ലോക ദീര്‍ഘദൂര കുതിരയോട്ട ചാംപ്യന്‍ഷിപ്പായ എഫ്.ഇ.ഐ എന്‍ഡ്യൂറന്‍സ് ടൂര്‍ണമെന്റിലെ സീനിയര്‍ വിഭാഗത്തില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയാകാനൊരുങ്ങി മലപ്പുറം, തിരൂര്‍ സ്വദേശി നിദ അന്‍ജും ചേലാട്ട്. സെപ്റ്റംബര്‍ ഏഴിന് ഫ്രാന്‍സിലെ മോണ്‍പാസിയറില്‍ നടക്കുന്ന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലാണ് 22കാരിയായ നിദ മത്സരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന എഫ്.ഇ.ഐ ജൂനിയര്‍ ലോകചാമ്പ്യന്‍ഷിപ്പ് നിദ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. കുതിരയോട്ട മത്സരങ്ങളുടെ അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷണല്‍ എക്യൂസ്ട്രിയന്‍ ഫെഡറേഷനാണ് (എഫ്.ഇ.ഐ) മത്സരങ്ങള്‍ നടത്തുന്നത്. ദീര്‍ഘദൂര കുതിരയോട്ടത്തിലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് നിദ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ നേട്ടമാണ് ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. എനിക്ക് ചുറ്റുമുള്ളവരില്‍ നിന്ന് കിട്ടുന്ന സ്‌നേഹവും പിന്തുണയും വലിയ പ്രചോദനമാണ്. ആഗോളവേദിയില്‍ നമ്മുടെ രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അത് തന്നെ പ്രചോദിപ്പിക്കുന്നുവെന്നും നിദ കൂട്ടിച്ചേര്‍ത്തു. ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കുന്നതിനുള്ള തീവ്രപരിശീലനത്തിലാണ് നിദ ഇപ്പോള്‍.
40 രാജ്യങ്ങളില്‍ നിന്നുള്ള 144 കുതിരയോട്ടക്കാരെയാണ് നിദ നേരിടുന്നത്. തന്റെ വിശ്വസ്ത പങ്കാളിയായ പെണ്‍കുതിര പെട്ര ഡെല്‍ റെയ്ക്കൊപ്പമാണ് നിദ കളത്തിലിറങ്ങുന്നത്. നിദയുടെ ആണ്‍കുതിരയായ ഡിസൈന്‍ ഡു ക്ളൗഡും മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദുര്‍ഘട പാതയാണ് മത്സരത്തില്‍ നിദയ്ക്ക് താണ്ടാനുള്ളത്. യുഎഇ, ബഹ്റൈന്‍, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ഉറുഗ്വായ്, അര്‍ജന്റീന, ബ്രിട്ടണ്‍, ഹംഗറി, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ മേധാവിത്വം പുലര്‍ത്തുന്ന വിഭാഗത്തിലാണ് നിദ ഇക്കൊല്ലം മത്സരിക്കാനിറങ്ങുന്നത്. പരിശീലനത്തിനും മത്സരങ്ങള്‍ക്കും മറ്റുമായി ധാരാളം പണമിറക്കി മികച്ച താരങ്ങളെ നിരന്തരം രംഗത്തിറക്കുന്ന ലോകരാജ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് നിദ എത്തുന്നത്.
ഈ വിഭാഗത്തില്‍ യോഗ്യത നേടുന്നത് തന്നെ വലിയ നേട്ടമായാണ് കണക്കാക്കുന്നത്. എതിരാളികള്‍ക്ക് കിട്ടുന്നത്ര സൗകര്യങ്ങളില്ലാതെ കഠിനപ്രയത്‌നത്താലും സ്വന്തം പരിശ്രമത്താലുമാണ് നിദ ഇന്നീ ആഗോളവേദിയില്‍ എത്തിനില്‍ക്കുന്നത്. ഇന്ത്യയില്‍ അത്ര ജനപ്രിയമല്ലെങ്കിലും ലോകത്തെ വിവിധ രാജ്യങ്ങളുടെ സാംസ്‌കാരിക പാരമ്പര്യത്തില്‍ ആഴത്തില്‍ വേരോട്ടമുള്ള ഇനമാണ് കുതിരയോട്ടം. ആ രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും പ്രഗത്ഭരായ കുതിരയോട്ടക്കാരുടെ നിരയിലേക്കാണ് നിദ എത്തിനിൽക്കുന്നത്. അസാധാരണമായ മെയ്വഴക്കവും സൂക്ഷമതയും വേഗതയും ഈ കായികമത്സരത്തില്‍ അത്യാവശ്യമാണ്.
കുതിരയെയും അതിനെ നിയന്ത്രിക്കുന്നയാളെയും കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്ന മത്സരമാണിത്. മെയ്വഴക്കം മാത്രമല്ല, ഈ മത്സരത്തില്‍ ജയിക്കണമെങ്കില്‍ ഓടിക്കുന്ന കുതിരയുമായി തകര്‍ക്കാനാകാത്ത ആത്മബന്ധവും ഉണ്ടാകണം. പങ്കെടുക്കുന്നയാളുടെ സഹനശക്തി, കുതിരയോട്ടത്തിലെ പ്രാവീണ്യം, കുതിരയുമായുള്ള അടുപ്പം എന്നിവയെല്ലാം നിരന്തരം പരീക്ഷിക്കപ്പെടും. കുതിരയും അതിനെ ഓടിക്കുന്നയാളും നിരവധി വെല്ലുവിളികള്‍ ഈ മത്സരത്തിനിടെ അതിജീവിക്കേണ്ടതുണ്ട്.
കഴിഞ്ഞ വര്‍ഷം കാസ്റ്റല്‍സെഗ്രാറ്റില്‍ നടന്ന എക്യൂസ്ട്രിയന്‍ വേള്‍ഡ് എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പിലെ ജൂനിയര്‍ ആന്‍ഡ് യങ് റൈഡര്‍ വിഭാഗത്തിലെ മത്സരയോട്ടം പൂര്‍ത്തിയാക്കി നിദ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആ മത്സരം വെറും 7.29 മണിക്കൂര്‍ കൊണ്ടാണ് നിദ പൂര്‍ത്തിയാക്കിയത്. എപ്‌സിലോണ്‍ സലോ എന്ന കുതിരപ്പുറത്തേറിയാണ് നിദ മത്സരിച്ചത്. 25 രാജ്യങ്ങളില്‍ നിന്നുള്ള 70 മത്സരാര്‍ത്ഥികളാണ് ഓട്ടത്തില്‍ പങ്കെടുത്തത്.