ആയോധനകലയുടെ പ്രചാരണം ലക്ഷ്യം, വി.കെ.എം കളരി ദുബായ് അല്‍ നഹ്ദയില്‍ തുടങ്ങുന്നു

ആയോധനകലയുടെ പ്രചാരണം ലക്ഷ്യം, വി.കെ.എം കളരി ദുബായ് അല്‍ നഹ്ദയില്‍  തുടങ്ങുന്നു

കേരളത്തിന്‍റെ ആയോധന കലയായ കളരിപ്പയറ്റ് യു.എ.ഇയില്‍ അഭ്യസിപ്പിക്കുന്ന വി.കെ.എം കളരിയുടെ മൂന്നാമത് ശാഖ ദുബായ് അല്‍ നഹ്ദയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഞായറാഴ്ച (സെപ്റ്റംബര്‍ 18 )വൈകീട്ട് അഞ്ച് മണിക്ക് അല്‍ നഹ്ദ രണ്ടിലെ അല്‍ അഹ് ലി കെട്ടിടത്തില്‍ ശാഖയുടെ ഉദ്ഘാടനം കളരി ഗുരുക്കള്‍ പദ്മശ്രീ മീനാക്ഷിയമ്മ നിര്‍വ്വഹിക്കും.

11 വര്‍ഷത്തിനുള്ളില്‍ നൂറുകണക്കിന് വിദേശികളടക്കം ആയിരത്തിലേറെ ശിഷ്യഗണങ്ങള്‍ ദുബായിലെ വി.കെ.എം കളരിയില്‍ നിന്നും പഠിച്ചിറങ്ങിയതായി മാനേജിങ് ഡയറക്ടറായ സി. മണികണ്ഠന്‍ ഗുരുക്കള്‍ പറഞ്ഞു. യു.എ.ഇയില്‍ കളരിപ്പയറ്റിന്‍റെ പ്രാധാന്യം കൂടുതല്‍ പേരിലേക്ക് എത്തിക്കുമെന്നും അറബി നാട്ടില്‍ ആയോധന കലയുടെ ഖ്യാതി പടര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

മെയ്പ്പയറ്റ് (മെയ്ത്താരി), വടിപ്പയറ്റ് (കോല്‍ത്താരി), വാള്‍പ്പയറ്റ് (അങ്കത്താരി), വെറും കൈ പ്രയോഗം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലൂടെയാണ് ശിഷ്യര്‍ക്ക് പയറ്റു ചൊല്ലിക്കൊടുക്കുന്നത്. വാള്‍, പരിച, കുന്തം, കഠാരി എന്നിവയുടെ മാതൃക അതുപോലെ മരത്തില്‍ ഉണ്ടാക്കിയാണ് അങ്കത്താരി പരിശീലിപ്പിക്കുന്നത്. പെണ്‍കുട്ടികള്‍ അടക്കം പുതുതലമുറയിലെ ധാരാളം പേര്‍ ഈ രംഗത്തേക്ക് കടന്നുവന്ന് പ്രതിരോധ മുറകള്‍ അഭ്യസിക്കുന്നുണ്ട്. അഞ്ച് വയസു മുതല്‍ 60 വയസ് വരെയുള്ളവര്‍ കളരി അഭ്യസിക്കുന്നു.

കുറഞ്ഞ വരുമാനക്കാരായ ഒട്ടേറെ പ്രവാസികള്‍ക്ക് കളരി സൗജന്യമായും പഠിപ്പിക്കുന്നുണ്ട്. കോവിഡ് ബാധിച്ചുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ നിരവധിയാളുകള്‍ക്ക് പ്രത്യേക വ്യായാമമുറകളും പരിശീലിപ്പിക്കുന്നുണ്ട്. ലോക മഹാമേളയായ ദുബായ് എക്സ്പോ 2020 വേദിയില്‍ രണ്ട് തവണ ഉള്‍പ്പടെ നൂറിലേറെ വേദികളില്‍ ആയോധനമുറ അവതരിപ്പിച്ചു. വി.കെ.എം കളരി മാനേജിംഗ് ഡയറക്ടര്‍ മണികണ്ഠന്‍ ഗുരുക്കള്‍, ഗിരിജ, സുബി, ഇംതിയാസ് ഖുറേഷി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Stories

No stories found.
The Cue
www.thecue.in