ചില ഹീറോകള്‍ എല്ലാം നഷ്ടപ്പെടുത്തിയേക്കും ; ഹ്രസ്വചിത്രം 'സൂപ്പര്‍ ഹീറോ' കാണാം

ചില ഹീറോകള്‍ എല്ലാം നഷ്ടപ്പെടുത്തിയേക്കും ; ഹ്രസ്വചിത്രം 'സൂപ്പര്‍ ഹീറോ' കാണാം

ഏതൊരു കുട്ടിയുടെയും ആദ്യത്തെ സൂപ്പര്‍ ഹീറോ അച്ഛനായിരിക്കുമെന്ന് പറയാറുണ്ട്. അവര്‍ കണ്ട് പഠിക്കുന്ന, അവര്‍ മാതൃകയാക്കുന്ന അച്ഛനില്‍ അവര്‍ അഭിമാനിക്കുകയും ചെയ്യും. നിഷ്‌കളങ്കമായ കുട്ടികളുടെ മനസില്‍ രൂപപ്പെടുന്നത് എന്തോ അതായിരിക്കും പിന്നീടുള്ള കാലങ്ങളിലും അവരുടെ അച്ഛനെപ്പറ്റി മനസിലുണ്ടാവുക. അത്തരത്തില്‍ അച്ഛനെ സൂപ്പര്‍ഹീറോ ആയി കണ്ട ഒരു കുട്ടിയുടെ കഥ പറയുന്ന ഹ്രസ്വചിത്രമാണ് വിനോദ് ഗംഗ സംവിധാനം ചെയ്ത 'സൂപ്പര്‍ഹീറോ'.

അച്ഛനും മകനും തമ്മിലുള്ള വളരെ അടുത്ത ബന്ധം ഒരു നിമിഷം തകരുന്നതും അത് സൂപ്പര്‍ഹീറോ എന്ന കാഴ്ചപ്പാട് തന്നെ മാറ്റുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. കണ്ട് പരിചയിച്ച ഒരു ഫീല്‍ഗുഡ് ചിത്രത്തിന്റെ സ്വഭാവത്തോടെയാണ് സൂപ്പര്‍ഹീറോ ആരംഭിക്കുന്നതെങ്കിലും, പിന്നീട് ഒരന്വേഷണത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നു.

സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് അനു മുരുകനാണ്, കിഷോര്‍ കൃഷ്ണ സംഗീതം ഒരുക്കിയിരിക്കുന്നു.

അവതരണ ശൈലിയും മികച്ച ക്ലൈമാക്‌സും പ്രേക്ഷകനെ ചിത്രത്തിലേക്ക് അടുപ്പിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന്റെ രണ്ട് കാലഘട്ടം കാണിക്കുന്നുണ്ടെങ്കിലും അതിലൊന്ന് കാഴ്ചയില്‍ ചിലരെയെങ്കിലും അലോസരപ്പെടുത്തിയേക്കാം. പ്രത്യേകിച്ചും ചിത്രത്തിന്റെ പ്രധാന ചില രംഗങ്ങള്‍ ആ കഥാപാത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ട്. എങ്കിലും പ്രമേയം കൊണ്ടും അവതരണം കൊണ്ടും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയാണ് സൂപ്പര്‍ഹീറോ

Related Stories

No stories found.
logo
The Cue
www.thecue.in