മെട്രോ ട്രാം: ഉന്നത നിരവാരത്തിലുളള നവീകരണം ഉറപ്പാക്കി ആർടിഎ

മെട്രോ ട്രാം: ഉന്നത നിരവാരത്തിലുളള നവീകരണം ഉറപ്പാക്കി ആർടിഎ

യാത്രാക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മെട്രോയിലും ട്രാമിലും ഉന്നത നിലവാരത്തിലുളള നവീകരണ പ്രവർത്തനങ്ങള്‍ ഉറപ്പിക്കാന്‍ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. മെട്രോയുടേയും ട്രാമിന്‍റെയും ഓപ്പറേറ്റർമാരായ കിയോലിസ് എം എച്ച് ഐയുമായി സഹകരിച്ചാണ് ആർടിഎ ആനുകാലിക റോളിംഗ് സ്റ്റോക്ക് ഓവർഹോള്‍ പദ്ധതി നടപ്പിലാക്കുന്നത്. മെട്രോയുടെ അറ്റകുറ്റപ്പണികള്‍ അവയുടെ നിർമ്മാതാക്കളുടെ നിർദ്ദേശപ്രകാരമാണ് നടക്കുക.

മെട്രോ ട്രാം തുടങ്ങിയവയുടെ അറ്റകുറ്റപ്പണികളും നവീകരണവുമൊക്കെ യാത്രാക്കാരുടെ സുരക്ഷയില്‍ നിർണായകമാണ്. അതുകൊണ്ടുതന്നെ വിട്ടുവീഴ്ചയില്ലാതെ ഇത് പൂർത്തിയാക്കുകയെന്നുളളതാണ് ആർടിഎയുടെ ലക്ഷ്യമെന്ന് റെയില്‍ ഏജന്‍സിയുടെ അറ്റകുറ്റപ്പണി വിഭാഗത്തിന്‍റെ ഡയറക്ടർ മുഹമ്മദ് അല്‍ അമീരി പറഞ്ഞു.

സാധാരണ ഗതിയില്‍ ഓരോ 14 ദിവസത്തിലോ മൂന്ന് മാസത്തിലൊരിക്കലോ ആണ് ചെറിയ അറ്റകുറ്റപ്പണികളാണെങ്കില്‍ നടത്തുന്നത്. എന്നാല്‍ മെട്രോ- ട്രാം എത്ര ദൂരം സഞ്ചരിച്ചുവെന്നതിന് ആനുപാതികമായിട്ടായിരിക്കും പൂർണതോതിലുളള നവീകരണ പ്രവർത്തനങ്ങള്‍ നടക്കുക. ഇത്തരത്തില്‍ പൂർണതോതിലുളള നവീകരണ പ്രവർത്തനങ്ങള്‍ക്കായി 85 സാങ്കേതിക ജീവനക്കാരെയാണ് സജ്ജമാക്കിയിട്ടുളളത്. ഇതില്‍ എഞ്ചിനീയമാരും ടെക്നീഷ്യന്മാരും ഉള്‍പ്പെടും. പൂർണമായ നവീകരണം നടത്തുന്നതിന് 15 ദിവസം വേണ്ടിവരും. ഇതുവരെ 74 തീവണ്ടികളുടെ അറ്റകുറ്റപ്പണികള്‍ പൂർത്തിയായിട്ടുണ്ടെന്നും അല്‍ അമീരി പറഞ്ഞു.

അല്‍ ഖിസെസ് ഡിപ്പോയിലാണ് പൂർണമായും ശീതീകരിച്ച വർക്ക് ഷോപ്പ് സജ്ജമാക്കിയിരിക്കുന്നത്. റോളിംഗ് സ്റ്റോക്കിന്‍റെ ആദ്യ ഘട്ടം 2015 ല്‍ നടപ്പിലാക്കിയിരുന്നു. 2020 ജനവരിയിലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. 2023 ഓടെ ക്യൂ 2 പൂർത്തിയാകും.

Related Stories

No stories found.
logo
The Cue
www.thecue.in