യുഎഇയിലെ സ്കൂളുകളില്‍ ബുധനാഴ്ച മുതല്‍ മാസ്ക് നി‍ർബന്ധമല്ല

യുഎഇയിലെ സ്കൂളുകളില്‍ ബുധനാഴ്ച മുതല്‍ മാസ്ക് നി‍ർബന്ധമല്ല

യുഎഇയില്‍ സ്കൂളുകളില്‍ ഇനി മുതല്‍ മാസ്ക് നിർബന്ധമല്ല. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നതിനാലാണ് തീരുമാനം. കഴിഞ്ഞ മൂന്ന് മാസമായി കോവിഡ് മൂലമുണ്ടാകുന്ന ആരോഗ്യസങ്കീർണതകളാലുളള മരണനിരക്കും രാജ്യത്ത് കുറവാണ്. അതുകൊണ്ടുതന്നയാണ് ഇത്തരത്തിലൊരു തീരുമാനത്തേക്ക് എത്തിയതെന്ന് വിർച്വലായി നടത്തിയ വാർത്താസമ്മേളത്തില്‍ ആരോഗ്യ അധികൃതർ വ്യക്തമാക്കി.

വിമാനങ്ങളിലും മാസ്ക് നിർബന്ധമല്ല. എന്നാല്‍ വിമാനകമ്പനികള്‍ മാസ്ക് നിഷ്കർഷിക്കുന്നുണ്ടെങ്കില്‍ ധരിക്കണം. സ്കൂളുകളിലെ ക്ലാസ് മുറികളിലും അടച്ചിട്ട മേഖലകളിലും ഇതുവരെ മാസ്ക് നിർബന്ധമായിരുന്നു. എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് സ്കൂളുകളില്‍ മാസ്ക് നിർബന്ധമല്ല. എന്നാല്‍ വേണമെങ്കില്‍ ധരിക്കുകയും ആവാം.

അതേസമയം ആശുപത്രികള്‍, ആരാധനാലയങ്ങള്‍, പൊതുഗതാഗതം എന്നിവയില്‍ മാസ്ക് നിർബന്ധമായും ധരിക്കണം. കോവിഡ് രോഗികളും രോഗമുണ്ടെന്ന് സംശയമുളളവരും മാസ്ക് ധരിക്കണം.ആരാധനാലയങ്ങളിലുണ്ടായിരുന്ന സാമൂഹിക അകലനിയന്ത്രണവും നീക്കിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ ഇളവുകള്‍ പ്രാബല്യത്തിലാകും

അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ പാസ് കാലാവധി നീട്ടി

അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ പാസ് കാലാവധി യുഎഇ നീട്ടി നല്‍കി. കോവിഡ് പിസിആർ പരിശോധന നെഗറ്റീവായാല്‍ ഗ്രീന്‍ പാസ് 30 ദിവസത്തേക്ക് ലഭ്യമാകും. ബുധനാഴ്ച മുതല്‍ ഇളവുകള്‍ പ്രാബല്യത്തിലാകും. അതേസമയം വാക്സിന്‍ എടുക്കാത്തവർക്ക് ഗ്രീന്‍ പാസ് നിലനിർത്താന്‍ ഏഴ് ദിവസം കൂടുമ്പോള്‍ പിസിആർ പരിശോധന നെഗറ്റീവാകണം. അബുദബിയില്‍ പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍പാസ് നിർബന്ധമാണ്.

ഐസൊലേഷന്‍ 5 ദിവസം

കോവിഡ് രോഗികളുടെ ഐസൊലേഷന്‍ ദിവസങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി കോവിഡ് രോഗികള്‍ക്ക് 5 ദിവസം മാത്രമാണ് ഐസൊലേഷന്‍ പിരീഡ്. കോവിഡ് രോഗിയുമായി അടുത്ത ബന്ധം പുലർത്തിയവർ ലക്ഷണങ്ങളുണ്ടെങ്കില്‍ പിസിആർ പരിശോധന നടത്തണം. ആരോഗ്യസങ്കീർണതകളുണ്ടെങ്കില്‍ ലക്ഷണങ്ങളിലെങ്കിലും പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

പ്രതിദിന കോവിഡ് കണക്കുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നതും യുഎഇ നിർത്തി.അതേസമയം ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ കണക്കുകള്‍ കാണാം.

Related Stories

No stories found.
logo
The Cue
www.thecue.in