എയർകേരളയുടെ സിഇഒയെ പ്രഖ്യാപിച്ച് സൈറ്റ് ഫ്ലൈ ഏവിയേഷന്‍.എയർ അറേബ്യ ,സലാം എയർ ,സ്‌പൈസ് ജെറ്റ്, വതനിയ എയർ, കമ്പനികളിൽ പ്രവർത്തിപരിചയമുളള ഹരീഷ് കുട്ടിയാണ് എയർ കേരളയുടെ സിഇഒയായി എത്തുന്നത്. എയർ കേരളയ്ക്ക് എത്രയും വേഗം AOC കരസ്തമാക്കി സർവീസുകൾ ആരംഭിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായുളള നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിന്‍റേതായുളള എയർ ലൈന്‍ എന്നരീതിയില്‍ എയർ കേരള പ്രവർത്തിക്കും.ചെലവുകുറഞ്ഞ സർവ്വീസാണ് മുന്നോട്ടുവയ്ക്കുന്നത്. സീസണ്‍ സമയത്ത് അധിക നിരക്ക് ഈടാക്കാതെ തന്നെ യാത്രാക്കാർക്ക് ചെറിയ നിരക്കില്‍ ടിക്കറ്റ് നല്‍കുകയെന്നുളളതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന വർഷം സർവ്വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.
ഹരീഷ് കുട്ടിയുടെ നിയമനം എയർ കേരളയുടെ വളർച്ചക്കും അതിലുപരി എയർ കേരളയെ ഇന്ത്യയിലെ മുൻ നിര വിമാന കമ്പനിയായി മാറ്റാനും കഴിയുമെന്ന് വിശ്വസിക്കുന്നുവെന്ന് സെറ്റ്ഫ്ലൈ എവിയേഷൻ വക്താക്കൾ പറഞ്ഞു.സെറ്റ്ഫ്ലൈ എവിയേഷൻ ചെയർമാൻ അഫി അഹ്‌മദ്, വൈസ് ചെയർമാൻ അയൂബ് കല്ലട എന്നിവർ ചേർന്ന് ഹരീഷ് കുട്ടിയെ പുതിയ പദവിയിലേക്ക് സ്വാഗതം ചെയ്തു. എയർ കേരളയെ മുന്നോട്ട് നയിക്കാൻ ഏറ്റവും പ്രാപ്തനായ ഒരു വ്യക്തിയാണ് ഹരീഷ് കുട്ടിയെന്ന് അഫി അഹ്‌മദ് പറഞ്ഞു. ഹരീഷ് കുട്ടിയുടെ നേതൃ പരിചയവും മേഖലയിലെ അനുഭവ സമ്പത്തും എയർ കേരളയുടെ ഇനിയങ്ങോട്ടുള്ള വളർച്ചക്ക് വലിയ മുതൽക്കൂട്ടവുമെന്നും, ഏറ്റവും മികച്ച വിമാന കമ്പനിയായി മാറ്റാൻ അദ്ദേഹത്തിന് സാധിക്കുമെന്നും സെറ്റ് ഫ്ലൈ വൈസ് ചെയർമാൻ അയൂബ് കല്ലട പറഞ്ഞു.
എയർ അറേബ്യ, വതാനിയ എയർവേയ്‌സ് എന്നിവയുടെ സ്റ്റാർട്ടപ്പ് ടീമുകളിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം സലാം എയറിൽ റവന്യൂ & നെറ്റ്‌വർക്ക് പ്ലാനിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കോവിഡ് വെല്ലുവിളികള്‍ക്കിടയിലും എയർലൈനിൻ്റെ ലാഭക്ഷമത വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. സ്പൈസ് ജെറ്റിൽ ചീഫ് കൊമേഴ്‌സ്യൽ ഓഫീസറായും വതാനിയ എയർവേയ്‌സിൽ കൊമേഴ്‌സ്യൽ ഡയറക്ടറായും റാക് എയർവേയ്‌സിൽ കൊമേഴ്‌സ്യൽ വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.ദുബായിൽ മെഹ്‌മാൻ ഹോട്ടലിൽ വെച്ച് ചേർന്ന വാർത്ത സമ്മേളനത്തിൽ ചെയർമാൻ അഫി അഹ്‌മദ്, വൈസ് ചെയർമാൻ അയൂബ് കല്ലട, സിഇഒ ഹരീഷ് കുട്ടി, കമ്പനി വക്താവ് സഫീർ മഹമൂദ് തുടങ്ങിയവർ സംബന്ധിച്ചു.