ക്വാറന്റൈനില്‍ വിവാഹത്തിന് അനുഗ്രഹവുമായി ജോണി ആന്റണി, കോവിഡിനെതിരെ ഒമ്പത് ചെറുസിനിമകളുമായി ഫെഫ്ക

ക്വാറന്റൈനില്‍ വിവാഹത്തിന് അനുഗ്രഹവുമായി ജോണി ആന്റണി, കോവിഡിനെതിരെ ഒമ്പത് ചെറുസിനിമകളുമായി ഫെഫ്ക

കോവിഡ് വ്യാപനത്തിനെതിരായ ബോധവല്‍ക്കരണവുമായി ഒമ്പത് ചെറുചിത്രങ്ങളുമായി ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. മഞ്ജു വാര്യരുടെ വിവരണത്തോടെയാണ് ഹ്രസ്വ സിനിമകള്‍. ഒന്‍പത് വിഷയങ്ങളെ ലളിതമായി ആവിഷ്‌ക്കരിക്കുന്ന ചിത്രങ്ങളില്‍ മഞ്ജു വാര്യര്‍ , കുഞ്ചാക്കോ ബോബന്‍ , ടൊവിനോ തോമസ് , വിഷ്ണു ഉണ്ണികൃഷ്ണന്‍ , രജീഷ വിജയന്‍ , കുഞ്ചന്‍ , അന്ന രാജന്‍ , മുത്തുമണി , ജോണി ആന്റണി , സോഹന്‍ സീനുലാല്‍ , സിദ്ധാര്‍ത്ഥ ശിവ തുടങ്ങിയവരും പങ്കാളികളാകുന്നു .

ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലിക്കെത്താന്‍ കഴിയാത്ത വീട്ടുജോലിക്കാരിക്ക് ശമ്പളം മുന്‍കൂറായി നല്‍കുന്ന വനജയെക്കുറിച്ചുള്ള ചെറു സിനിമയാണ് ആദ്യം പുറത്തിറക്കിയത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ ചലച്ചിത്ര മേഖലയെ പ്രമുഖര്‍ ചേര്‍ന്നാണ് ഹ്രസ്വ സിനിമ പുറത്തിറക്കിയത്. മുത്തുമണി സോമസുന്ദരം കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന വണ്ടര്‍ വുമണ്‍ വനജയ്ക്ക് പിന്നാലെ ജോണി ആന്റണി കേന്ദ്ര കഥാപാത്രമായി സൂപ്പര്‍മാന്‍ സദാനന്ദന്‍ എന്ന ചെറുചിത്രവും എത്തി. വിദേശത്ത് നിന്നെത്തി നിരീക്ഷണത്തില്‍ കഴിയവേ മരുമകളുടെ വിവാഹത്തിന് അനുഗ്രഹം നല്‍കുന്ന കഥാപാത്രത്തെയാണ് ജോണി ആന്റണി അവതരിപ്പിക്കുന്നത്.

ഫെഫ്ക തുടങ്ങാനിരുന്ന എന്റര്‍ടെയിന്‍മെന്റ് യൂട്യൂബ് ചാനല്‍ ഈ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഒന്‍പത് ബോധവല്‍ക്കരണ ചിത്രങ്ങളുമായി ആരംഭിക്കുകയായിരുന്നുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷനുമായി ചേര്‍ന്നാണ് ഫെഫ്ക ഈ ചിത്രങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് പൂര്‍ത്തിയാക്കിയിട്ടുള്ളത് . ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരും താരങ്ങളും ഫെഫ്കയുടെ ഈ സംരംഭവുമായി സൗജന്യമായാണ് സഹകരിച്ചിട്ടുള്ളതെന്നും ബി ഉണ്ണിക്കൃഷ്ണന്‍.

Related Stories

No stories found.
logo
The Cue
www.thecue.in