‘അതിഥി തൊഴിലാളികള്‍ക്ക് സാമൂഹ്യ അടുക്കള, തൊഴിലാളികളെയും അവശരെയും മറക്കരുത്’

‘അതിഥി തൊഴിലാളികള്‍ക്ക് സാമൂഹ്യ അടുക്കള, തൊഴിലാളികളെയും അവശരെയും മറക്കരുത്’
courtesy: the quint
Summary

ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ , എങ്ങനെയാണ് രാജ്യം ഈ പ്രതിസന്ധിയെ തരണം ചെയ്യേണ്ടതെന്നതില്‍ നിലപാട് അറിയിക്കുകയാണ് സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ ജേതാക്കളായ അമര്‍ത്യസെന്‍,അഭിജീത് ബാനര്‍ജി എന്നിവരും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനം. പ്രസക്ത ഭാഗങ്ങള്‍

ദേശീയതലത്തിലും പ്രാദേശിക നിലയിലും ലോക്ക് ഡൗണ്‍ നീണ്ടുനില്‍ക്കുമെന്ന് വ്യക്തമായിരിക്കുകയാണ്. ഉപജീവനമാര്‍ഗം ഇല്ലാതായതും വിതരണ സംവിധാനങ്ങളിലെ തടസങ്ങളും വന്‍തോതില്‍ ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. അതു തന്നെ വലിയ ദുരന്തമായിരിക്കെ, നഷ്ടപ്പെടാന്‍ ഏറെയൊന്നുമില്ലാത്ത അവര്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളില്‍ നിന്ന് വ്യാപകമായി വ്യതിചലിക്കുന്ന അപകടസാധ്യതയുമുണ്ട്. ഈ സാഹചര്യത്തില്‍ പരിമിത രീതിയിലെങ്കിലും അവരുടെ ആവശ്യങ്ങള്‍ നടപ്പിലാക്കപ്പെടുമെന്ന് സമൂഹം ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ വര്‍ഷം മാര്‍ച്ചിലെ കണക്കനുസരിച്ച് എഫ്സിഐയുടെ പക്കല്‍ 77 ദശലക്ഷം ടണ്‍ ഭക്ഷ്യശേഖരമുണ്ട്. എക്കാലത്തേക്കാളും ഉയര്‍ന്ന തോതിലാണിത്. ബഫര്‍ സ്റ്റോക്ക് സൂക്ഷിക്കേണ്ടതിന്റെ മൂന്നിരട്ടി കൂടതലുമുണ്ട്. റാബി വിളവെടുപ്പിന് ശേഷം ഇതില്‍ സ്വാഭാവിക വര്‍ധനവുമുണ്ടാകും. ലോക്ക് ഡൗണിനെ തുടര്‍ന്നുള്ള കാര്‍ഷികരംഗത്തെ തടസങ്ങള്‍ തിരിച്ചറിഞ്ഞ സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് സാധനങ്ങള്‍ ഏറ്റെടുക്കുന്നത് ഊര്‍ജിതമാക്കിയിട്ടുണ്ട്.

പൊതുവിതരണ സംവിധാനം വഴി അടുത്ത മൂന്ന് മാസത്തേക്ക് കാര്‍ഡുടമകള്‍ക്ക് അധികമായി 5 കിലോ ഭക്ഷ്യസാധനങ്ങള്‍ നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ അത് മൂന്ന് മാസം മതിയാകില്ല. ലോക്ക് ഡൗണ്‍ അധികം വൈകാതെ അവസാനിച്ചാലും സമ്പദ് വ്യവസ്ഥ പൂര്‍വസ്ഥിതിയിലാകാന്‍ വൈകും. കൂടാതെ പാവപ്പെട്ട വലിയ വിഭാഗം മതിയായ രേഖകളും മറ്റുമില്ലാത്തിന്റെ പേരില്‍ റേഷന്‍ സമ്പ്രദായത്തില്‍ നിന്ന് പുറത്തുമാണ്. ഇതുവരെ ലഭിച്ചുവരുന്നവര്‍ക്ക് മാത്രമാണ് അധിക വിഹിതം ലഭിക്കുക. ഉദാഹരണത്തിന് ഝാര്‍ഖണ്ഡിലെ കണക്ക് പരിശോധിച്ചാല്‍ 7 ലക്ഷം റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ പരിഗണനയ്ക്കായുണ്ട്. കൂടാതെ അര്‍ഹരായ നിരവധി പേരുടെ അപേക്ഷകള്‍ തടഞ്ഞുവെയ്ക്കപ്പെട്ടതായും വിവരമുണ്ട്. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആറുമാസത്തേക്ക് താല്‍ക്കാലിക റേഷന്‍ കാര്‍ഡ് അനുവദിക്കുന്നതാണ് പരിഹാരമാര്‍ഗം. അത്തരത്തില്‍ പൊതുവിതരണ സമ്പ്രദായം വിപുലപ്പെടുത്തണം. കൂടാതെ വീടുകളില്‍ നിന്ന് അകലെയായ അതിഥി തൊഴിലാളികള്‍ക്കായി സാമൂഹ്യ അടുക്കളകള്‍ ആരംഭിക്കണം. കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്ന് നല്‍കുന്നതിന് തത്തുല്യമായ ഭക്ഷണം വീടുകളില്‍ എത്തിച്ച് നല്‍കണം.

അപ്രതീക്ഷിതമായുണ്ടായ വരുമാന നഷ്ടമാണ് മറ്റൊരു പ്രധാന പ്രശ്നം. കൃഷിക്കാര്‍ക്ക് അടുത്ത സീസണിലേക്കായി വിത്തുകളുള്‍പ്പെടെ വാങ്ങേണ്ടതുണ്ട്. എത്രമാത്രം സാധനങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്ന് കടക്കാര്‍ക്ക് തീരുമാനിക്കേണ്ടതായുണ്ട്. കുടിശ്ശികയായ വായ്പയടവുകള്‍ എങ്ങനെ തീര്‍ക്കുമെന്ന് നിരവധി പേര്‍ക്ക് ആശങ്കയുമുണ്ട്. അവശവിഭാഗങ്ങള്‍ക്ക് പണം എത്തിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും അത് തീരെ കുറവാണ്. ചെറിയ വിഭാഗത്തെ മാത്രം മുന്നില്‍ക്കണ്ടുമാണ്. തൊഴിലാളികളെ ഉള്‍പ്പെടുത്താതെ കര്‍ഷകര്‍ക്ക് മാത്രമാക്കരുത്. ലോക്ക് ഡൗണില്‍ തൊഴിലുറപ്പ് പദ്ധതി തടസപ്പെട്ടിരിക്കുകയാണെന്ന് ഓര്‍ക്കണം. 2019 മുതല്‍ തൊഴിലുറപ്പ് പട്ടികയിലുള്ളവരെയും ജന്‍ ആരോഗ്യ ഉജ്വല പദ്ധതിയുടെ പരിധിയില്‍ വരുന്നവരെയും കണ്ടെത്തി അവരുടെ ജന്‍ധന്‍ അക്കൗണ്ടിലേക്ക് അയ്യായിരം രൂപ വീതം നിക്ഷേപിക്കുകയെന്ന പി ചിദംബരത്തിന്റെ ആശയം പ്രാവര്‍ത്തികമാക്കാവുന്നതാണ്. അതേസമയം ഈ പട്ടിക മുഴുവന്‍ അര്‍ഹരെയും ഉള്‍ക്കൊള്ളുന്നതാകണമെന്നില്ല. അതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന അവശവിഭാഗക്കാരായവരെയെല്ലാം കണ്ടെത്തി ഇതിന്റെ ഭാഗമാക്കുകയും വേണം. വരും മാസങ്ങളില്‍ സര്‍ക്കാരിന് തങ്ങളുടെ ധന സ്രോതസ്സുകളെ വന്‍തോതില്‍ ആശ്രയിക്കേണ്ടിവരുമെന്നതിനാല്‍ ബുദ്ധിപൂര്‍വമുള്ള ചെലവഴിക്കലാണ് വേണ്ടത്. എന്നാല്‍ പാവപ്പെട്ടവരോട് ലുബ്ധ് കാണിക്കുകയുമരുത്.

AD
No stories found.
The Cue
www.thecue.in