കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം പ്രമേയമാക്കി 'പാഠം ഒന്ന് പ്രതിരോധം'; ഹ്രസ്വചിത്രമൊരുക്കി ആറാം ക്ലാസുകാരി

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം പ്രമേയമാക്കി 'പാഠം ഒന്ന് പ്രതിരോധം'; ഹ്രസ്വചിത്രമൊരുക്കി ആറാം ക്ലാസുകാരി

കുട്ടികള്‍ക്കു നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ ഹ്രസ്വചിത്രമൊരുക്കി ആറാം ക്ലാസുകാരി. തിരുവനന്തപുരം ശ്രീ നാരായണ പബ്‌ളിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മെഹ്‌റിന്‍ ഷെബീര്‍ ഒരുക്കിയ 'പാഠം ഒന്ന് പ്രതിരോധമാണ് ' കുട്ടിസംവിധായികയിലൂടെ ശ്രദ്ധേയമാകുന്നത്.

സ്വന്തമായി തോന്നിയ കാര്യങ്ങളാണ് ഷോര്‍ട്ഫിലിമിലൂടെ പറഞ്ഞിട്ടുളളതെന്ന് മെഹ്‌റിന്‍ പറയുന്നു. കുട്ടികള്‍ക്ക് മാത്രമല്ല, എല്ലാവരിലേയ്ക്കും ഇതുപോലുളള മെസേജുകള്‍ എത്തിക്കണമെന്ന് തോന്നി. അങ്ങനെ ചെയ്ത ഷോര്‍ട്ഫിലിമാണ് 'പാഠം ഒന്ന്, പ്രതിരോധം'. ഷൂട്ട് ചെയ്യുന്നതിന് മുമ്പായി സ്‌കൂളിലെ അധ്യാപകരെ വിളിച്ചിരുന്നു. ധൈര്യമായി ചെയ്‌തോളാനാണ് അവരൊക്കെ പറഞ്ഞതെന്നും എല്ലാവരും നല്ല പിന്തുണ നല്‍കുന്നുണ്ടെന്നും മെഹ്‌റിന്‍ പറഞ്ഞു

പത്രത്തിലും ടിവിയിലുമൊക്കെയായി വാര്‍ത്തകളൊക്കെ ശ്രദ്ധിക്കാറുണ്ട്. അവയില്‍ കൂടുതലും പീഡനവാര്‍ത്തകളാണ്. അന്യരായിട്ടുളള ആളുകള്‍ അടുത്തേയ്ക്ക് വിളിച്ചാല്‍ പോകരുത്, എന്തെങ്കിലും തന്നാല്‍ വാങ്ങരുത് എന്നൊക്കെ കുഞ്ഞിലേ മുതല്‍ കേട്ടാണല്ലോ വളരുന്നത്. ആ കൂട്ടത്തില്‍ ഇതുപോലുളള പീഡനവാര്‍ത്തകള്‍ കാണാനും തുടങ്ങിയപ്പോള്‍ എനിക്ക് പെട്ടെന്ന് മനസില്‍ തോന്നിയതാണ് ഇങ്ങനെയൊരു ഷോര്‍ട്ഫിലിം ചെയ്യണമെന്നുളളത്.

മെഹ്‌റിന്‍

ഷോര്‍ഫിലിം കണ്ട് നിര്‍മ്മാതാവും അഭിനേതാവുമായ മണിയന്‍പിള്ള രാജു മെഹ്‌റിനുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഷോര്‍ട്ട്ഫിലിം നന്നായിട്ടുണ്ട്, ഇനിയും ഇതുപോലെയുളള ആശയങ്ങള്‍ പങ്കുവെയ്ക്കണം, അടുത്ത ഷോര്‍ട്ഫിലിമിനുളള കോണ്‍സപ്റ്റ് തയ്യാറാണെങ്കില്‍ അത് നിര്‍മ്മിക്കാന്‍ താന്‍ തയ്യാറാണെന്നും എല്ലാവിധ സപ്പോര്‍ട്ടും നല്‍കാമെന്നും മണിയന്‍പിള്ള രാജു പറഞ്ഞതായി മെഹ്‌റിന്‍ പറയുന്നു. ഷോർട്ട്ഫിലിം ശ്രദ്ധയിൽപെട്ട കേന്ദ്രമന്ത്രി രാംദാസ് ആത്തവാലെയും മെഹ്റിന് അഭിനന്ദനവുമായി എത്തി. ലോകം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളിയായ ലൈംഗിക അക്രമങ്ങൾക്കെതിരെ ശക്തമായ പ്രതികരണമാണ് "പാഠം ഒന്ന് പ്രതിരോധം " എന്ന ഹൃസ്വചിത്രമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുളള ഷോര്‍ട്ഫിലിമില്‍ സംവിധായികയായ മെഹ്‌റിന്‍ തന്നെയാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. സഹോദരൻ അഫ്‌നാന്‍ റാഫി കാമറയും എഡിറ്റിംങും ചെയ്തിരിക്കുന്നു. മറ്റൊരു സഹോദരൻ ദുൽഫാൻ റാഫി ചിത്രത്തിന്റെ അസോയിയേറ്റ് ഡയറക്ടറായും വർക്ക് ചെയ്തിട്ടുണ്ട്. സ്മിത ആന്റണിയാണ് പശ്ചാത്തല സംഗീതം. ഷോര്‍ട്ട്ഫിലിമുകളിലൂടെയും മോട്ടിവേഷണല്‍ വീഡിയോകളിലൂടെയും മുമ്പും യൂട്യൂബില്‍ സജീവമാണ് ഈ കുട്ടി സംവിധായിക.

Related Stories

No stories found.
logo
The Cue
www.thecue.in