ഏതെങ്കിലുമൊരു തമ്പിലേക്കല്ലാതെ മനുഷ്യൻ എങ്ങോട്ടാണ് ?

ഏതെങ്കിലുമൊരു തമ്പിലേക്കല്ലാതെ മനുഷ്യൻ എങ്ങോട്ടാണ് ?
Summary

'ഏതെങ്കിലുമൊരു തമ്പിലേയ്ക്കല്ലാതെ മനുഷ്യൻ എങ്ങോട്ടാണ് സഞ്ചരിക്കുക എന്ന അസ്തിത്വപരമായ ചോദ്യം', ജി.അരവിന്ദന്റെ 'തമ്പ്' വീണ്ടും കാണുമ്പോള്‍. സംവിധായകന്‍ പ്രേംലാല്‍ എഴുതുന്നു

മലയാളസിനിമയിൽ കഥ പറയുന്നവർക്കിടയിൽ കഥ കാണിച്ചുതരുന്ന സംവിധായകനായി വേറിട്ടുനില്ക്കുന്നു, അരവിന്ദൻ. അത്രമേൽ ശക്തമായ, ലോകോത്തരമായ ദൃശ്യഭാഷയെന്ന് നിസ്സംശയം പറയാൻ ഒരു പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന ചിത്രങ്ങളാണ് അരവിന്ദന്റേത്. 'തമ്പ് ' അതിൽ മുൻനിരയിൽ വരുന്നു. കാഴ്ച എന്ന പ്രകടനാത്മകമായ പ്രവർത്തനത്തെയും കാഴ്ചക്കാരനെയും ഈ ചിത്രം സാമൂഹികമായും ദാർശനികമായും വ്യാഖ്യാനിക്കുന്നു.

നാടുചുറ്റി നാടുതോറും സർക്കസ് കളിക്കാൻ വരുന്ന സംഘങ്ങൾ ശുഷ്കമായ കാഴ്ചയല്ലായിരുന്ന ഒരു കാലഘട്ടത്തിലാണ് ' തമ്പ് ' പിറവിയെടുക്കുന്നത്. എന്നാൽ അത്തരം തമ്പുകൾ നമ്മുടെ നാട്ടിൽ ദുർല്ലഭ കാഴ്ചയായി, ഒരു മുറിവേറ്റ അനുഭവമായി അവശേഷിക്കുന്ന ഇക്കാലത്തും 'തമ്പ് ' എന്ന ചലച്ചിത്രത്തിന് പ്രസക്തിയുണ്ട്. കാരണം, അരവിന്ദന്റെ തമ്പ് കേവലമായ സർക്കസ് പ്രകടനങ്ങൾ മാത്രം നടക്കുന്ന ഒരിടമല്ല. കാഴ്ചക്കാരും കളിക്കാരും ഒരേ സമയം പരസ്പരം വേഷങ്ങൾ വെച്ചുമാറുന്ന ജീവിതം എന്ന ഏറ്റവും വലിയ തമ്പാണ് പുഴയോരക്കാറ്റിൽ നമുക്കു മുമ്പിൽ വിറകൊണ്ട് നില്ക്കുന്ന കൂടാരമാകുന്നത്.

ആ മനുഷ്യർ പ്രേക്ഷകന്റെ കാഴ്ചയുടെ ബിന്ദു തന്നെയായി മാറുന്നു. എന്നാലതേ സമയം അവർ സ്വയം അനിശ്ചിതത്വത്തിന്റേയും ഇല്ലായ്മയുടെയും ഘനീഭവിച്ച ദുഃഖത്തിന്റെയും ആകെത്തുകയായ ജീവിതം കണ്ടുകൊണ്ടിരിക്കുന്ന വെറും കാഴ്ചക്കാരായി മാറുന്നുമുണ്ട്.
the hindu

പുതിയ സ്ഥലത്തേക്കുള്ള തമ്പിലെ കലാകാരന്മാരുടെ യാത്രയിലൂടെയാണ് സിനിമ തുടങ്ങുന്നത്.ലോറിയുടെ പുറകിൽ ക്ഷീണിച്ചും ഉറങ്ങിയും മടുപ്പോടെ കാഴ്ചകൾ കണ്ടും നിർവ്വികാരതയുടെ ആൾരൂപങ്ങളായി മാറിയും കുട്ടികളും സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന പല പ്രായക്കാരായ സർക്കസുകാരുടെ സമീപദൃശ്യങ്ങൾ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം കാഴ്ച തന്നെയാവുന്നുണ്ട്. സർക്കസ് കളിക്കാത്ത സമയമായിരുന്നിട്ടും ആ മനുഷ്യർ പ്രേക്ഷകന്റെ കാഴ്ചയുടെ ബിന്ദു തന്നെയായി മാറുന്നു. എന്നാലതേ സമയം അവർ സ്വയം അനിശ്ചിതത്വത്തിന്റേയും ഇല്ലായ്മയുടെയും ഘനീഭവിച്ച ദുഃഖത്തിന്റെയും ആകെത്തുകയായ ജീവിതം കണ്ടുകൊണ്ടിരിക്കുന്ന വെറും കാഴ്ചക്കാരായി മാറുന്നുമുണ്ട്.

ദൃശ്യഭാഷയുടെ ഏറ്റവും ശക്തിമത്തായ മാർഗ്ഗവും ടൂളും ആയ 'ഡീറ്റെയ് ലിങിന്റെ യഥാർത്ഥ ശക്തി അരവിന്ദൻ ചിത്രങ്ങളുടെ മനോഹാരിതയാണ്. ആ മനോഹാരിത 'തമ്പി'ലും സുലഭം. മനുഷ്യരുടെയും അവരുടെ കൗതുകങ്ങളുടെയും ഭാവങ്ങളുടെയും ഏറ്റവും സൂക്ഷ്മവും വ്യാഖ്യാനക്ഷമതയുള്ളതുമായ നിരവധി സമീപദൃശ്യങ്ങൾ കഥ പകർത്തിവെക്കുന്നതിനായി അരവിന്ദൻ ഉപയോഗപ്പെടുത്തുന്നു. സാമ്പ്രദായികമായ ഒരു കഥയുടെയോ തിരക്കഥയുടെയോ പിൻബലം തമ്പിൽ പ്രേക്ഷകന് കാണാൻ കഴിയില്ല. അതേ സമയം ഒരു സംവിധായകൻ പറയാനുദ്ദേശിക്കുന്ന ജീവിതങ്ങളുടെ കാഴ്ചയും ദർശനവും പ്രേക്ഷകന് ക്ലേശങ്ങളില്ലാതെ തന്നെ പകർന്നു കിട്ടുകയും ചെയ്യുന്നു എന്നതാണ് ശ്രദ്ധേയം.

കാണികളായി വന്നവർ സ്വയം കാഴ്ചയായി മാറുന്ന ആ ജീവിതത്തിന്റെ ആന്തരികപ്പൊരുളിലേയ്ക്ക് അരവിന്ദൻ ക്യാമറ വെയ്ക്കുന്നു.

ജീവിതം എന്ന തമ്പിനകത്തെ കാഴ്ചകൾ കണ്ടുകൊണ്ടിരിക്കുന്ന മനുഷ്യർ എത്ര പെട്ടെന്നും വിസ്മയകരമാം വിധത്തിലുമാണ് സ്വയം തമ്പിനകത്തെ കളിക്കാരായി പരിവർത്തനപ്പെടുന്നത് എന്ന് അരവിന്ദൻ കാണിച്ചുതരുന്നു.സർക്കസ് കാണാൻ വന്നിരിക്കുന്ന സ്ത്രീകളും കുട്ടികളും വൃദ്ധരും ധനാഢ്യരും പത്രക്കാരനുമൊക്കെ ട്രപ്പീസിലെ പ്രകടനങ്ങളും സൈക്കിളഭ്യാസവും കോമാളികളുടെ തമാശകളും വന്യമൃഗങ്ങളുടെ പ്രകടനങ്ങളുമൊക്കെ കണ്ട് അത്ഭുതപ്പെട്ടും പൊട്ടിച്ചിരിച്ചും വീർപ്പടക്കിപ്പിടിച്ചും ഉൽക്കണ്ഠപ്പെട്ടുമൊക്കെ ഇരിക്കുന്നതിന്റെ വ്യത്യസ്ത ദൃശ്യങ്ങൾ ഒരു സമയത്ത് പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം സർക്കസിനേക്കാൾ വലിയ കാഴ്ചയായി മാറുന്നുണ്ട്. കാണികളായി വന്നവർ സ്വയം കാഴ്ചയായി മാറുന്ന ആ ജീവിതത്തിന്റെ ആന്തരികപ്പൊരുളിലേയ്ക്ക് അരവിന്ദൻ ക്യാമറ വെയ്ക്കുന്നു.

അതേസമയം തമ്പിനകത്തെ കാണികളെ മാത്രമല്ല സിനിമ കാണിച്ചുതരുന്നത്. പുഴക്കര മൈതാനിയിൽ തുടങ്ങാൻ പോകുന്ന ഗ്രേയ്റ്റ് ചിത്രാ സർക്കസിന്റെ പരസ്യാർത്ഥം ബാന്റുമേളത്തിന്റെ അകമ്പടിയോടെ സർക്കസിലെ കോമാളികളും മറ്റും നോട്ടീസ് വിതരണവുമായി നാട്ടുവഴികളിലൂടെയും പാടവരമ്പുകളിലൂടെയും നടന്നുപോകുന്ന രംഗമുണ്ട്.,പിന്നീട് ആ രംഗത്തെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ അമ്പലക്കമ്മറ്റിക്കാർ ചെണ്ടമേളത്തിന്റെ പശ്ചാത്തലത്തിൽ അതേവഴികളിലൂടെയൊക്കെത്തന്നെ ഉത്സവപ്പിരിവിനായി സഞ്ചരിക്കുന്നുണ്ട്. സാർവ്വലൗകികമായ ജീവിതാനുഭവങ്ങളുടെ സാമൂഹ്യ-രാഷ്ട്രീയബോധമുള്ള ഇത്തരം ചിത്രീകരണമികവ് 'തമ്പി'ൽ യഥേഷ്ടം കാണാം.

പുലിയെ തോളിലെടുക്കുന്ന പ്രകടനം നടത്തുന്നയാളെയും വലിയ കല്ല് തോളിലിട്ട് അമ്മാനമാടുന്ന കായികാഭ്യാസിയെയും പകർത്തിവെയ്ക്കുന്ന ക്യാമറ തമ്പിനു പുറത്തെ പ്രത്യേകതകളുള്ള ജീവിതങ്ങളെയും സമാന്തരമായി സമീപിക്കുകയും 'കാഴ്ച'യ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു. പണം കൊണ്ട് ബഹുമാനം വിലയ്ക്കുവാങ്ങാൻ കെല്പുള്ള കമ്പനിമുതലാളിയെ പഞ്ചായത്ത് ഭരണകൂടവും മറ്റും തോളിലല്ല തലയിൽത്തന്നെ എടുത്തുവെയ്ക്കുന്ന പ്രകടനം നടത്തുന്നുണ്ട്.അതേ സമയം കമ്പനിക്കു പുറത്ത് അവകാശങ്ങൾക്കായി മുദ്രാവാക്യങ്ങൾ ഉയരുന്നതും നാം കേൾക്കുന്നു.

മുതലാളിയുടെ വീട്ടിനകത്ത് അധികാരത്തിന്റെയും സമ്പത്തിന്റെയും വിനിമയമാർഗ്ഗമെന്ന തരത്തിൽ ആവിഷ്ക്കരിക്കപ്പെടുന്ന സുഭിക്ഷമായ മദ്യസൽക്കാരത്തിൽ നിന്ന് തമ്പിനകത്തെ പ്രായമായ കലാകാരന്റെ ഷഷ്ഠിപൂർത്തിയുടെ ഉള്ളതു പങ്കിട്ടെടുക്കുന്ന ചെറിയ ആഘോഷത്തിലേയ്ക്കും ക്യാമറ സഞ്ചരിക്കുന്നുണ്ട്. അതേ സമയം മദ്യലഹരിയിൽ താളത്തിനൊപ്പം രണ്ടു ചുവടുവെച്ചു പോയതിന് സർക്കസ് മാനേജരുടെ മുറിവേറ്റ അധികാരബോധം പ്രായംചെന്ന കലാകാരനെ അടിച്ച് താഴെയിടുന്നുമുണ്ട്.

നാം ഓരോരുത്തരും കാഴ്ചക്കാർ മാത്രമല്ല, ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഏതൊക്കെയോ തമ്പുകളിലെ കളിക്കാർ തന്നെയാണ് എന്ന തിരിച്ചറിവിലേയ്ക്ക് ചലച്ചിത്രകാരൻ നമ്മെ നയിക്കുന്നു.

തമ്പിൽ കാണികളൊഴിഞ്ഞു തുടങ്ങുന്ന വേള. അമ്പലപ്പറമ്പിൽ വെളിച്ചപ്പാടന്മാരുടെ താളനിബദ്ധമായചുവടുകളും ആട്ടങ്ങളും കണ്ട് നില്ക്കുന്ന വലിയ ജനക്കൂട്ടമുണ്ട്. ആ കാണികളെ ആകർഷിക്കുന്ന വിധത്തിൽ ചുവടുകൾ വെയ്ക്കുന്ന വെളിച്ചപ്പാടിന്റെ കാലുകളിൽ നിന്ന് കട്ട് ചെയ്ത് ദൃശ്യം മാറുമ്പോൾ പ്രേക്ഷകൻ കാണുന്നത് തമ്പിനകത്ത് ഒറ്റക്കമ്പിയുടെ മുകളിൽ ബാലൻസ് ചെയ്തു നില്ക്കാൻ പാടുപെടുന്ന യൗവ്വനം വറ്റിപ്പോയ ലക്ഷ്മി എന്ന സർക്കസ് കലാകാരിയെയാണ്.പ്രേക്ഷകനെ ഞെട്ടിച്ചുകൊണ്ട്, നിങ്ങൾ കാഴ്ച കണ്ടിരിക്കുന്നത് ഞാനറിയുന്നുണ്ട് എന്ന് ഞെട്ടലുളവാക്കുന്ന വിധത്തിൽ ബോദ്ധ്യപ്പെടുത്തിക്കൊണ്ട് ലക്ഷ്മി ക്യാമറയിലേയ്ക്ക് (പ്രേക്ഷകനിലേയ്ക്ക്) നോക്കുന്നു."ആറാം വയസ്സില് വീടുവിട്ടിറങ്ങി;അമ്മയ്ക്കന്ന് 10 ഉറുപ്പിക കിട്ടി. 44 കൊല്ലം കഴിഞ്ഞു... തളർന്നിരിക്കുന്നു" എന്ന് ലക്ഷ്മി നമ്മോട് പറയുമ്പോൾ കാഴ്ചകണ്ടുകണ്ടിരുന്നിട്ടും നാം അവരെ കണ്ടതേയില്ലല്ലോ എന്ന വേദന പ്രേക്ഷകനെ പൊതിയുന്നു.അതിനുമപ്പുറത്ത് സിനിമയ്ക്കു പുറത്തെ കാഴ്ചക്കാർ എന്നതിൽ നിന്ന് പ്രേക്ഷകരും സ്വയം സിനിമയ്ക്കകത്തെ (തമ്പിനകത്തെയും) കാഴ്ചക്കാരായി മാറുന്നു. കഥാപാത്രങ്ങൾക്കും പ്രേക്ഷകനുമിടയിലെ തിരശ്ശീല അലിഞ്ഞില്ലാതാകുന്നു. ലക്ഷ്മി തമ്പിനു പുറത്തേയ്ക്കിറങ്ങി ദൂരെ ആകാശത്ത് അമ്പലപ്പറമ്പിലെ വെടിക്കെട്ട് കണ്ടു നില്ക്കുന്നു. ഒപ്പം മറ്റു ട്രപ്പീസുകാരികളും കോമാളികളുമൊക്കെ കാഴ്കണ്ട്.. കാഴ്ച ഒരുക്കുന്നവർ എന്ന നിലയിൽ നിന്ന് കാഴ്ചക്കാർ എന്ന നിലയിലേക്ക് മാറുന്നു.

നാം ഓരോരുത്തരും കാഴ്ചക്കാർ മാത്രമല്ല, ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഏതൊക്കെയോ തമ്പുകളിലെ കളിക്കാർ തന്നെയാണ് എന്ന തിരിച്ചറിവിലേയ്ക്ക് ചലച്ചിത്രകാരൻ നമ്മെ നയിക്കുന്നു. ആൽത്തറയ്ക്കൽ ഇടയ്ക്ക കൊട്ടുന്നത് കേട്ട് ആനന്ദിക്കാൻ കഴിയുന്ന, മുതലാളിയുടെ ഏകാകിയും നിശ്ശബ്ദനുമായ മകൻ ചിത്രത്തിന്റെ ഒടുവിൽ മറ്റൊരിടത്തേയ്ക്ക് യാത്രയാകുന്ന സർക്കസ്കാരുടെ സംഘത്തോട് ' ഞാനും കൂടെ വന്നോട്ടെ' എന്നു ചോദിക്കുമ്പോൾ ഏതെങ്കിലുമൊരു തമ്പിലേയ്ക്കല്ലാതെ മനുഷ്യൻ എങ്ങോട്ടാണ് സഞ്ചരിക്കുക എന്ന അസ്തിത്വപരമായ ചോദ്യം പ്രേക്ഷകന്റെ ഉള്ളിലും ബാക്കിയാകുന്നു

Related Stories

No stories found.
logo
The Cue
www.thecue.in