'സ്‌നേഹം അരച്ചു ചേര്‍ത്തുണ്ടാക്കിയൊരു ചിക്കു ഷേക്ക്'; ഷോര്‍ട് ഫിലിം മഡ് ആപ്പിള്‍സ്

'സ്‌നേഹം 
അരച്ചു ചേര്‍ത്തുണ്ടാക്കിയൊരു
ചിക്കു ഷേക്ക്'; ഷോര്‍ട് ഫിലിം മഡ് ആപ്പിള്‍സ്

നാട്ടിന്‍ പുറത്തിന്റെ നന്മയും കുട്ടികളുടെ നിഷ്‌കളങ്കതയുമെല്ലാം ഷോര്‍ട്ഫിലിമുകളില്‍ നിരവധി തവണ പ്രമേയമായിട്ടുള്ള വിഷയങ്ങളാണ്. എന്നാല്‍ യൂട്യൂബില്‍ വിറ്റു പോകുന്ന വെറും നന്മയില്‍ നിന്ന് അവതരണം കൊണ്ടും മേക്കിങ്ങ് കൊണ്ടും ശ്രദ്ധ നേടുകയാണ് മഡ് ആപ്പിള്‍സ് എന്ന ഷോര്‍ട്ട് ഫിലിം. അക്ഷയ് കീച്ചേരി സംവിധാനം ചെയ്ത ചിത്രം പറയുന്നത് സഹോദരന്മാരായ രണ്ട് കുട്ടികളുടെ ഒരു ദിവസത്തെ കഥയാണ്.

വിഷു കൈനീട്ടം കിട്ടിയ ചെറിയ പൈസ കൊണ്ട് ഷേക്ക് കുടിക്കാന്‍ പോകുന്ന കുട്ടികള്‍, ഒരെണ്ണം അവര്‍ പങ്കിട്ടു കുടിക്കുന്നു, കൊതി മാറാതാകുമ്പോള്‍ പണം തികയാക്കാത്തത് കൊണ്ട് അടുത്തത് വീട്ടില്‍ ഉണ്ടാക്കാന്‍ തീരുമാനിക്കുന്നു. ഇത്രയേ ഉള്ളു മഡ് ആപ്പിളിന്റെ കഥ. കേള്‍ക്കുന്നവര്‍ക്ക് അതൊരു ക്ലീഷേ, ഫീല്‍ഗുഡ് നന്മ നിറഞ്ഞ സ്ഥിരം കഥയാണെന്ന് തോന്നാം, അല്ലെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നില്ല മറിച്ച് ലളിതമായ ഈ പ്രമേയം അതേ ലാളിത്യം വിടാതെ പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍ ചെയ്തിരിക്കുന്നത്.

സഹോദരന്മാരായ രണ്ട് കുട്ടികളിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ കഥ പറയുന്നത്. ഒരു ഗ്രാമത്തിന്റെ, പ്രത്യേകിച്ചും അവധിക്കാലത്തിന്റെ പ്രതീതി തുടക്കം മുതലെ ചിത്രത്തിന് നല്‍കാന്‍ കഴിയുന്നു. ഗൃഹാതുരത്വം ഉണര്‍ത്തുന്ന വിഷ്വലുകള്‍ നന്നായി തന്നെ നിഖില്‍ സുരേന്ദ്രന്‍ എന്ന ക്യാമറമാന്‍ പകര്‍ത്തിയിട്ടുണ്ട്. ആദ്യത്തെ മിനിറ്റുകളില്‍ പ്രേക്ഷകനിലേക്ക് പകരുന്ന ഈ സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ഫീല്‍ തന്നെയാണ് പിന്നീട് കുട്ടികളിലേക്ക് കഥ മാറുമ്പോഴും പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്. നരേറ്റീവില്‍ വലിയ ട്വിസ്റ്റുകളൊന്നും തിരുകിക്കയറ്റാതെ സിംപിളായി തന്നെയാണ് ചിത്രം പൂര്‍ണമായും അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനകഥാപാത്രങ്ങളായി അഭിനയിച്ച രണ്ട് കുട്ടികളും, അമ്മയും ചിത്രത്തെ എന്‍ഗേജിങ്ങ് ആക്കുന്നുണ്ട്. മഹേഷ് ആലച്ചേരിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

19 മിനിറ്റോളം ദൈര്‍ഘ്യമുള്ള ചിത്രം പ്രേക്ഷകരെ മുന്നോട്ട് കൊണ്ടുപോകുന്നത് അതിന്റെ സംഗീതം കൊണ്ടുകൂടിയാണ്. ചിത്രത്തിന്റെ പ്രധാനമായ ഒരിടത്ത് വരുന്ന പാട്ട് കൃത്യമായി അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, എങ്കിലും പശ്ചാത്തലസംഗീതം സിനിമ മുഴുവനായി നിറഞ്ഞു നില്‍ക്കുകയാണോ എന്ന് തോന്നിയാല്‍ തെറ്റുപറയാനാവില്ല, വലിയ ഏറ്റക്കുറച്ചിലുകളൊന്നുമില്ലാത്ത അവതരണമായതിനാല്‍ അത് ഫീല്‍ ഗുഡ് സ്വഭാവം ആദ്യം മുതലെ പശ്ചാത്തലസംഗീതത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്, എങ്കിലും അത് അണിയറപ്രവര്‍ത്തകരുടെ കൈവിട്ട് പോയിട്ടില്ല.

കിഷന്‍ മോഹനും നിഖില്‍ തോമസും ചേര്‍ന്നാണ് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. ഇഷ്രാഗാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മാണം കിഷന്‍ മോഹന്‍. ചിത്രം യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in