അടൂര്‍ തൂവയൂരിലെ 13.5സെന്റ്, ഭൂ-ഭവനരഹിതര്‍ക്ക് വീടിന് ഭൂമി നല്‍കി അടൂര്‍ ഗോപാലകൃഷ്ണന്‍

അടൂര്‍ തൂവയൂരിലെ 13.5സെന്റ്, ഭൂ-ഭവനരഹിതര്‍ക്ക് വീടിന് ഭൂമി നല്‍കി അടൂര്‍ ഗോപാലകൃഷ്ണന്‍

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ്മിഷന്റെ ഭാഗമായി ഭൂ-ഭവനരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ ആരംഭിച്ച ''മനസ്സോടിത്തിരി മണ്ണ്'' ക്യാമ്പയിനില്‍ പങ്കാളിയാകാന്‍ താല്‍പ്പര്യമറിയിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്റെ ഉദ്ഘാടന വേളയിലും തുടര്‍ന്നും ഭൂ-ഭവന രഹിതരായ പാവങ്ങള്‍ക്ക് ഭൂമി സംഭാവന ചെയ്യാന്‍ തയ്യാറാവണമെന്നഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് തന്റെ ഭൂമി പങ്കുവെക്കാന്‍ തീരുമാനിച്ചതെന്ന് വീട്ടിലെത്തിയ മന്ത്രി എം.വി ഗോവിന്ദനോട് അടൂര്‍ പറഞ്ഞു.

ഐ പി എസ് ഉദ്യോഗസ്ഥയായി നാഗ്പൂരില്‍ ജോലി ചെയ്യുന്ന മകള്‍ അശ്വതിയോട് ഈ കാര്യം പങ്കുവെച്ചപ്പോള്‍ മകളും അച്ഛനോടൊപ്പം ചേരുകയായിരുന്നുവെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. അടൂര്‍ ഗോപാലകൃഷ്ണന്റെ ജന്മനാടായ അടൂര്‍, ഏറത്ത് പഞ്ചായത്തിലെ തൂവയൂരിലാണ് 13.5 സെന്റ് ഭൂമി മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിലൂടെ ഭൂ-ഭവന രഹിതര്‍ക്ക് കൈമാറുന്നത്. ഇത് ഭൂദാനമല്ലെന്നും മണ്ണിന്റെ പങ്ക് പകുത്ത് നല്‍കുകയാണെന്നും കടമ നിറവേറ്റുകയാണെന്നും അടൂര്‍.

നിറഞ്ഞ മനസ്സോടെ തന്റെ മണ്ണ് പങ്കുവെക്കുന്നുവെന്ന് അറിയിച്ചുള്ള അടൂരിന്റെ ഫോണ്‍ വന്നയുടന്‍ തന്നെ അദ്ദേഹത്തിന്റെ ആക്കുളത്തെ വീട്ടിലെത്തി സംസ്ഥാന സര്‍ക്കാരിന് വേണ്ടി നന്ദി അറിയിച്ചുവെന്ന് മന്ത്രി എം.വി ഗോവിന്ദന്‍.

മന്ത്രിയുടെ വാക്കുകള്‍

ലോകചലചിത്രരംഗത്ത് മലയാളത്തെ അടയാളപ്പെടുത്തിയ മഹാപ്രതിഭയായ അടൂരിന്റെ ഈ തീരുമാനം സംസ്ഥാന സര്‍ക്കാരിന് വലിയ പ്രചോദനമാണ് നല്‍കുന്നത്. ഭൂ-ഭവന രഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള യത്നം സഫലമാക്കാനുള്ള ഊര്‍ജ്ജമാണ് ഇത്തരം നിലപാടുകള്‍ പകരുന്നത്. ചലച്ചിത്ര മേഖലയിലും പുറത്തുമുള്ള സുമനസുകള്‍ ''മനസ്സോടിത്തിരി മണ്ണ്'' ക്യാമ്പയിനില്‍ പങ്കാളികളാവാന്‍ മുന്നോട്ടുവന്നാല്‍ രണ്ടരലക്ഷത്തിലേറെയുള്ള അര്‍ഹതയുള്ള ഭൂ-ഭവന രഹിതര്‍ക്ക് തലചായ്ക്കാന്‍ സ്വന്തമായി വീടൊരുക്കാന്‍ സാധിക്കും.

ലൈഫ്മിഷന്റെ മൂന്നാം ഘട്ടത്തില്‍ വന്‍ ജനകീയ പങ്കാളിത്തത്തോടെ ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് സര്‍ക്കാര്‍ മുന്നേറുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in