'ലോക്ഡൗണായ ഓണം', ഷോർഫിലിം ലോഞ്ച് ചെയ്ത ദിവസം സംവിധായകന്‍ വാഹനാപകടത്തില്‍ മരിച്ചു

'ലോക്ഡൗണായ ഓണം', ഷോർഫിലിം ലോഞ്ച് ചെയ്ത ദിവസം സംവിധായകന്‍ വാഹനാപകടത്തില്‍ മരിച്ചു

ഓണത്തോട് അനുബന്ധിച്ച് ചിത്രീകരിച്ച 'ലോക്ഡൗണായ ഓണം' ഹ്രസ്വചിത്രത്തിന്റെ പ്രകാശനച്ചടങ്ങ് കഴിഞ്ഞ് മടങ്ങും വഴി സംവിധായകനായ സലീഷ് വെട്ടിയാട്ടില്‍ വാഹനാപകടത്തിൽ മരിച്ചു. അൽ അമൻ മൂവിസും അമ്മാ സിമന്റ്സും ചേർന്ന് ഒരുക്കിയ 'ലോക്ഡൗണായ ഓണം' ഹ്രസ്വചിത്രം ഉത്രാടനാളില്‍ ചാലക്കുടിയിലെ കലാഭവൻ മണിയുടെ രാമൻ സ്മാരക കലാഗ്രഹത്തിൽ വെച്ചായിരുന്നു പ്രകാശനം ചെയ്തത്. ചാലക്കുടിയില്‍ നിന്നും പരിപാടി കഴിഞ്ഞ് എറണാക്കുളത്തേയ്ക്ക് മടങ്ങും വഴി അങ്കമാലിയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് സലീഷ് മരണപ്പെട്ടത്. കലാഭവന്‍ മണിയുടെ സഹോദരന്‍ ഡോക്ടര്‍ ആര്‍ എല്‍ വി രാമകൃഷ്ണനും രാജൻപിദേവിന്റെ മകൻ ജൂബിൽ രാജൻപിദേവും ഷോർട്ഫിലിം പ്രകാശനച്ചടങ്ങിൽ പങ്കെടുത്തിരുന്നു.

കഴിഞ്ഞ രണ്ട് വർഷവും മഴയും പ്രളയവും കൊണ്ട് ഓണാഘോഷം മുടങ്ങിയ മലയാളിയുടെ ഇത്തവണത്തെ ഓണവും അത് കാണാനെത്തുന്ന മാവേലിയുടെ പ്രതികരണവുമാണ് 'ലോക്ഡൗണായ ഓണം' ഷോര്‍ട്ട്ഫിലിമിന്റെ പ്രമേയം. കൊറോണ സമയത്തെ ഓണാഘോഷങ്ങൾ എങ്ങനെയാണെന്നും രോ​ഗം പകരാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ചിത്രം പറയുന്നു. എസ്സാര്‍ മീഡിയ യൂ ട്യൂബിലൂടെയാണ് ഷോർട്ഫിലിം റിലീസ് ചെയ്തിരിക്കുന്നത്.

സീനുലാല്‍, സുമേഷ് തമ്പി, അംബിക മോഹന്‍, ദേവീക, പ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹ്രസ്വചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് റെനി ജോസഫാണ്. കുട്ടന്‍ ആലപ്പുഴ കാമറ ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് മുസ്തഫ കെ എ. എം സജയന്‍-അസോസിയേറ്റ് ഡയറക്ടര്‍, സരുണ്‍ വാസുദേവ്-അസിസ്റ്റന്റ് ഡയറക്ടര്‍, മനോജ് അങ്കമാലി-മേക്കപ്പ്, ബിജു-വസ്ത്രലങ്കാരം.

Related Stories

No stories found.
logo
The Cue
www.thecue.in