ഗാർഹിക, സ്ത്രീധന പീഡനങ്ങളടക്കം സ്ത്രീസുരക്ഷ ഉറപ്പാക്കാൻ  പിങ്ക് പ്രൊട്ടക്‌ഷൻ

ഗാർഹിക, സ്ത്രീധന പീഡനങ്ങളടക്കം സ്ത്രീസുരക്ഷ ഉറപ്പാക്കാൻ പിങ്ക് പ്രൊട്ടക്‌ഷൻ

സ്ത്രീസുരക്ഷ ഉറപ്പാക്കാൻ പിങ്ക് പ്രൊട്ടക്‌ഷൻ പദ്ധതികളുമായി കേരള പൊലീസ്. ഗാർഹിക, സ്ത്രീധന പീഡനങ്ങളടക്കം സ്ത്രീസുരക്ഷ ഉറപ്പാക്കാൻ പിങ്ക് പ്രൊട്ടക്‌ഷൻ പദ്ധതികളുമായി കേരള പൊലീസ്. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിൽ പിങ്ക് ബീ​റ്റ് സംവിധാനമുൾപ്പെടെ നിരവധി പിങ്ക് പദ്ധതികളാണ് കേരള പോലീസ് ആസൂത്രണം ചെയ്യുന്നത്.

സ്ത്രീസുരക്ഷാ പദ്ധതികൾ

പിങ്ക് ജനമൈത്രി ബീറ്റ്:

ഗാർഹിക, സ്ത്രീധന പീഡനങ്ങൾ മുൻകൂട്ടിക്കണ്ട് തടയാൻ ഉദ്ദേശിച്ചുള്ളത് പിങ്ക് ജനമൈത്രി ബീറ്റ്. ഗാർഹികപീഡനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പോലീസ് വീടുകളിലെത്തി ശേഖരിക്കും. പഞ്ചായത്ത് അംഗങ്ങൾ, അയൽവാസികൾ, നാട്ടുകാർ എന്നിവരിൽ നിന്നും വിവരങ്ങൾ തേടും.

പിങ്ക് ഷാഡോ

സ്ത്രീകളുടെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങളിൽ, വനിത പോലീസ് ഉദ്യോഗസ്ഥർ ഷാഡോ പട്രോളിംഗ് നടത്തും. തിരക്കുള്ള സ്ഥലത്ത് മഫ്തിയിൽ ഷാഡോ സംഘത്തെ നിയോഗിക്കും. ബസ് സ്റ്റോപ്പുകൾ, സ്കൂളുകൾ തുടങ്ങി തിരക്കേറിയ സ്ഥലങ്ങളിൽ വനിതാ ഷാഡോ ടീം പട്രോൾ ഉണ്ടാകും.

പിങ്ക് റോമിയോ

വനിത പൊലീസിന്റെ ബൈക്ക് പട്രോളിംഗ് സംവിധാനം. എല്ലാ ജില്ലകളിലും പിങ്ക് റോമിയോകളെ നിയോഗിക്കും.

പിങ്ക് ഡിജിറ്റൽ ഡ്രൈവ്

സമൂഹമാദ്ധ്യമങ്ങളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തടയുക എന്നതാണ് ലക്‌ഷ്യം. സൈബർസെൽ, സൈബർഡോം, സൈബർ പൊലീസ് സ്റ്റേഷനുകൾ എന്നിവ സംയുക്തമായി ഡിജിറ്റൽ പട്രോളിംഗ് നടത്തും.

കൗൺസലിംഗ് സെന്റർ

അതാത് പൊലീസ് ജില്ലകളിലെ വനിത സെല്ലുകളിൽ കൗൺസലിംഗ് സെന്ററുകൾ സജ്ജമാക്കും. കുടുംബപ്രശ്നങ്ങളും സ്ത്രീകൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾക്കും പരിഹാര കേന്ദ്രമാക്കുകയാണ് ലക്‌ഷ്യം.

പിങ്ക് ഹോട്ട് സ്പോട്ട്

സ്ത്രീകൾക്കെതിരെ നിരന്തരം കുറ്റകൃത്യങ്ങളുണ്ടാവുന്ന ഹോട്ട് സ്‌പോട്ടുകൾ സംസ്ഥാന ക്രൈം റെക്കാഡ്സ് ബ്യൂറോ എസ്.പി യുടെ നേതൃത്വത്തിൽ കണ്ടെത്തും. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ബലാത്സംഗം എന്നിങ്ങനെ കേസുകൾ കൂടുന്ന സ്ഥലങ്ങൾ എന്നിവ ഇതിലുൾപ്പെടും.

പൊൽ ആപ്പ്

അടിയന്തിര സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് നിർഭയം മൊബൈൽ ആപ്ലിക്കേഷനിലെ എമർജൻസി ബട്ടണിൽ അമർത്തിയാൽ ഉടനെ തന്നെ പൊലീസ് സഹായം ലഭ്യമാവും. പൊൽ- ആപ്പിലും ഈ സൗകര്യമുണ്ട്.

പിങ്ക് പട്രോൾ

പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ പിങ്ക് പട്രോളിംഗ് ശക്തിപ്പെടുത്തും. 1515 നമ്പറിൽ വിളിച്ച് ഏതു സമയത്തും സഹായം തേടാം. അടിയന്തര സഹായം തേടിയുള്ള ഫോൺവിളികൾ കൈകാര്യം ചെയ്യാൻ 14 പൊലീസ് ജില്ലകളിലും പിങ്ക് കൺട്രോൾ റൂമുമുണ്ട്.

No stories found.
The Cue
www.thecue.in