ഒഴിവ്, പി.എസ്.സി നിയമനം, സര്‍വീസിലുള്ള ജീവനക്കാര്‍ ?, എത്രയെന്ന് ഏകീകൃത കണക്കില്ലെന്ന് കൈമലര്‍ത്തി സര്‍ക്കാര്‍
PSC

ഒഴിവ്, പി.എസ്.സി നിയമനം, സര്‍വീസിലുള്ള ജീവനക്കാര്‍ ?, എത്രയെന്ന് ഏകീകൃത കണക്കില്ലെന്ന് കൈമലര്‍ത്തി സര്‍ക്കാര്‍

കെ. പി. സബിന്‍

കെ. പി. സബിന്‍

നൂറോളം വകുപ്പുകളിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും പി.എസ്.സി മുഖേനയോ അല്ലാതെയോ നടത്തുന്ന നിയമനങ്ങള്‍ സംബന്ധിച്ച് ക്രോഡീകരിച്ച കണക്കില്ലെന്ന് സര്‍ക്കാര്‍. ഇപ്പോള്‍ സര്‍വീസില്‍ എത്ര സ്ഥിര ജീവനക്കാരും വിവിധ തരത്തില്‍പ്പെടുന്ന താല്‍ക്കാലികക്കാരും ആശ്രിത നിയമനം ലഭിച്ചവരും ഉണ്ടെന്ന ഏകീകൃത കണക്ക് സൂക്ഷിക്കുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ മറുപടി. എന്തിനേറെ, എല്ലാ തരത്തിലുമായുള്ള ആകെ ജീവനക്കാരുടെ എണ്ണം പോലും വകുപ്പിന് വ്യക്തമാക്കാനാകുന്നില്ല. ഒഴിവുകളെക്കുറിച്ചും സ്ഥിര,താല്‍ക്കാലിക,ആശ്രിത നിയമനങ്ങളെക്കുറിച്ചും അതാത് വകുപ്പുകളോട് ചോദിക്കണമെന്നാണ് മറുപടി. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്കുമുന്നിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധീനതയിലുള്ള വകുപ്പ് കൈമലര്‍ത്തുന്നത്.

sys 8

ഇരുട്ടില്‍ത്തപ്പി ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ്

സര്‍ക്കാരിന്റെ മുഴുവന്‍ വകുപ്പുകളിലെയും അംഗീകൃത സ്റ്റാഫ് സ്ട്രങ്ത്, സ്റ്റാഫ് പാറ്റേണ്‍ എന്നിവ എത്രയാണെന്ന് ആരാഞ്ഞതിന് മറുപടിയില്ല. സര്‍ക്കാര്‍ സര്‍വീസില്‍ എത്ര ജീവനക്കാരുണ്ട്, പി,എസ്.സി മുഖേന നിയമനം നേടിയവരുടെ എണ്ണം, എന്നീ ചോദ്യങ്ങള്‍ക്കും ഉത്തരമില്ല. താല്‍ക്കാലികം, കാഷ്വല്‍, അഡ്‌ഹോക്, ദിവസവേതനം, കരാര്‍, ബാദ്‌ലി,പാര്‍ട്ട് ടൈം, കണ്ടിജന്റ്, സബ് കോണ്‍ട്രാക്ട്, എന്നീ വിഭാഗങ്ങളിലായി നിലവില്‍ എത്ര ജീവനക്കാര്‍ ഉണ്ടെന്നതിനും മറുപടിയില്ല. എത്ര താല്‍ക്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്നോ ഓരോ വകുപ്പുകളിലും ഏതെല്ലാം മാര്‍ഗങ്ങളില്‍ നിയമനം നടത്തുന്നുണ്ടെന്നോ വ്യക്തമാക്കുന്നില്ല.1999 ലെ ആശ്രിത നിയമന സ്‌കീം പ്രകാരം ഇതുവരെ എത്രപേര്‍ നിയമനം നേടിയെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്‌ അറിയില്ല. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി എത്ര നിയമനം നടത്തിയെന്നും, ഓരോ വകുപ്പുകളിലും സൂപ്പര്‍ ന്യൂമറി പോസ്റ്റില്‍ ജോലി ചെയ്യുന്ന എത്രപേരുണ്ടെന്നും വ്യക്തമാക്കാനാകുന്നില്ല. പ്രതീക്ഷിത ഒഴിവുകള്‍, ക്രമരഹിതമായ നിയമനങ്ങള്‍, ആശ്രിതനിയമനങ്ങള്‍ കണക്കാക്കുന്നതെങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ക്കും വിശദീകരണമില്ല. ഉന്നയിച്ചവയുടെ വിശദാംശങ്ങള്‍ അതത് വകുപ്പുകളിലേ ഉള്ളൂവെന്നും അവിടങ്ങളില്‍ ചോദിക്കണമെന്നുമാണ് പറയുന്നത്. വിവരങ്ങള്‍ ക്രോഡീകരിച്ച് നല്‍കുക, സംശയനിവാരണം നടത്തുക എന്നിവ വിവരാവകാശത്തിന്റെ പരിധിയില്‍ വരില്ലെന്നും സുദീര്‍ഘവും സങ്കീര്‍ണവുമായ ചോദ്യങ്ങള്‍ പാടില്ലെന്നുമുള്ള വിചിത്രമായ ഉപദേശവും അണ്ടര്‍ സെക്രട്ടറിയുടെ മറുപടിയിലുണ്ട്.

ബുദ്ധിമുട്ട് പറഞ്ഞ് ഒഴിയാനാകില്ല

ഇത്രയും വകുപ്പുകളില്‍ നിന്ന് വിവരങ്ങള്‍ ക്രോഡീകരിച്ച് ലഭ്യമാക്കുക ബുദ്ധിമുട്ടാണെന്ന് പറഞ്ഞൊഴിയാന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന് സാധിക്കില്ല. ഓരോ സര്‍ക്കാര്‍ വകുപ്പുകളിലെയും തസ്തികകളുടെ എണ്ണം, ജീവനക്കാരുടെ വിശദാംശങ്ങള്‍ പ്രതീക്ഷിത ഒഴിവുകള്‍ തുടങ്ങിയ കാര്യങ്ങള്‍ പൊതു വെബ്‌സൈറ്റിലോ അതത് വകുപ്പുകളുടെ വെബ്‌സൈറ്റിലോ മറ്റേതെങ്കിലും മാര്‍ഗങ്ങള്‍ മുഖേനയോ പ്രസിദ്ധപ്പെടുത്തണമെന്ന് 2005 ലെ വിവരാവകാശ നിയമത്തിന്റെ നാലാം വകുപ്പില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. അത് ഫലപ്രദമായി നടപ്പാക്കിയിരുന്നെങ്കില്‍ ഉദ്യോഗസ്ഥ ഭരണ പരിക്ഷ്‌കാര വകുപ്പിന് കണക്കുകള്‍ എളുപ്പം ലഭ്യമാക്കാനാകുമായിരുന്നു. അത്തരം വിശദാംശങ്ങള്‍ പൊതുമധ്യത്തില്‍ അവതരിപ്പിക്കാത്തതിനാലാണ്എഴുതിച്ചോദിക്കേണ്ടി വരുന്നത്. കൂടാതെ തങ്ങളുടെ പക്കല്‍ ഔദ്യോഗിക രേഖകള്‍ ഉള്ള എല്ലാ വിഷയങ്ങളിലും അത് സംബന്ധിച്ചുയരുന്ന ചോദ്യങ്ങള്‍ക്ക് യഥാവിധി മറുപടി പറയാന്‍ ബാധ്യസ്ഥമാണെന്നും വിവരാവകാശ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. പൗരന്റെ നികുതിപ്പണത്തില്‍ നിന്നാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. സ്വാഭാവികമായും നിയമനങ്ങള്‍ സംബന്ധിച്ച് അറിയാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്നിരിക്കെയുമാണ് വകുപ്പിന്റെ കയ്യൊഴിയല്‍. സുതാര്യതയും ആധുനികവല്‍ക്കരണവും ഉറപ്പാക്കുകയാണ് പ്രഖ്യാപിത ലക്ഷ്യമെന്ന് അവകാശപ്പെടുന്ന ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പാണ് അവശ്യം സൂക്ഷിക്കുകയും പൊതുമധ്യത്തില്‍ ലഭ്യമാക്കുകയും ചെയ്യേണ്ട കണക്കുകളില്ലാതെ ചോദ്യങ്ങളോട് മുഖം തിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുതാര്യതയ്ക്ക് കേന്ദ്രീകൃത സംവിധാനം വേണം

സര്‍വീസിലുള്ളവരുടെ എണ്ണവും നിയമനത്തിന്റെ സ്വഭാവവും ഒഴിവുകളും സംബന്ധിച്ച ഏകീകൃത കണക്ക് ലഭ്യമാക്കുന്ന കേന്ദ്രീകൃത സംവിധാനമില്ലാത്തതിനാലാണ് സര്‍ക്കാരിന് ഇരുട്ടില്‍ത്തപ്പേണ്ടി വരുന്നത്. എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നോ. എത്ര സ്ഥിര, താല്‍ക്കാലിക, ആശ്രിത നിയമനങ്ങള്‍ നടക്കുന്നുണ്ടെന്നോ പൊതുജനത്തിന് ഒരുമിച്ചറിയാന്‍ സംവിധാനമില്ല. അതിനാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ എളുപ്പം സാധ്യമാകും. നിയമന ശുപാര്‍ശകള്‍ നല്‍കുന്നത് നിയമനം നല്‍കലായി സര്‍ക്കാരിന് അവകാശവാദമുന്നയിക്കാനും സാധിക്കില്ല. പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് കോപ്പുകൂട്ടാനാണ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇത്തരമൊരു പൊതു സംവിധാനം അവതരിപ്പിക്കാത്തതെന്ന് ഫെഡറേഷന്‍ ഓഫ് വേരിയസ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. നിയമന രീതി സുതാര്യമാക്കാന്‍ ഏകീകൃത, കേന്ദ്രീകൃത സംവിധാനം അനിവാര്യമാണെന്ന് ഫെറ പ്രസിഡന്റ് എസ് ശരത്കുമാര്‍ ദ ക്യുവിനോട് പറഞ്ഞു. നൂറോളം വകുപ്പുകളില്‍ എഴുതി ചോദിച്ചുവേണം പൗരന് ഈ വിവരങ്ങള്‍ അറിയാന്‍. ധനവകുപ്പിനോ മന്ത്രിമാര്‍ക്കോ സെക്രട്ടറിയേറ്റിലിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കോ വിശദാംശങ്ങള്‍ എടുക്കണമെങ്കില്‍ മുഴുവന്‍ വകുപ്പുകള്‍ക്കും കത്തയയ്‌ക്കേണ്ട സ്ഥിതിയാണ്. പൊതുജനത്തിന് വിവരങ്ങള്‍ കിട്ടത്തക്ക വിധത്തില്‍ ഇതിനായി പ്രത്യേക വെബ്‌സൈറ്റ് ഒരുക്കിയാല്‍ മതി. സര്‍ക്കാരിനെ സംബന്ധിച്ച് അത് എളുപ്പമാണ്. അത് സാധ്യമായാല്‍ ഭാവിയില്‍ സര്‍ക്കാരിനുമത്ഗു ണകരമാണെന്നും ശരത് കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

The Cue
www.thecue.in