മൂന്ന് പുതിയ റോഡുകള്‍ കൂടി നിർമ്മിച്ചതായി ദുബായ് ആ‍ർടിഎ

മൂന്ന് പുതിയ റോഡുകള്‍ കൂടി നിർമ്മിച്ചതായി ദുബായ് ആ‍ർടിഎ

ദുബായിലെ ഉള്‍പ്രദേശങ്ങളിലെ ഗതാഗതം സുഗമമാക്കുന്നതിനായി മൂന്ന് റോഡുകള്‍ കൂടി നിർമ്മിച്ചതായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി.അല്‍ഖൂസ്, അല്‍ ബർഷ സൗത്ത് മൂന്ന്, നാദ് അല്‍ ഷെബ എന്നീ പ്രദേശങ്ങളിലെ 37 കിലോമീറ്ററോളം വരുന്ന റോഡ് നിർമ്മാണമാണ് പൂർത്തിയാക്കിയിട്ടുളളത്.

മർഗാം, ലെഹ്ബാബ്, അല്‍ ലെസൈലി, ഹത്ത എന്നിവിടങ്ങളിലെ റോഡുകളുടെ നിർമ്മാണവും തെരുവുവിളക്ക് സ്ഥാപിക്കുന്നതും തുടരുകയാണ്.2023 അവസാനത്തോടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിർദ്ദേശപ്രകാരമാണ് വികസന പ്രവർത്തനങ്ങള്‍ നടത്തുന്നതെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്‌ടർ ജനറലുമായ മത്തർ അൽ തായർ പറഞ്ഞു.

അൽ ഖെയ്‌ല്‍ മൈദാൻ റോഡിനും ഇടയിലുള്ള അൽ ഖൂസ് 2ൽ 16 കിലോമീറ്റർ നീളുന്ന പ്രധാന റോഡിന്‍റെ നിർമാണം ആർടിഎ പൂർത്തിയാക്കി.മഴവെളളച്ചാലുകളും തെരുവ് വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. അൽ ഖൂസ് രണ്ട്, അൽ ഖൂസ് പോണ്ട് പാർക്ക് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാർഗം മെച്ചപ്പെടുത്തിയത് ഏകദേശം 3,000 പരിസരവാസികൾക്ക് പ്രയോജനപ്പെടും.

നാദ് അൽ ഷെബ 2ൽ, 12 കിലോമീറ്റർ നീളുന്ന റോഡുകളുടെയും പാർക്കിംഗ്, തെരുവ് വിളക്കുകൾ, മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം, മലിനജല ശൃംഖല എന്നിവയുടെ നിർമാണവും ആർടിഎ പൂർത്തിയാക്കി.

അൽ ബർഷ സൗത്ത് 3 പദ്ധതിയിൽ മുഹമ്മദ് ബിൻ റാഷിദ് ഗാർഡൻസിൽ 6.4 കിലോമീറ്റർ നീളുന്ന റോഡുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. 4500 പേർക്ക് ഇതിന്‍റെ ഗുണം ലഭ്യമാകും.

അതേസമയം നാല് പുതിയ റെസിഡഷന്‍ഷ്യല്‍ ഡിസ്ട്രിക്ടുകളുടെ നിർമ്മാണവും പുരോഗമിക്കുകയാണ്. മർഗാം, ലഹ്ബാബ്, അല്‍ ലെസൈലി, ഹത്ത എന്നിവയാണവ.

സ്കൈഡൈവ് ദുബായിക്ക് സമീപമുള്ള ദുബായ്-അൽ ഐൻ റോഡിൽ 8 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകളുടെ നിർമ്മാണമാണ് മാർഗമിലെ പദ്ധതി ഉൾക്കൊള്ളുന്നത്. 1100 ലധികം താമസക്കാർക്ക് പദ്ധതി പ്രയോജനപ്പെടും.ലഹ്ബാബിൽ, മഴവെള്ളം ഒഴുകിപ്പോകാനുള്ള അടിസ്ഥാന സൗകര്യങ്ങൾ, തെരുവുവിളക്കുകൾ എന്നിവയ്‌ക്കൊപ്പം 4 കിലോമീറ്റർ നീളമുള്ള റോഡുകളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

അൽ ലെസൈലിയിലെ ഉള്‍റോഡുകള്‍ 7 കിലോമീറ്ററാണ്. സൈഹ് അസ്സലാമിൽ (ലാസ്റ്റ് എക്സിറ്റിനും അൽ ഖുദ്ര തടാകത്തിനും സമീപം) 14 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന നിലവിലുള്ള തെരുവുകളുടെ തെരുവ് വിളക്കുകൾ നിർമ്മിക്കുന്നതാണ് പദ്ധതി. 2900 താമസക്കാർക്ക് പദ്ധതി പ്രയോജനപ്പെടും.

Related Stories

No stories found.
The Cue
www.thecue.in