കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം,ആവേശമുയർത്താന്‍ ഇന്ത്യാ പാക് പോരാട്ടവും

കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന് നാളെ തുടക്കം,ആവേശമുയർത്താന്‍ ഇന്ത്യാ പാക് പോരാട്ടവും

ബികെകെ കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിന് നാളെ (ഒക്ടോബർ 8) ന് തുടക്കമാകും. ദുബായ് ഊദ് മേത്തയിലെ അല്‍ നസ്ർ ക്ലബിലെ റാഷിദ് ബിന്‍ ഹംദാന്‍ ഹാളാണ് ആവേശപ്പോരാട്ടങ്ങളുടെ അരങ്ങ്. ഇന്ത്യ പാക് പോരാട്ടമുള്‍പ്പടെ 10 മത്സരങ്ങളാണ് ചാമ്പ്യന്‍ഷിപ്പിലുളളത്. മലയാളി താരം ഷുഹൈബും പാകിസ്ഥാന്‍ താരം ഷക്കീല്‍ അബ്ദുളളയുമാണ് ഇടിക്കൂട്ടില്‍ നേർക്കുനേർ എത്തുക.90 കിലോ വിഭാഗത്തിലെ ലോകചാമ്പ്യനായ സ്പെയിനിന്‍റെ റൂബന്‍ ലീയും തുർക്കിയുടെ സെർദാർ ഇറോഗ്ലൂവും തമ്മിലുളള മത്സരവും ആരാധകർ കാത്തിരിക്കുന്ന മത്സരമാണ്. 190 രാജ്യങ്ങളിലായി 64 ബ്രോഡ് കാസ്റ്റേഴ്സ് മത്സരം സംപ്രേഷണം ചെയ്യും.

ദുബായില്‍ ആദ്യമായാണ് കിക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ മുവെ തായ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് തവണ ചാമ്പ്യനാണ് പാക് താരത്തെ നേരിടുന്ന മലയാളിയായ ഷുഹൈബ്. കരിയറില്‍ നിർണായകമാകും ഈ ചാമ്പ്യന്‍ഷിപ്പ് എന്നാണ് പ്രതീക്ഷയെന്ന് വാർത്താസമ്മേളത്തില്‍ ഷുഹൈബ് പറഞ്ഞു. ഇന്ത്യയില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പിന്തുണയും സൗകര്യങ്ങളും വിദേശ രാജ്യങ്ങള്‍ ലഭ്യമാകുന്നു. ബോക്സിംഗ് റിംഗില്‍ ഇന്ത്യന്‍ ദേശീയ ഗാനം ഉയർന്നുകേള്‍ക്കണമെന്നുളളതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ പ്രളയത്തില്‍ സർവ്വവും നഷ്ടപ്പെട്ടവർക്കുളള ആദരമായിരിക്കും തന്‍റെ വിജയമെന്നാണ് ഷുഹൈബിന്‍റെ ഇടിക്കൂട്ടിലെ എതിരാളിയായ പാക് താരം ഷക്കീല്‍ അബ്ദുളള ചാന്‍റിയോ പറയുന്നത്.

എല്ലാത്തരം കായികപ്രേമികള്‍ക്കും അനുയോജ്യഇടമാണ് ദുബായ്. അതുതന്നെയാണ് ദുബായില്‍ ഇത്തരത്തിലൊരു ചാമ്പ്യന്‍ഷിപ്പൊരുക്കാന്‍ പ്രേരണയായതെന്ന് ബികെകെ സ്പോർട്സിന്‍റെ ചെയർമാന്‍ അബ്ദുള്‍ റഹ്മാന്‍ കല്ലായില്‍ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിലെ പെണ്‍കരുത്തിന്‍റെ പോരാട്ടം തുർക്കിയുടെ ഫുണ്ട അൽകായിസും ചിലെയുടെ ഫ്രാൻസിസ്ക ബെലൻ ലിസമയും തമ്മിലാണ്. സ്പെയിന്‍,റൊമാനിയ,ഉസ്ബെക്കിസ്ഥാന്‍,റഷ്യ,ചിലെ,മൊറോക്കോ, പലസ്തീന്‍, തായ് ലന്‍റ്, ബെല്‍ജിയം,സിറിയ,പോർച്ചുഗല്‍ രാജ്യങ്ങളില്‍ നിന്നുളള താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in