
ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ കെട്ടിടങ്ങളിലും ബസ് ഡിപ്പോ ഉള്‍പ്പടെയുളള സൗകര്യങ്ങളിലും സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കുന്നത് 75 ശതമാനം പൂർത്തിയാക്കി.ദുബായ് കാർബൺ സെന്‍റർ ഓഫ് എക്‌സലൻസുമായി ചേർന്നാണ് (ദുബായ് കാർബൺ) കെട്ടിടങ്ങളിലും സൗകര്യങ്ങളിലും സൗരോർജ്ജ പാനലുകൾ സ്ഥാപിക്കുന്നത്.
സൗരോർജ്ജ ഉത്പാദനം പ്രതിമാസം 21 മെഗാവാട്ട് എത്തിക്കുകയെന്നുളളതാണ് ലക്ഷ്യം. ഇതോടെ വൈദ്യുതി ബില്ലുകളില്‍ 50 ശതമാനം കുറവുണ്ടാകും. ഷാംസ് ദുബായ് സംരംഭത്തില്‍ ദുബായ് ക്ലീൻ എനർജി ആൻഡ് ഇന്‍റഗ്രേറ്റഡ് എനർജി സ്ട്രാറ്റജിയുമായി സംയോജിപ്പിച്ചാണ് സൗരോർജ്ജ പദ്ധതി നടപ്പിലാക്കുന്നത്.
ബസ് ഡിപ്പോകളും മൾട്ടി ലെവൽ പാർക്കിംഗ് ടെർമിനലുകളും ഉൾപ്പെടെയുളള 22 കെട്ടിടങ്ങളിലും സൗകര്യങ്ങളില്‍ 15 എണ്ണത്തിലും സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള ജോലികൾ നിലവിൽ നടന്നുവരികയാണെന്ന് ആർടിഎ ബിൽഡിംഗ്സ് ആൻഡ് ഫെസിലിറ്റീസ് ഡയറക്ടർ എൻജിനീയർ അബ്ദുൾ റഹ്മാൻ അൽ-ജനാഹി പറഞ്ഞു. ബാക്കിയുളള സ്ഥലങ്ങളില്‍ സോളാർ പാനലുകള്‍ സ്ഥാപിക്കുന്നത് 2023 ഏപ്രിലോടെ പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.