ടതാണ്, വാരണാസിയെ, അവിടെ കാത്തിരിക്കുന്ന ആ രണ്ട് സ്ത്രീകളുടെ സംഭാഷണങ്ങളുടെ വേഗതയ്ക്കും വൈകാരികതയ്ക്കുമനുസരിച്ച് വിഷ്വലിലേക്ക് അദ്ദേഹം പകര്‍ത്തിയിട്ടുണ്ട്. ബിജിബാലാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ഒരു ചിത കത്തിത്തീരുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്, കാഴ്ചയുടെ അതേ വൈകാരികത മുഴുവന്‍ പശ്ചാത്തല സംഗീതത്തില്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നുണ്ട്.

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ ഉള്‍പ്പെടെ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യയിലും വിദേശത്തുമായി 40 ഓളം ചലച്ചിത്ര മേളകളില്‍ ഇതിനകം പ്രദര്‍ശിപ്പിക്കപ്പെട്ടുകഴിഞ്ഞു.സര്‍വമംഗല പ്രൊഡക്ഷന്റെ ബാനറില്‍ പ്രവാസി മലയാളിയായ അജയ്കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കഥ തിരക്കഥ ജിനോയ് ജോസ്, ക്യാമറ മനേഷ് മാധവന്‍. എഡിറ്റിംഗ് പ്രവീണ്‍ മംഗലത്ത്. പശ്ചാത്തലസംഗീതം ബിജിബാല്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

No stories found.
The Cue
www.thecue.in