ആദ്യ ശ്രമങ്ങള്‍ മാട്ടൂല്‍ പഞ്ചായത്തിലൊതുങ്ങി, വ്യാജ പ്രചരണങ്ങള്‍ വെല്ലുവിളിയായി, ആര്‍ജെ മുസാഫിറിന്റെ ഇടപെടലും മുഹമ്മദിന് തുണയായി

ആദ്യ ശ്രമങ്ങള്‍ മാട്ടൂല്‍ പഞ്ചായത്തിലൊതുങ്ങി, വ്യാജ പ്രചരണങ്ങള്‍ വെല്ലുവിളിയായി, ആര്‍ജെ മുസാഫിറിന്റെ ഇടപെടലും മുഹമ്മദിന് തുണയായി

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ്വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസുകാരന്‍ മുഹമ്മദിനെ സഹായിക്കാനുള്ള പരിശ്രമം ഫലം കണ്ടു എന്ന വാര്‍ത്ത വലിയ അഭിമാനത്തിലാണ് ഓരോ മലയാളിയും വായിച്ചത്. തങ്ങളും ആ ശ്രമത്തിന്റെ ഭാഗമായെന്ന സന്തോഷവും ഉണ്ടായി പലര്‍ക്കും. മാധ്യമങ്ങളും സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയ പ്രവര്‍ത്തകരും, സാംസ്‌കാരിക പ്രവര്‍ത്തകരും എല്ലാം ഒന്നിച്ചു ചേര്‍ന്നാണ് മുഹമ്മദിനെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരാനുള്ള പതിനെട്ട് കോടി കണ്ടെത്തിയത്.

പക്ഷേ ആറ് ദിവസത്തെ വിജയ കഥയ്ക്കപ്പുറം ഒരു നാടിന്റെയും, മുഹമ്മദിന് വേണ്ടി കൈകോര്‍ത്ത കമ്മിറ്റി അംഗങ്ങളുടെയും എല്ലാ വഴികളും നോക്കിയ മുഹമ്മദിന്റെ അച്ഛന്റെയും നിശ്ചയ ദാര്‍ഢ്യം കൂടി ആ പതിനെട്ട് കോടി സമാഹരിച്ചതിനു പിന്നില്‍ ഉണ്ട്. തുടക്കം മുതല്‍ തന്നെ മുഹമ്മദിന്റെ കുടുംബത്തിനൊപ്പം ആര്‍.ജെ മുസാഫിര്‍ എന്ന മാട്ടൂലുകാരനായ മാധ്യമ പ്രവര്‍ത്തകനും നിന്നിരുന്നു. മുഹമ്മദിന് വേണ്ടി മുസാഫിര്‍ ചെയ്ത വീഡിയോയ്ക്കും വലിയ റീച്ചാണ് കിട്ടിയത്.

കമ്മിറ്റിക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ആര്‍ജെ മുസാഫിര്‍ മുഹമ്മദിന് വേണ്ടി ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിനെക്കുറിച്ചും മുഹമ്മദിന്റെ അസുഖത്തെക്കുറിച്ചും വിശദീകരിച്ച് വീഡിയോ ചെയ്യുന്നത്.

വീഡിയോ പലരിലേക്കും എത്തി, വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. പക്ഷേ ഇടയില്‍ വന്ന വ്യാജ പ്രചരണങ്ങള്‍ വെല്ലുവിളിയായി. അതിനേയും കമ്മിറ്റിക്കാരും മുസാഫിറുമെല്ലാം ചേര്‍ന്ന് കരുതലോടെ പ്രതിരോധിച്ച് മുന്നോട്ട് പോയി. എല്ലാ മാധ്യമങ്ങളും മുഹമ്മദിന് വേണ്ടി ഒറ്റക്കെട്ടായി നിന്നു.

മുസാഫിറിന്റെ ഇടപെടലും ഈ ഘട്ടത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. മുഹമ്മദിന് വേണ്ടി വീഡിയോ ചെയ്യാനായതിലും അത് ഒരുപാട് പേരിലേക്കെത്തിയതിലും സന്തോഷമുണ്ടെന്ന് ആര്‍ജെ മുസാഫിര്‍ ദ ക്യുവിനോട് പറഞ്ഞു.

''മുഹമ്മദ് മറ്റ് അസുഖം ബാധിച്ച കുട്ടികളേക്കാള്‍ നടക്കാനുള്ള ശ്രമം നടത്തുന്നുണ്ടായിരുന്നു. അവന്‍ ഒരു ഷൂ ഇട്ട് പിടിച്ചു നില്‍ക്കുന്നതും നടക്കാന്‍ നോക്കുന്നതുമൊക്കെ കണ്ടപ്പോള്‍ വലിയ പ്രതീക്ഷയായി. അതുകൊണ്ട് അവനു ചികിത്സ കിട്ടിയാല്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കുറച്ചു പേരൊക്കെ ഒരു അഞ്ചാറു മാസം മുന്‍പ് തന്നെ വാട്‌സ്ആപ്പില്‍ സഹായിക്കണം, ഒരു ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞ് ചെറിയ ഫോര്‍വേര്‍ഡഡ് മെസേജൊക്കെ അയച്ച് തുക സമാഹരിക്കാന്‍ നോക്കിയിരുന്നു. പക്ഷേ അത് ഈ മാട്ടൂല്‍ പഞ്ചായത്ത് കടന്ന് അധികം പോയിട്ടില്ല. ഈ ചുറ്റുവട്ടത്ത് മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. അതിന് ശേഷം നാട്ടില്‍ ചാരിറ്റി ചെയ്യുന്ന കുറച്ചാളുകളെ മുഹമ്മദിന്റെ അച്ഛന്‍ സമീപിച്ചു. അവര്‍ മുഹമ്മദിന്റെ ഫോട്ടോയെല്ലാം ഉപയോഗിച്ച് ഒരു വീഡിയോ ഉണ്ടാക്കി. അതില്‍ കുട്ടിയുടെ ഉമ്മയുടെ ശബ്ദമാണുള്ളത്. അതും കൂടുതല്‍ പേരിലേക്കെത്തിയില്ല.

അതിനു ശേഷം മുഹമ്മദിന്റെ അച്ഛന്‍ നാട്ടിലുള്ള കുറേ ആളുകളോട് എന്തെങ്കിലും സഹായിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ഒരു കമ്മിറ്റിയുണ്ടാക്കി അതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അന്ന് ആ കമ്മിറ്റിയാണ് അതേ നാട്ടിലുള്ള ഒരാളും മാധ്യമപ്രവര്‍ത്തകനുമെന്ന നിലയില്‍ ഒരു വീഡിയോ നീ ചെയ്യണം എന്ന് എന്നോട് പറയുന്നത്. അങ്ങനെയാണ് ഞാനീ വീഡിയോ ചെയ്യുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മരുന്നേതാണ് എന്ന് ചോദിച്ചു കൊണ്ടാണ് ഞാന്‍ ആ വീഡിയോ തുടങ്ങുന്നത്.കമ്മിറ്റി ആവശ്യപ്പെട്ട പ്രകാരം ആ വീഡിയോ ചെയ്ത് ഞാന്‍ അവര്‍ക്ക് കൊടുത്തു. ആ വീഡിയോ വൈറലാകുകയും വാട്‌സ്ആപ്പിലൂടയൊക്കെ ഒരുപാട് ഷെയര്‍ ചെയ്ത് പോകുകയുമുണ്ടായി.

ഇതിന് പിന്നാലെ ചില വിവാദങ്ങളും ഉണ്ടായി. ഇത് ഫേക്കാണ്, ഇത് പഴയതാണ്, കുട്ടിക്ക് ഇതിനോടകം തന്നെ സഹായം കിട്ടിക്കഴിഞ്ഞു എന്നൊക്കെ പറഞ്ഞ്. ആ സമയത്ത് ശ്രമങ്ങള്‍ വിജയിക്കില്ലേ എന്ന ആശയക്കുഴപ്പവും ഉണ്ടായിരുന്നു. പിന്നീട് തെറ്റിധാരണ തിരുത്തി കൊണ്ടുള്ള മറ്റൊരു വീഡിയോയും ഞാന്‍ ചെയ്തിരുന്നു. അപ്പോഴേക്കും ആളുകള്‍ക്ക് മുഹമ്മദിന്റെ അവസ്ഥ മനസിലാകുകയും അവന്റെ പ്രശ്‌നം ഏറ്റെടുക്കുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞാണ് ഞാന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. മറ്റ് ചാനലുകാരും മാധ്യമപ്രവര്‍ത്തകരുമൊക്കെ വീഡിയോ ഏറ്റെടുക്കുക കൂടി ചെയ്തപ്പോള്‍ ചുരുങ്ങിയ ദിവസം കൊണ്ട് മുഹമ്മദിന് വേണ്ടി പതിനെട്ട് കോടി സമാഹരിക്കാനായി,'' ആര്‍ജെ മുസാഫിര്‍ പറഞ്ഞു.

കല്യാശേരി എം.എല്‍എ, പഞ്ചായത്ത് പ്രസിഡന്റ്, കമ്മിറ്റി ഭാരവാഹികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേരുടെ പരിശ്രമം ഈ വിജയത്തിനു പിന്നിലുണ്ട്. മുഹമ്മദിന്റെ പ്രശ്‌നം കേരളം ഏറ്റെടുത്തതിന് പിന്നാലെ ഇതേ അസുഖം ബാധിച്ച മറ്റു കുട്ടികളുടെ വിവരങ്ങളും പുറത്തുവരുന്നുണ്ട്. ക്രൗഡ് ഫണ്ടിംഗ് മാത്രമാണ് മരുന്നിന് വേണ്ടി കാത്തിരിക്കുന്ന കുട്ടികള്‍ക്ക് ജീവിതത്തിലേക്ക് തിരികെ വരാനുള്ള മാര്‍ഗമെന്നിരിക്കെ ഇനിയും കേരളം അവരെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അവരുടെ മാതാപിതാക്കളും.

Related Stories

No stories found.
logo
The Cue
www.thecue.in