പൊതുഗതാഗത സേവനം മെച്ചപ്പെടുത്താന്‍ യാത്രാക്കാരുടെ ഇഷ്ടങ്ങള്‍ അറിയാന്‍ ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി സർവ്വെ നടത്തുന്നു. ദുബായിൽ താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ വ്യക്തികളുടെയും കുടുംബങ്ങളുടെയും പ്രതികരണമാണ് സർവ്വെയിലൂടെ തേടുക. പ്രതികരണങ്ങളുടെ വിശദാശംങ്ങള്‍ വിലയിരുത്തി ഭാവി പദ്ധതികള്‍ രൂപപ്പെടുത്തും. ഈ മാസം ജൂണ്‍ വരെയാണ് സർവ്വെ.
പൗരന്മാരും താമസക്കാരും ഉള്‍പ്പെടെ വിവിധ മേഖലകളിലെ 7000 ത്തോളം വ്യക്തികളില്‍ നിന്നാണ് പ്രതികരണം തേടുക. ചോദ്യാവലി, ഫീല്‍ഡ് സന്ദർശങ്ങള്‍, വ്യക്തിഗത അഭിമുഖങ്ങള്‍,തുടങ്ങിയവയിലൂടെയാണ് പ്രതികരണമെടുക്കുക. കൂടുതല്‍ വ്യക്തികളില്‍ നിന്ന് പ്രതികരണമെടുക്കുന്നിതായി നിർമ്മിത ബുദ്ധിയുടെ സഹായവും തേടും. യാത്രകളില്‍ മാറിവന്ന പുതിയ ട്രെന്റുകൾ, താമസക്കാരുടെയും സന്ദർശകരുടെയും അഭിരുചികൾ എന്നിവ പഠിക്കുന്നതിനുള്ള സർവേ അടുത്ത ദിവസങ്ങളിൽതന്നെ ആരംഭിക്കുമെന്ന് ആർടിഎ ഗതാഗത ആസൂത്രണ വിഭാഗം ഡയറക്ടർ മുന അൽ ഉസൈമി പറഞ്ഞു.
എമിറേറ്റിലെ ഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പൊതുജനങ്ങളുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ സർവ്വെയില്‍ പങ്കെടുക്കുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യണമെന്നും മുന അൽ ഉസൈമി പറഞ്ഞു. എണിറേറ്റിലുടനീളമുളള റോഡുകളും പൊതുഗതാഗത സംവിധാനങ്ങളും നവീകരിക്കുകയെന്നുളളതാണ് ലക്ഷ്യം.