ബുരാരിയിലെ നിഗൂഢ മരണങ്ങള്‍ക്ക് പിന്നിലെ ഡയറികുറിപ്പുകള്‍ | BURARI DEATHS EXPLAINED

ബുരാരിയിലെ നിഗൂഢ മരണങ്ങള്‍ക്ക് പിന്നിലെ ഡയറികുറിപ്പുകള്‍ | BURARI DEATHS EXPLAINED

2018 ജൂലൈ 1 ഞായറാഴ്ച്ച ഡൽഹിയിലെ ബുരാരി ഒരു അസാധാരണ സംഭവത്തിന് സാക്ഷ്യം വഹിച്ചു. ബുരാരിയിലെ ശാന്ത് നഗറിൽ 20 വർഷത്തോളമായി താമസിക്കുന്ന ഭാട്ടിയ ഫാമിലിയിലെ 11 ആളുകളെയും മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ 10 അംഗംങ്ങൾ തൂങ്ങി മരിച്ച നിലയിലും, പതിനൊന്നാമത്തെ ആളും വീട്ടിലെ ഏറ്റവും പ്രായം ചെന്ന ആളുമായ നാരായണി ദേവിയെ മുറിയിലെ കട്ടിലിനോട് ചേർന്ന് മരിച്ചു കിടക്കുന്നതുമായാണ് കണ്ടത്. വെറുമൊരു ആത്മഹത്യയല്ല എന്നതായിരുന്നു ബുരാരി മരണങ്ങളിലേക്ക് രാജ്യ ശ്രദ്ധ കൊണ്ട് വന്നത്. കൈകളും കാലുകളും കെട്ടി, വായയിൽ തുണി തിരുകി, കണ്ണുകള്‍ മൂടിയ നിലയിൽ ആയിരുന്നു ഓരോരുത്തരുടെയും മൃതദേഹങ്ങൾ.

എന്താണ് ബുരാരിയിൽ സംഭവിച്ചത്?

പോലീസിന്റെ പ്രാഥമിക നിഗമനം ബുരാരിയിൽ നടന്നത് ഒരു കൊലപാതകം ആയിരിക്കും എന്നായിരുന്നു. ആദ്യം സംഭവ സ്ഥലത്ത് എത്തിയത് അയൽക്കാരനായിരുന്നു. എല്ലാ ദിവസവും കാലത്ത് 5 മണിക്ക് കട തുറക്കുന്നവരെ കാണാതെ ആയപ്പോഴാണ് ഗുർചരൻ സിംഗ് അവരുടെ വീട്ടിലേക്ക് പോയത്. വാതിൽ അകത്ത് നിന്നും പൂട്ടിയിട്ട് ഇല്ലായിരുന്നു, പതിയെ തുറന്ന് അകത്ത് കയറിയപ്പോ ആരെയും കണ്ടില്ല, മുകളിലെ നിലയിലേക്ക് കയറി ചെന്നപ്പോഴാണ് സീലിങ്ങിൽ നിന്ന് തൂങ്ങി നിൽക്കുന്ന 10 പേരെയും കാണുന്നത്. പെട്ടെന്ന് തന്നെ ആളുകളെ വിളിച്ചു കൂട്ടുന്നു, പോലീസ് വരുന്നു, ബുരാരി മരണങ്ങൾ വലിയ രീതിയിൽ ചർച്ചയാകുന്നു. സംഭവ സ്ഥലത്ത് ആദ്യം എത്തിയ പോലീസ് ഓഫീസർ ഹെഡ് കോൺസ്റ്റബിൾ രാജീവ് തോമറിനെ ആദ്യം സ്ട്രൈക്ക് ചെയ്തത്, ആൽമരത്തിന്റെ വേരുകൾ പോലെ സീലിങ്ങിൽ നിന്നും ഇവർ തൂങ്ങി കിടക്കുന്നത് ആയിരുന്നു. ക്രൈം സീനിൽ അസാധാരണമായി ഒന്നും ഇല്ലായിരുന്നു, ആഭരണങ്ങളും മറ്റും മോഷണം പോവാത്ത സാഹചര്യത്തിൽ മോഷണ ശ്രമവും ഇല്ലായിരുന്നു എന്ന് പോലീസ് അനുമാനിച്ചു. എങ്കിലും ഒരു മാസ്സ് കില്ലിംഗ് എക്സിക്യൂട്ട് ചെയ്യണമെങ്കിൽ അത്രയും ആളുകളും കഴിഞ്ഞ രാത്രി ആ വീട്ടിൽ ഉണ്ടാവണമായിരുന്നു. പക്ഷെ പോലീസ് അതിനുള്ള സാധ്യതകളും തള്ളി കളഞ്ഞു. കൊലപാതകമല്ലെങ്കിൽ പിന്നെ എന്തിനു ആത്മഹത്യ?

പ്രാദേശിക തലം മുതൽ രാജ്യാന്തര തലം വരെ മീഡിയ ബുരാരി മരണങ്ങൾ ആഘോഷിച്ചു. പല രീതിയിലുള്ള തിയറികൾ കൊണ്ട് വന്നു. പക്ഷെ കൃത്യമായ ഒരു ഉത്തരത്തിൽ എത്താൻ ആർക്കും കഴിഞ്ഞില്ല. അങ്ങനെയിരിക്കെ അന്വേഷണങ്ങൾക്ക് ഇടയിൽ ആ വീട്ടിൽ നിന്നും പൊലീസിന് 11 നോട്ട്ബുക്കുകൾ ലഭിച്ചു. ആ നോട്ട്ബുക്കുകളിൽ എല്ലാം മതപരമായ പല ആചാരങ്ങളെ കുറിച്ച് എഴുതിയിരുന്നു. ആത്മഹത്യക്ക് തൊട്ടു മുന്നേ ഒരു ഹോമം നടന്നതിന്റെ അവശിഷ്ടങ്ങളും പൊലീസിന് ലഭിച്ചു. പിന്നീട് നാടാകെ പുതിയ വാർത്തകൾ പറന്നു. ബുരാരി കുടുംബത്തെ നിയന്ത്രിച്ചിരുന്നത് പുറത്തു നിന്നും ഒരു തന്ത്രിയാണെന്നും, അയാളുടെ നിർദ്ദേശപ്രകാരമാണ് ഈ ആത്മഹത്യ നടന്നതെന്നും. വീടിന്റെ രണ്ടാം നിലയിൽ ഇന്ന് പുറത്തോട്ട് നിൽക്കുന്ന 11 പൈപ്പുകൾ ശ്രദ്ധയിൽപ്പെട്ട ഒരു മാധ്യമപ്രവർത്തകൻ അപ്പോൾ തന്നെ അത് റിപ്പോർട്ട് ചെയ്തത്, പതിനൊന്നു എന്ന അക്കത്തിന് ഈ ആത്മഹത്യകൾക്ക് പുറകിൽ ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു. പിന്നീട് 11 എന്ന നമ്പറും ആയി ബന്ധപ്പെടുത്തിയായിരുന്നു മീഡിയ തിയറികൾ. പക്ഷെ അതുകൊണ്ട് ഒന്നും അവസാനിച്ചില്ല. cctv ദൃശ്യങ്ങളിൽ ലളിതിന്റെ ഭാര്യ ടീനയും മകൻ ശിവവും സ്റ്റൂളുകൾ വേടിച്ചുകൊണ്ട് വീട്ടിലേക്ക് വരുന്നത് പുറത്ത് നിന്ന് ഒരാളുടെ കടന്ന് വരവ് ഉണ്ടായിട്ടില്ല എന്ന് തീർച്ചപ്പെടുത്തി.

നോട്ട്ബുക്കുകൾ പരിശോധിച്ചതിന് ശേഷം കേസിൽ വഴിത്തിരിവ് ഉണ്ടായത് എങ്ങനെ?

വീട്ടിൽ നിന്നും ലഭിച്ച നോട്ട്ബുക്കുകൾ 2007 മുതൽ 2018 വരെ എഴുതിയതായിരുന്നു. 11 വർഷം ഈ നോട്ട്ബുക്കുകളിൽ അവർ എഴുതിയിരുന്നത് എന്തായിരുന്നു?? നോട്ട്ബുക്കിൽ ഒരുപാട് നിർദ്ദേശങ്ങൾ ഉണ്ടായിരുന്നു ആ വീട്ടിലുള്ളവർക് വേണ്ടി, ചില സമയങ്ങളിൽ അവരെ വഴക്ക് പറയുന്നുണ്ടായിരുന്നു നോട്ട്ബുക്കിലെ എഴുത്തിലൂടെ. ആരോ ഭാട്ടിയ കുടുംബത്തിലുള്ളവരോട് സംസാരിക്കുന്നതായി കൃത്യമായി മനസിലാക്കും വിധമായിരുന്നു 11 ബുക്കിലെയും എഴുത്ത്. ബുക്കിന്റെ അവസാന പേജിൽ ക്രൈം സീനിൽ കണ്ട എല്ലാ കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. അന്നേ ദിവസം അവർ ചെയ്ത എല്ലാ റിച്വൽസും, അവരുടെ ആത്മഹത്യയും വിവരിച്ചുകൊണ്ട് ഉള്ള ബുക്കിലെ പേജുകൾ കേസ് അന്വേഷണത്തിൽ വലിയൊരു വഴിത്തിരിവ് ആയിരുന്നു. അവരുടെ ആത്മഹത്യയെ ആ ബുക്കിൽ മെൻഷൻ ചെയ്തിരുന്നത് ബഡ് പൂജ എന്നായിരുന്നു. മുകളിൽ നിന്ന് താഴോട്ട് വേരുകൾ തൂങ്ങി കിടക്കുന്ന മരത്തെയാണ് ബഡ് എന്ന് വിളിക്കുന്നത്. നമ്മൾ തുടക്കത്തിൽ പറഞ്ഞ ഹെഡ് കോൺസ്റ്റബിൾ രാജീവ് തോമറിന്റെ നിരീക്ഷണവും ബഡ് പൂജയും തമ്മിൽ ബന്ധപ്പെട്ട കിടക്കുന്നത് ഇവിടെയാണ്. "ആൽമരത്തിന്റെ വേരുകൾ പോലെയായിരുന്നു മൃതദേഹങ്ങൾ തൂങ്ങി കിടന്നിരുന്നത്" എന്നത്. ആത്മഹത്യ നടക്കേണ്ട സമയം പുലർച്ചെ 1 മണിക്ക് ആണെന്ന് ഉള്ളതും ആ ബുക്കിൽ എഴുതിയിരുന്നു. ഭയവും ആകാംഷയും കൂട്ടാൻ ഇതിൽ കൂടുതൽ എന്ത് വേണം!!

എല്ലാ ദിവസവും തിയതി അനുസരിച്ച് എഴുതപ്പെട്ട രീതിയിലായിരുന്നു ബുക്കിലെ പേജുകൾ. എല്ലാ ദിവസവും വീട്ടിൽ ഉള്ളവർ ആ ഡയറിയെടുത്ത് അന്നേ ദിവസം ചെയ്യണ്ട കാര്യങ്ങളുടെ റൂട്ടീൻ ആ ബുക്കിൽ നോക്കി അതുപോലെ ചെയ്തിരുന്നു. അവരുടെ ജീവിതരീതി തന്നെ എങ്ങനെയായിരിക്കണം എന്ന് ആ ബുക്കുകൾ തീരുമാനിച്ചിരുന്നു. അടുത്ത ചോദ്യം ആ ഡയറികൾ എല്ലാം എഴുതിയിരുന്നത് ആരായിരുന്നു എന്നായിരുന്നു. ഭോപ്പാൽ സിങിന്റെ മരണത്തിനു ശേഷം ആ വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നത് കൂട്ടത്തിൽ ഇളയവൻ ആണെങ്കിലും ലളിത് ആയിരുന്നു. എല്ലാവരും ലളിത് പറയുന്നത് കേൾക്കുമായിരുന്നു എന്ന് സുഹൃത്തുക്കളും അയൽക്കാരും പറയുന്നു.

ഭോപ്പാൽ സിംഗിന്റെ മരണം 2006 ഒക്ടോബറിൽ ആയിരുന്നു, ഈ ഡയറികളിലെ ആദ്യത്തെ എൻട്രി 2007 സെപ്റ്റംബറിലും. ഡയറിയിൽ എഴുതിയിട്ടുള്ള ബഹുഭൂരിപക്ഷം കാര്യങ്ങളും ലളിതും ആയി ബന്ധപ്പെടുത്തിയായിരുന്നു. "ലളിത് പറയുന്നത് അനുസരിക്കണം, അവനെ ടെൻഷൻ ആക്കരുത്" അങ്ങനെയൊക്കെ. ഡയറികളിൽ നിന്നും വ്യക്തമായ കാര്യം ഭോപ്പാൽ സിംഗിന്റെ മരണ ശേഷം ലളിത് പിതാവിനോട് സംസാരിക്കാറുണ്ടായിരുന്നു എന്നും അതുപോലെ തന്നെ ഭോപ്പാൽ സിംഗ് പറയുന്ന കാര്യങ്ങൾ വീട്ടിലുള്ള ബാക്കിയുള്ളവരുടെ കമ്മ്യൂണിക്കേറ്റ് ചെയ്യാനാണ് ആ ഡയറികൾ ഉപയോഗിച്ചിരുന്നത് എന്നും. ഭുവനേശിന്റെ മകളായ നീതു സുഹൃത്തുക്കളോട് എല്ലാം പറഞ്ഞിരുന്നു തന്റെ അങ്കിൾ മുത്തച്ഛന്റെ ആത്മാവുമായി സംസാരിക്കാറുണ്ടെന്നും, ഞങ്ങടെ കുടുംബത്തെ നയിക്കുന്നത് ആ ആത്മാവ് ആണെന്നും. ഇത് ഡയറികളിലെ എഴുത്തിനെ ജസ്റ്റിഫൈ ചെയ്തു.

ഭോപ്പാൽ സിങിന്റെ മരണം വരെ ഫൈനാൻഷ്യലി സ്ട്രഗിൾ ചെയുന്ന ഒരു കുടുംബമായിരുന്നു അവരുടേത്, ബഡ് പൂജ ചെയ്ത് തുടങ്ങിയതിനു ശേഷം അവർക്ക് സാമ്പത്തിക പരമായ ഉയർച്ച വന്നത് അവരെ ഇത്തരമൊരു അന്ധവിശ്വാസത്തിൽ ആഴ്ന്നു പോവാൻ കാരണമായി. ഇതിൽ ഏറ്റവും അധികം ചിന്തിപ്പിച്ച കാര്യം എന്തുക്കൊണ്ട് ആത്മഹത്യക്ക് 10 ദിവസം മുന്നേ അവർ പ്രിയങ്കയുടെ എൻഗേജ്‌മെന്റ് സുഹൃത്തുക്കളെയും കുടുംബക്കാരെയും എല്ലാം വിളിച്ച് ആഘോഷപൂർവമായി നടത്തി? ആത്മഹത്യക്ക് മുന്നേ കുടുംബാഗംങ്ങളുടെ കൈ കാലുകൾ ബന്ധിക്കുവാൻ ലളിതിനെ സഹായിച്ചത് ടീന ആയിരുന്നു എന്ന് പോലീസ് ഫൈനലൈസ് ചെയ്തു.

ഉത്തരങ്ങൾ ആണല്ലോ എല്ലാ കേസിനെയും അവസാനിപ്പിക്കുന്നത് ഇവിടെയും കേസിന്റെ conclusion ഇന്റെരെസ്റ്റിംഗ് ആയിരുന്നു. എല്ലാ ചോദ്യങ്ങളും ചെന്ന് അവസാനിച്ചത് നാരായണി ദേവിയുടെ ഇളയ മകനായ ലളിതിൽ ആയിരുന്നു. 1988 ൽ കോളേജ് പഠന കാലത്ത് ആയിരുന്നു ലളിതിന്റെ ജീവിതത്തിലെ ആദ്യ ബൈക്ക് ആക്സിഡന്റ്. ആ ആക്‌സിഡന്റിൽ ഇച്ചിരി സീരിയസ് ആയ ഹെഡ് ഇഞ്ചുറി സംഭവിച്ചിരുന്നു. അതിനു ശേഷം ഇടക്ക് ഇടക്ക് ഉറങ്ങി പോവുമായിരുന്നു ലളിത്. സംസാരിച്ചുകൊണ്ട് ഇരിക്കുന്നതിന്റെ ഇടയിലെല്ലാം frequent ആയി ഉറങ്ങി പോവുമായിരുന്നു. പിന്നീട് ഡൽഹിയിലേക്ക് മാറിയതിനു ശേഷം 2004ൽ ലളിതിനു നേരെ ഒരു അറ്റാക്ക് നടന്നിരുന്നു, ജോലി ചെയ്തിരുന്ന കടയിലെ ഓണറുമായി ഉണ്ടായ വാക്ക് തർക്കത്തിനൊടുവിൽ ലളിതിനെ കടയിലിട്ട് പൂട്ടി കടക്ക് തീ വെച്ചു. ആ അപകടത്തിൽ ലങ്സിൽ സ്‌മോക്ക് കയറി ലളിതിനെ സംസാരിക്കാൻ കഴിയാതെ ആയി. ലളിത് പിന്നീട് ആരോടും സംസാരിച്ചട്ടില്ല. ഒരുപക്ഷെ ആ അപകടം ഉണ്ടാക്കിയ ട്രോമാ ആയിരിക്കാം ലളിതിനെ കൊണ്ട് സംസാരിപ്പിക്കാതെ ഇരുന്നത്, പക്ഷെ ശരിക്കും ലളിതിന്റെ ശബ്ദം പോയോ? അയാൾ ആ വീടിനകത്ത് ഉള്ളവരോട് സംസാരിച്ചിരുന്നോ?

2004 ലെ ആക്‌സിഡന്റിനു ശേഷം ലളിതിനെ സൈക്കോളജിസ്റ്റിനെ കാണിക്കാൻ ഡോക്ടർമാർ പറഞ്ഞിരുന്നെങ്കിലും പ്രാന്തുള്ളവരെയാണ് സൈക്കോളജിസ്റ്റിന്റെ അടുത്ത് കൊണ്ട് പോകേണ്ടത് എന്ന് പറഞ്ഞ് ആരും ട്രീറ്റ് ചെയ്തില്ല. ഒരുപക്ഷെ കൃത്യ സമയത്ത് ട്രീറ്റ് ചെയാതെയിരുന്ന ട്രോമയായിരിക്കാം ഒരു സൈക്കോസിസ് ലളിതിൽ ക്രിയേറ്റ് ചെയ്തത്, അതിന്റെ അനന്തര ഫലമായിരിക്കാം ബുരാരി മരണങ്ങൾ. സൈക്കോസിസിന്റെ ഡയറക്റ്റ് റിസൾട്ട് ആയി മനഃശാസ്ത്രജ്ഞർ പറയുന്നത് ഇത്തരത്തിൽ പല സൗണ്ടുകൾ കേൾക്കാൻ പറ്റുമെന്നതാണ്. അത് തന്നെയായിരിക്കാം ഭോപ്പാൽ സിംഗ് തന്നോട് സംസാരിക്കുന്നതായി ലളിതിനു തോന്നാനുള്ള കാരണവും. ലളിത് പറയുന്ന കാര്യങ്ങൾ ചെയ്തു തുടങ്ങിയപ്പോൾ അവരുടെ കുടുംബത്തിൽ വന്ന മാറ്റങ്ങൾ കൊണ്ട് ആയിരിക്കണം എല്ലാവരും ലളിതിനെ അനുസരിക്കാൻ തുടങ്ങി, ലളിത് പറയുന്ന കാര്യങ്ങൾ കേൾക്കുവാൻ തുടങ്ങി. പതിയെ പതിയെ കുറച്ചു ഭയപ്പെടുത്തുന്ന രീതിയിലാണെങ്കിലും ആ വീട്ടിലെ അവസാന വാക്ക് ലളിതിന്റെത് ആയി മാറി. അവർ ഓരോരുത്തരുടെയും ജീവിതം എങ്ങനെയായിരിക്കണം എന്ന് വരെ ലളിത് തീരുമാനിച്ചു. പ്രിയങ്കയുടെ എൻഗേജ്‌മെന്റിനു ശേഷം ലളിത് കുറച്ചധികം റിസേർവ്ഡ് ആയേനെ അയൽവാസികൾ പറയുന്നു. ഒരുപക്ഷെ മനഃശാസ്ത്രജ്ഞർ പറഞ്ഞത് പോലെ പ്രിയങ്ക വിവാഹം കഴിഞ്ഞ് മറ്റൊരു കുടുംബത്തിൽ പോയാൽ ഭാട്ടിയ ഫാമിലിയിൽ സംഭവിക്കുന്നത് എല്ലാം പുറംലോകം അറിയും എന്ന ഭയമായിരിക്കും ലളിതിനെ ജൂൺ 30 നു നടന്ന അവസാന റിച്വലിനു ട്രിഗ്ഗർ ചെയ്തത്. സൈക്കോളജിസ്റ്റുകളുടെ അവസാന നിഗമനം ലളിത് അനുഭവിച്ചിരുന്ന ഡില്യൂഷണൽ ഡിസോർഡർ, ആ വീട്ടിൽ ഒരു shared psychotic disorder സൃഷ്ടിക്കുകയും, അത് ഈ മരണങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു എന്ന് conclude ചെയ്യാം.

നെറ്ഫ്ലിസ് ഡോക്യുമെന്ററി ഹൌസ് ഓഫ് സീക്രെട്സ്; ബുരാരി ഡെത്ത്‌സ് ഈ ആത്മഹത്യകളുടെ ചുരുളഴിക്കാൻ ശ്രമിക്കുന്നതാണ്. ബുരാരി മരണങ്ങളെ കുറിച്ച് കൂടുതൽ അറിയുവാൻ ഹൌസ് ഓഫ് സീക്രെട്സ് ഉറപ്പായും സഹായിക്കും. ലീന യാദവും അനുഭവ ചോപ്രയും വളരെ ഡീറ്റൈൽഡ് ആയ മേക്കിങ് കൊണ്ട് കണ്ടിരിക്കുന്നവരെ ഞെട്ടിക്കും എന്നതിൽ സംശയമില്ല.

മുകളിൽ പറഞ്ഞ ബുരാരി മരണങ്ങളിലെ ഉത്തരങ്ങൾ എല്ലാം "ഇങ്ങനെയൊക്കെ ആയിരിക്കാം സംഭവിച്ചത്" എന്ന രീതിയിൽ മാത്രമേ നമ്മുക്ക് ഉൾക്കൊള്ളാൻ സാധിക്കുകയുള്ളു. കാരണം കൃത്യമായ ഉത്തരങ്ങൾ പറഞ്ഞു തരേണ്ടവർ ആരും ഇന്ന് ജീവനോടെയില്ല!!

The Cue
www.thecue.in