പ്രകൃതിക്ഷോഭങ്ങളെ നേരിടല്‍, കേരളവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നോര്‍വീജിയന്‍ ജിയോ ടെക്‌നികല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

പ്രകൃതിക്ഷോഭങ്ങളെ നേരിടല്‍, കേരളവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നോര്‍വീജിയന്‍ ജിയോ ടെക്‌നികല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്

പ്രകൃതിക്ഷോഭങ്ങളെ നേരിടൽ, തുരങ്കപ്പാത നിർമ്മാണം, തിര രോഷണം എന്നീ മേഖലകളിൽ കേരളവുമായി സഹകരിച്ചു പ്രവർത്തിക്കാൻ നോർവീജിയൻ ജിയോ ടെക്നികൽ ഇൻസ്റ്റിറ്റ്യൂട്ട് താൽപര്യം പ്രകടിപ്പിച്ചു. വ്യവസായമന്ത്രി പി.രാജീവാണ് ഇക്കാര്യം അറിയിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഭ്യർത്ഥന മാനിച്ച് വിവിധ മേഖലകളില്ല വിദഗ്ദരുടെ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് ദേശീയ ദുരന്ത നിവാരണ മേഖലയിലെ വിദഗ്ദൻ ഡൊമനിക് ലെയ്ൻ ഉറപ്പു നൽകി.

ഇന്ത്യയിൽ നിരവധി കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുമായി എൻജിഐ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. റെയിൽവേയുടെ തുരങ്കപ്പാത നിർമ്മാണത്തിൽ ഇവരുടെ സഹകരണമുണ്ട്. ഏഴു കിലോമീറ്റർ അടിയിലെ പാറയുടെ സ്വഭാവത്തെ മനസ്സിലാക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ലഡാക്കിൽ ഉപയോഗിക്കുന്നത്. വയനാട്ടിലെ തുരങ്കപ്പാതയുടെ നിർമ്മാണത്തിൽ സാങ്കേതിക ഉപദേശം സഹായകരമായിരിക്കുമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.മണ്ണിടിച്ചലിനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കാനുള്ള സാങ്കേതിക വിദ്യ വിവിധ രാജ്യങ്ങളിൽ എൻജിഐ വിജയകരമായി നടപ്പിലാക്കുന്നുണ്ട്. തീരരോഷണത്തിൻ്റെ കാര്യത്തിലും ആധുനികവും സ്വാഭാവികവുമായ പരിഹാര മാർഗ്ഗങ്ങൾ ഇവർ കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിൽ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളെ വിശദീകരിച്ച മുഖ്യമന്ത്രി എൻജിഐയുടെ പദ്ധതികൾ കേരളത്തിനു സഹായകരമാകും. പ്രളയ മാപ്പിങ്ങിലും ആവശ്യമായ സാങ്കേതിക ഉപദേശം നൽകാമെന്ന് എൻജിഐ വ്യക്തമാക്കി.വിദഗ്ദരുടെ കേരള സന്ദർശനത്തിനു ശേഷം സർവ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന കാര്യം പരിഗണിക്കാമെന്നും ഡൊമനിക് ലെയ്ൻ വ്യക്തമാക്കി. സാങ്കേതിക വിദഗ്ദനും ഇന്ത്യൻ വംശജനുമായ രാജേന്ദ്രകുമാർ ഉൾപ്പെടെ ആറംഗ സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്.

ഭക്ഷ്യ സംസ്കരണ മേഖലയിൽ 150 കോടി രൂപയുടെ നോർവീജിയൻ തുടർനിക്ഷേപം

കേരളത്തിൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ 150 കോടി രൂപയുടെ തുടർ നിക്ഷേപം നടത്തുമെന്ന് പ്രമുഖ നോർവീജിയൻ കമ്പനിയായ ഓർക്കലെ ബ്രാൻഡഡ് കൺസ്യൂമർ ഗുഡ്സ് സി ഇ ഒ ആറ്റ്ലെ വിഡർ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകി.

ഭക്ഷ്യ സംസ്കരണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പുവരുത്തുന്ന സംവിധാനം ഏർപ്പെടുത്തുന്നതിനും ഓർക്കലെ തീരുമാനിച്ചു. കേരളത്തിലെ പ്രമുഖ ബ്രാൻഡായ ഈസ്റ്റേണിൻ്റെ 67 ശതമാനം ഓഹരിയും വാങ്ങിയ ഓർക്കലെ ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കുന്ന പ്രമുഖ നോർവീജിയൻ കമ്പനിയാണ്.

റിന്യൂവബിൾ എനർജി രംഗത്തും നിക്ഷേപം നടത്താൻ ഓർക്കലെ ആലോചിക്കുന്നുണ്ടെന്ന് ആറ്റ്ലെ പറഞ്ഞു.

കേരളം ലോകത്തിലെ പ്രധാന സുഗന്ധ വ്യഞ്ജന മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ കേന്ദ്രമാണെന്നന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മത്സ്യ കയറ്റുമതിയിൽ മൂന്നാം സ്ഥാനത്തുള്ള കേരളത്തിലാണ് ഇന്ത്യയിലെ യൂറോപ്യൻ അംഗീകാരമുള്ള സീ ഫുഡ് കമ്പനികളുടെ 75 ശതമാനവുമുള്ളത്. നേന്ത്രക്കായ ,മരച്ചീനി, ചക്ക തുടങ്ങിയവയുടെ ഉൽപ്പാദനത്തിലും കേരളം മുമ്പിലാണ്. ഈ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായി ഭക്ഷ്യ സംസ്കരണ മേഖലക്ക് സർക്കാർ പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നൂറു കോടി രൂപയിലധികം നിക്ഷേപം നടത്തുന്നവർക്ക് പ്രത്യേക നോഡൽ ഓഫീസറെ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തുന്നുണ്ട്- ഇതിൻ്റെ ഭാഗമായി ഓർക്കലെയുടെ തുടർ നിക്ഷേപത്തിന് ഹാൻഡ് ഹോൾഡ് സേവനം നൽകാൻ നോഡൽ ഓഫീസറെ ചുമതലപ്പെടുത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വ്യവസായ മന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ. വികെ രാമചന്ദ്രൻ , വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, സർക്കാരിൻ്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, ഇന്ത്യൻ എംബസി കോൺസുലർ വെങ്കിടരാമൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ഈസ്റ്റേൺ ഫുഡിൻ്റ നവാസ് മീരൻ ഇന്നലെ നടന്ന നിക്ഷേപക സംഗമത്തിൽ ഓർക്കലെയെ പ്രതിനിധീകരിച്ച് ഓൺലൈനിൽ പങ്കെടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in