'ഓര്‍മ്മകള്‍, പ്രണയം, ജീവിതം'; റാള്‍ഫ് ടോം ജോസഫ് ഒരുക്കിയ ഹ്രസ്വചിത്രം 'രഘുറാം' കാണാം

'ഓര്‍മ്മകള്‍, പ്രണയം, ജീവിതം'; റാള്‍ഫ് ടോം ജോസഫ് ഒരുക്കിയ ഹ്രസ്വചിത്രം 'രഘുറാം' കാണാം

തൊണ്ണൂറുകളിലെ ജീവിതം, അന്നവിടെ ജീവിച്ചിരുന്ന യുവാക്കള്‍, കവിതയിലും, സാഹിത്യത്തിലും, എഴുത്തിലും, സൗഹൃദവുമെല്ലാം ഇഴചേര്‍ന്ന് കിടന്നിരുന്ന അവരുടെ യൗവ്വനകാലഘട്ടം. ആ കാലഘട്ടം പശ്ചാത്തലമായ സാഹിത്യ രചനകളും പഴയ ചിത്രങ്ങളുമെല്ലാം ഇന്നത്തെ തലമുറയ്ക്ക് ഒട്ടും പരിചിതമല്ലെങ്കിലും അത് എന്താണെന്ന കൗതുകം അവരിലുണ്ട്. പത്മരാജന്റെ എഴുത്തുകളും പ്രണയവുമെല്ലാം മനസില്‍ കൊണ്ട് നടക്കുന്നവര്‍ക്ക് ആ കാലഘട്ടം കാണാതെ തന്നെ ഓര്‍മകളിലുണ്ട്. ആ ഓര്‍മകളില്‍ നിന്ന് റാള്‍ഫ് ടോം ജോസഫ് ഒരുക്കിയ ഹ്രസ്വചിത്രമാണ് 'രഘുറാം'.

ഓര്‍മകളില്‍ ജീവിക്കുന്ന, ഓര്‍മ്മകള്‍ മുന്നോട്ട് കൊണ്ട് പോകുന്ന രഘുറാം എന്ന വ്യക്തിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഒരു കുഞ്ഞു ലോഡ്ജ് മുറി, അവിടെ താമസിക്കുന്ന രഘുറാം, അയാളുടെ സുഹൃത്തുക്കള്‍, പാട്ടും കവിതയുമായിട്ടുള്ള വൈകുന്നേരങ്ങള്‍ ഇതെല്ലാമാണ് അയാളുടെ ജീവിതം. എന്നാല്‍ അതിനെല്ലാമപ്പുറം അയാളെ മുന്നോട്ട കൊണ്ട് പോകുന്നത് അയാളുടെ ഓര്‍മയില്‍ അവസാനിക്കാതെ കിടക്കുന്ന ഒരു പെണ്‍കുട്ടിയോടുള്ള പ്രണയമാണ്, അത് അയാളെ എങ്ങോട്ട് നയിക്കുന്നുവെന്നും പിന്നീട് എന്ത് സംഭവിക്കുന്നുവെന്നുമാണ്ചിത്രം പറയാന്‍ ശ്രമിക്കുന്നത്.

സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ദൈര്‍ഘ്യം 16 മിനിറ്റാണ്, നരേറ്റീവ് സ്റ്റൈലില്‍ ചിത്രം പറയാന്‍ ശ്രമിക്കുന്ന തൊണ്ണൂറുകളുടെ പ്രണയവും ഓര്‍മകളും ഉണ്ടെങ്കിലും മേക്കിങ്ങില്‍ പലയിടത്തും ഇനിയും നന്നാക്കാമായിരുന്നു എന്ന തോന്നല്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടും. കഥാപരിസരവും കാലഘട്ടവും പ്രധാനമാണെന്നിരിക്കെ തന്നെ അത് കൃത്യമായി സ്ഥാപിച്ചെടുക്കാനും അണിയറപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല.

പ്രധാന കഥാപാത്രത്തിന്റെ നരേഷനിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. മേക്കിങ്ങില്‍ കുറവുകള്‍ അനുഭവപ്പെടുമ്പോഴും അയാള്‍ അനുഭവിക്കുന്ന കാത്തിരിപ്പും പ്രണയവും പ്രേക്ഷകരിലേക്കെത്തിക്കാന്‍ ചിത്രത്തിന് കഴിയുന്നു. സാം സൈമണ്‍ ജോര്‍ജ് ഒരുക്കിയ പശ്ചാത്തല സംഗീതം മികച്ചു നില്‍ക്കുന്നുണ്ട്. കാലഘട്ടവും പ്രണയവും പ്രേക്ഷകര്‍ക്ക് അനുഭവപ്പെടാന്‍ പ്രധാനകാരണം പശ്ചാത്തലസംഗീതമാണ്. വിഗ്നേഷ് ബി ശിവനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ഓര്‍മകളും അതിലെ പ്രണയവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്നിരിക്കെ അത് രണ്ടും ഇത്തിരിയെങ്കിലും മനസില്‍ കൊണ്ടു നടക്കുന്ന പ്രേക്ഷകര്‍ക്ക് തന്നെയാണ് ചിത്രം ഇഷ്ടപ്പെടുക. കുറവുകള്‍ ഉള്‍ക്കൊള്ളുമ്പോഴും, 14 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം കാണുന്നവരെ ചിത്രം നിരാശപ്പെടുത്തുകയില്ല.

Related Stories

No stories found.
logo
The Cue
www.thecue.in