ക്യാപ്റ്റന്‍ റോയ് ജേക്കബ് തോമസ്സും സംഘവും നടത്തിയ സാഹസിക 'ദൗത്യം'

ക്യാപ്റ്റന്‍ റോയ് ജേക്കബ് തോമസ്സും സംഘവും നടത്തിയ സാഹസിക 'ദൗത്യം'
Summary

ദൗത്യം പുറത്തിറങ്ങി 32 വര്‍ഷമാകുന്നു. സനുജ് സുശീലന്‍ എഴുതിയ കുറിപ്പ്

സ്കൂളിൽ പഠിക്കുമ്പോഴാണ് ഈ സിനിമ ആദ്യമായി കാണുന്നത്. ആയിടയ്ക്കുള്ള നാനയിലും വെള്ളിനക്ഷത്രത്തിലുമെല്ലാം മോഹൻലാൽ ഒരു വെള്ളച്ചാട്ടത്തിൽ കയർ കെട്ടി മുകളിലേയ്ക്കു കയറുന്ന ചിത്രങ്ങൾ വലിയ പ്രാധാന്യത്തോടെ അച്ചടിച്ച് വന്നിരുന്നു. യാത്രാമദ്ധ്യേ കാടിനുള്ളിൽ തകർന്നു വീഴുന്ന ഒരു വിമാനം. അതിൽ പ്രധാനപ്പെട്ട ചില രഹസ്യ രേഖകളുമുണ്ട്. വിമാനം തകർന്നു വീണ ഭാഗത്ത് ചില ഗൂഢസംഘങ്ങളുമുണ്ട്. ഇതെല്ലാം അതിജീവിച്ചു പൈലറ്റുമാരെ രക്ഷപെടുത്തി ആ രേഖകൾ തിരിച്ചെടുക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന ക്യാപ്റ്റൻ റോയ് ജേക്കബ് തോമസ്സും സംഘവും നടത്തുന്ന സാഹസിക ദൗത്യമാണ് ചിത്രത്തിന്റെ കാതലായ ഭാഗം. 1989 ഫെബ്രുവരി 9 നാണ് ഈ സിനിമ റിലീസായത്

അന്നത്തെ കാലത്തു വന്നുകൊണ്ടിരുന്ന സാധാരണ മലയാളം ആക്ഷൻ സിനിമകളിൽ നിന്നും ബഹുദൂരം മുന്നിലായിരുന്നു ദൗത്യം. ഇപ്പോൾ കണ്ടാൽ പോലും ഒരു കല്ലുകടിയും തോന്നാത്ത വിധത്തിലുള്ള സാങ്കേതിക മേന്മ ഈ ചിത്രത്തിനുണ്ടായിരുന്നു.

ഐ വി ശശിയ്ക്കൊപ്പം ദീർഘകാലം സഹസംവിധായകനായിരുന്ന അനിൽ അടിവേരുകൾ എന്ന ആദ്യ ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത ചിത്രമാണിത്. സുരേഷ്‌ഗോപി, ബാബു ആന്റണി തുടങ്ങിയ താരങ്ങളുടെ മികച്ച വേഷങ്ങളായിരുന്നു ചിത്രത്തിൽ. ത്യാഗരാജൻ ചിട്ടപ്പെടുത്തിയ ഉദ്വെഗജനകമായ രംഗങ്ങൾ ചിത്രത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. ഹോളിവുഡ് ചിത്രങ്ങളിൽ കാണുന്ന തരം അവതരണമായിരുന്നു . പ്രത്യേകിച്ച് ആ വിമാനം കാട്ടിനുള്ളിൽ ലാൻഡ് ചെയ്യുന്ന സീൻ. ഒരു ചെറിയ സെസ്‌ന വിമാനം ഉപയോഗിച്ചാണ് അത് ചിത്രീകരിച്ചിരിക്കുന്നത്. അന്ന് തിരുവനന്തപുരം ഫ്ലയിങ് ക്ലബിൽ ഉണ്ടായിരുന്ന പരിശീലന വിമാനമായിരുന്നു അതെന്നാണ് ഓർമ. എല്ലാ സിനിമകളിലെയും പോലെ അതിസമർത്ഥമായി ലാൽ ആ ക്യാപ്റ്റന്റെ വേഷം അവതരിപ്പിക്കുകയും ചെയ്തു. തൊട്ടു മുന്നിലത്തെ വർഷം ഇറങ്ങിയ മൂന്നാംമുറയിൽ ലാൽ അവതരിപ്പിച്ച അലി ഇമ്രാന്റെ ഷേഡുകൾ കടന്നു വരാതെ ഇത് വ്യത്യസ്തമായി ലാൽ ചെയ്തിട്ടുണ്ട്. വാഴച്ചാൽ , ഹൊഗെനക്കൽ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇതൊക്കെ ഷൂട്ട് ചെയ്തത്.

അന്നത്തെ അത്യുഗ്രൻ ഛായാഗ്രഹകരായ ജയാനൻ വിൻസന്റും, A വിൻസന്റും ജെ വില്യംസുമാണ് ക്യാമറ ചലിപ്പിച്ചത്. കയറിൽ തൂങ്ങിയും മരത്തിനു മുകളിൽ കയറിയുമൊക്കെ ആർക്കും കിട്ടാത്ത ആംഗിളുകൾ അന്വേഷിച്ചു നടന്നിരുന്ന വില്യംസ് ഇതിലെ ആക്ഷൻ രംഗങ്ങൾ അതിലെ രസം ചോർന്നു പോകാതെ പകർത്തിയെടുത്തിട്ടുണ്ട്. എസ്സ് പി വെങ്കടേഷിന്റെ സംഗീതവും ഇതിനെ കൂടുതൽ ഭംഗിയാക്കി.

അധികം ചർച്ച ചെയ്തു കണ്ടിട്ടില്ലാത്ത ഒരാളാണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഇരുനൂറോളം സിനിമകൾ എഡിറ്റ് ചെയ്ത കെ നാരായണൻ. അവളുടെ രാവുകൾ,1921 തുടങ്ങി ഒരുപാടു ചരിത്ര വിജയങ്ങളായ ചിത്രങ്ങൾ നാരായണനാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ വാർഷികം ആഘോഷിച്ച നാടോടിക്കാറ്റ് പോലെയുള്ള സിനിമകളും അതിൽ പെടുന്നു.അദ്ദേഹം ജോലി ചെയ്തിട്ടുള്ള ചിത്രങ്ങളുടെ ലിസ്റ്റ് കണ്ടാൽ നിങ്ങളുടെ കണ്ണ് തള്ളും. മലയാളത്തിലെ പണ്ടത്തെ ഹിറ്റ്‌ ചിത്രങ്ങൾ മിക്കതും ആ ലിസ്റ്റിലുണ്ട്. നാലു തവണ സംസ്ഥാന അവാർഡ് വാങ്ങിയ അദ്ദേഹമാണ് ദൗത്യം എഡിറ്റ് ചെയ്തത്. മൂവിയോള പോലുള്ള പരിമിതമായ സൗകര്യങ്ങൾ കൊണ്ട് അദ്ദേഹം ചെയ്തിരിക്കുന്ന മാജിക് ഈ ചിത്രത്തിൽ കാണാൻ കഴിയും.

ഈ ചിത്രത്തിന് വേറൊരു പ്രത്യേകതയുമുണ്ട്. ഇതിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഗായത്രി അശോകനാണ്. നൂറുകണക്കിന് ചിത്രങ്ങളുടെ പരസ്യങ്ങളിൽ നമ്മൾ കണ്ടിട്ടുള്ള ആ പേര് ആദ്യമായി ഒരു കഥാകൃത്തിന്റെ സ്ഥാനത്തു വന്നത് ഈ സിനിമയിലാണ്. തഴക്കം ചെന്ന കലാകാരന്മാർക്ക് ചെയ്യാൻ പറ്റുന്ന അത്രയും തന്നെ മികച്ച രീതിയിൽ അദ്ദേഹം അത് നിർവഹിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ പരസ്യങ്ങളിലും അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ട്. അദ്ദേഹം വെറുമൊരു ചിത്രകാരൻ മാത്രമല്ല, സിനിമയെ പറ്റി അഗാധമായ അറിവുള്ള ഒരാൾ കൂടിയാണെന്ന് അറിയുക.

Related Stories

No stories found.
logo
The Cue
www.thecue.in