ചില കണ്ടെത്തലുകളും തിരിച്ചറിവുകളുമാണ് 'ഹാച്ചികോ'; റിച്ചി കെ എസിന്റെ ഹ്രസ്വചിത്രം

ചില കണ്ടെത്തലുകളും തിരിച്ചറിവുകളുമാണ്  'ഹാച്ചികോ'; റിച്ചി കെ എസിന്റെ ഹ്രസ്വചിത്രം

യജമാനന്‍ മരിച്ചിട്ടും ഒന്‍പത് വര്‍ഷത്തോളം അയാള്‍ക്ക് വേണ്ടി കാത്തിരുന്ന ജപ്പാനിലെ ഹാച്ചികോ എന്ന വളര്‍ത്തു നായയുടെ കഥ പ്രസിദ്ധമാണ്. ഏതൊരു മനുഷ്യന്റെയും കണ്ണ് നനയ്ക്കുന്ന ഹാച്ചികോയുടെ കഥ സിനിമയായപ്പോള്‍ സ്‌ക്രീനിലും പ്രേക്ഷകര്‍ക്ക് വിസ്മയമായിരുന്നു. ഒരു വളര്‍ത്തുമൃഗവും യജമാനനും തമ്മിലുള്ള ബന്ധം അതിലേറെ മനോഹരമായി വേറെയെങ്ങും വന്നിട്ടില്ലെന്ന് പറയാം.

ഏവര്‍ക്കും സുപരിചിതമായ ഹാച്ചികോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് റിച്ചി കെ എസ് ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള 'ഹാച്ചികോ' എന്ന ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. കാണാതായ വളര്‍ത്തുനായയെ തേടി അലയുന്ന ഒരു ചെറുപ്പക്കാരനില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്.

നായക്കുട്ടിയെ എവിടെ തിരയണമെന്നറിയാതെ വിഷമിക്കുന്ന യുവാവിന്റെ അന്വേഷണവും അത് ലക്ഷ്യത്തിലെത്താതെ അവസാനിക്കുമ്പോള്‍ ഏത് സാഹചര്യത്തിലാണ് വളര്‍ത്തുനായയെ കാണാതായത് എന്നുമാണ് ചിത്രം പറയുന്നത്.

ചിലപ്പോള്‍ മനുഷ്യരേക്കാള്‍ കരുതലാണ് മൃഗങ്ങള്‍ക്ക് എന്ന തിരിച്ചറിവും ചിത്രം പ്രേക്ഷകരില്‍ ജനിപ്പിക്കുന്നു. റിയ എന്ന പഗ്ഗാണ് ചിത്രത്തിലെ വളര്‍ത്തുനായായി എത്തുന്നത്. ഹാച്ചികൊ എന്ന പേരും കഥയും സുപരിചിതമായത് കൊണ്ട് തന്നെ സിനിമാസ്വാദകര്‍ക്ക് ചിത്രം എന്തായിരിക്കും എന്ന കാര്യത്തില്‍ കാര്യമായ സര്‍പ്രൈസ് ഒന്നും തന്നെ ഒരുക്കുന്നില്ല.

ക്ലൈമാക്‌സില്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു വിഷയം ചിത്രം പറഞ്ഞുവെയ്ക്കുന്നുണ്ട്. എന്നാല്‍ ഹാച്ചികോ എന്ന പേരില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന വളര്‍ത്തു നായയുടെ കഥയുടെ വിവിധ തലങ്ങള്‍ ചിത്രത്തിലില്ല, പ്രത്യേകിച്ചും വൈകാരിക നിമിഷങ്ങള്‍ പഗ്ഗിന്റെ മുഖത്ത് പെട്ടന്ന് പ്രതിഫലിക്കും എന്നിരിക്കെ തന്നെ അത് കാര്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതും സംശയമാണ്.

അരുണ്‍ സേതുമാധവും വി മഹാദേവനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിനോദ് എം രവിയാണ് ഛായാഗ്രാഹണം. കൈലാഷ് എസ് ഭവന്‍, ശരണ്‍ ജി എന്നിവര്‍ ചേര്‍ന്ന് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in