തങ്ങളുടെ കാലത്ത് റിവ്യൂ നോക്കി സിനിമകാണാന്‍ പോകുന്ന പതിവുണ്ടായിരുന്നില്ലെന്ന് സംവിധായകന്‍ വികെ പ്രകാശ്. അതുകൊണ്ടുതന്നെ പലതരം സിനിമകള്‍ കാണാനും അടുത്തറിയാനും അവസരം ലഭിച്ചു. ഇന്ന് കാലം മാറി. പെയ്ഡ് റിവ്യൂകളുടെ കാലമാണ്. പണം കൊടുത്താല്‍ നല്ലതും ഇല്ലെങ്കില്‍ മറിച്ചും പറയുന്ന കാലത്ത് ജീവിച്ചുപോകുകയെന്നുളളത് തന്നെ പ്രധാനമാണെന്നും വികെപി ദുബായില്‍ വാർത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. എല്ലാത്തിനെയും സാമാന്യവല്‍ക്കരിക്കുകയല്ല. എന്നാല്‍ പലപ്പോഴും സംഭവിക്കുന്നത് ഇതാണ്. സമൂഹമാധ്യമങ്ങളിലൂടെയുളള അഭിപ്രായങ്ങള്‍ കണ്ട് സിനിമകള്‍ കാണുകയെന്നുളള പ്രവണത തെരഞ്ഞെടുപ്പുകള്‍ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങള്‍ ഗുണവും ദോഷവും നല്‍കുന്നുണ്ടെന്ന് മംമ്ത മോഹന്‍ദാസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ വരുമാനം കണ്ടെത്തി നല്ല നിലയില്‍ ജീവിക്കുന്നവരുണ്ട്. അതേസമയം മോശം അഭിപ്രായങ്ങളും പ്രവണതകളും മാറ്റിനിർത്താനാവില്ലെന്നും അവഗണിക്കുക മാത്രമെ ചെയ്യാനാകൂവെന്നും മംമ്ത പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ തംരഗമായ വീഡിയോയെ കുറിച്ച് ചോദിച്ചപ്പോള്‍ അതിന് വേണ്ടി പ്രത്യേകിച്ച് താന്‍ ഒന്നും ചെയ്തിരുന്നില്ലെന്നായിരുന്നു നടി പ്രിയാ വാര്യരുടെ മറുപടി. അതിന് ശേഷം സമൂഹമാധ്യമത്തിന്‍റെ മറ്റൊരു മുഖവും കണ്ടുവെന്നും പ്രിയ പറഞ്ഞു. ലൈവ് സിനിമയുടെ ജിസിസി റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളത്തില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു താരങ്ങള്‍.
ലഹരി ഉപയോഗിക്കാത്തവരുടെ ഭാഗത്തുനിന്നും ചിലപ്പോള്‍ പ്രശ്നങ്ങളുണ്ടാകാറുണ്ടെന്നായിരുന്നു സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ചുളള ചോദ്യത്തിന് മംമ്തയുടെ മറുപടി. കുടുംബ പ്രശ്നങ്ങള്‍ ഉള്‍പ്പടെ അഭിനയത്തില്‍ പ്രതിഫലിക്കാറുണ്ട്. പലപ്പോഴും റീ ടേക്കുകള്‍ പോകാറുമുണ്ട്. ആ സമയങ്ങളില്‍ അവരെ പരമാവധി പിന്തുണയ്ക്കാറുണ്ടെന്നും അവർ പറഞ്ഞു.
കൂടെ അഭിനയിക്കുന്നവർ ലഹരി അടിമകളാണോ അല്ലയോ എന്നുളളതുള്‍പ്പടെ അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലെന്ന് പ്രിയ വാര്യർ പറഞ്ഞു. ലഹരിയെന്നുളളത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും ഇതെല്ലാം വ്യക്തിപരമായ ചോയ്സാണെന്നും ജോലി കഴിഞ്ഞുളള സമയങ്ങളില്‍ എന്ത് ചെയ്യുന്നുവെന്നുളളത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണെന്നും വികെ പ്രകാശ് അഭിപ്രായപ്പെട്ടു.