യു എ ഇ താമസക്കുടിയേറ്റ നിയമം ലംഘിച്ച വ്യക്തികൾക്കായി നടപ്പിലാകുന്ന പൊതുമാപ്പ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. പൊതുമാപ്പ് നടപ്പിലാക്കാന്‍ പൂർണ്ണ സജ്ജമാണെന്ന് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍റ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചിരുന്നു. അനധികൃത താമസവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് ഇളവ് നല്‍കുകയെന്നുളളതാണ് പൊതുമാപ്പിലൂടെ യുഎഇ ലക്ഷ്യമിടുന്നത്. വിസ നിയമാനുസൃതമാക്കുകയോ സ്വന്തം രാജ്യത്തേക്ക് മടങ്ങുകയോ ചെയ്യാം. ഇങ്ങനെ മടങ്ങുന്നവർക്ക് പുതിയ വിസയില്‍ രാജ്യത്തേക്ക് വരുന്നതിന് തടസ്സമില്ല. ഐസിപി ജിഡിആർഎഫ്എ ഓഫീസുകളിലും ആമർ സെന്‍ററുകളിലും പൊതുമാപ്പ് അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി.
പൊതുമാപ്പിനായി അപേക്ഷിക്കുന്ന ഇന്ത്യാക്കാരുടെ അപേക്ഷകളില്‍ 24 മണിക്കൂറിനകം നടപടിയെടുക്കാന്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും എംബസിയും ഒരുക്കങ്ങള്‍ പൂർത്തിയാക്കികഴിഞ്ഞിട്ടുണ്ട്. ബിഎല്‍എസില്‍ എത്തിയാണ് അപേക്ഷ നല്‍കേണ്ടത്. മുന്‍കൂർ അനുമതി ആവശ്യമില്ല.പാസ്പോർട്ടില്ലാത്ത അപേക്ഷകർക്ക് ഔട്ട് പാസ് ഇവിടെ നിന്ന് നല്‍കും. രേഖകള്‍ നിയമാനുസൃതമാക്കി യുഎഇയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവർക്കായി താല്‍ക്കാലിക പാസ്പോർട്ട് നല്‍കും. ഇതിനായും ബിഎല്‍എസില്‍ അപേക്ഷ നല്‍കണം.
എംബസിയുടെ ഔട്ട്പാസ് ലഭിച്ചാല്‍ എക്സിറ്റ് പെർമിറ്റിന് അപേക്ഷ നല്കാം. പൊതുമാപ്പ് നല്‍കി എക്സിറ്റ് പെർമിറ്റ് ലഭിച്ചാല്‍ 14 ദിവസത്തിനുളളില്‍ രാജ്യം വിടണമെന്നാണ് നിയമം. ഇനി യുഎഇയില്‍ തന്നെ തുടരാനാണ് ആഗ്രഹമെങ്കില്‍ ജോലി ലഭിച്ചതായി അറിയിക്കുന്ന ഓഫർ ലെറ്റർ ഹാജരാക്കണം. പുതിയ വിസയിലേക്ക് മാറി രാജ്യത്ത് തുടരാം. പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടുപോകാനാണ് തീരുമാനമെങ്കില്‍ അതും ആവാം. ഇത്തരക്കാർക്ക് പിന്നീട് യുഎഇയിലേക്ക് വരുന്നതിനും നിയമ തടസ്സമില്ല.