ജാക്ക് ജോൺസൺ റിംഗിലെ കറുപ്പിൻ്റെ രാഷ്ട്രീയം

ജാക്ക് ജോൺസൺ റിംഗിലെ കറുപ്പിൻ്റെ രാഷ്ട്രീയം

വര്‍ണവെറിയുടെ വൈറസ്‌

മനോഹരമായ പത്രക്കുറിപ്പുകളും നോവലുകളും ഒക്കെ എഴുതിയ ലോകപ്രശസ്ത അമേരിക്കൻ എഴുത്തുകാരനായിരുന്നു ജാക്ക് ലണ്ടൻ (Jack London). വന്യതയുടെ സ്വാതന്ത്ര്യം തേടിപ്പോകുന്ന ഒരു നായയുടെ കഥ പറഞ്ഞ The Call Of The Wild എന്ന നോവൽ ജീവിതത്തിൻ്റെ അടിവേരുകളെ തൊടുന്ന മനോഹരമായ ഒരു രചനയായിരുന്നു. ആ കൃതി തന്ന അനുഭൂതി ഇന്നും നമ്മുടെ മനസ്സിലുണ്ട്. അത് ഒരു ചലച്ചിത്രം ആയിട്ടുമുണ്ട്. ഇതൊക്കെയാണെങ്കിലും ഒരു കാലത്ത് കൊണ്ടാടപ്പെട്ട പല വലിയ മനുഷ്യരും വർണ്ണവെറി (racism) എന്ന മാനസികാവസ്ഥയിൽ നിന്നും മോചിതരായിരുന്നില്ല എന്ന് ചരിത്രം നമ്മോട് പറഞ്ഞിട്ടുണ്ട്. അത് കൊണ്ടാണ് ലോക ഹെവി വെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ആദ്യമായി നേടി അത് നിലനിർത്താൻ വേണ്ടി മുൻ ചാമ്പ്യനായിരുന്ന White Hope എന്ന് ജനങ്ങൾ വിശേഷിപ്പിച്ച ജിം ജെഫ്രിയേഴ്സുമായി ജോൺസൺ മത്സരിച്ചപ്പോൾ " ഞാൻ ജെഫ്രിയേഴ്സ് ജയിക്കണമെന്നാഗ്രഹിക്കുന്നു, കാരണം ഞാൻ വെളുത്ത വർഗ്ഗക്കാരനാണ് " എന്ന് ആ മത്സരം റിപ്പോർട്ട് ചെയ്യാനെത്തിയ മഹാനായ ആ എഴുത്തുകാരൻ പറഞ്ഞത്.

വർണ്ണവെറി എന്ന പ്രതിലോമകരവും നീചവും മാനവികവിരുദ്ധവുമായ ഒരു മാനസികാവസ്ഥ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരൻ ഒരു വർണ്ണവെറിയനായ പോലീസുദ്യോഗസ്ഥനാൽ ചവിട്ടിക്കൊല്ലപ്പെട്ടപ്പോൾ അമേരിക്കയിലുണ്ടായ കലാപങ്ങളിൽ നിന്നും ഒടുവിൽ വെളുത്ത വർഗ്ഗക്കാരനായ അമേരിക്കൻ പ്രസിഡൻ്റ് ഇതിനൊക്കെ കറുത്തവംശജരോട് പരസ്യമായി മാപ്പ് പറയുകയും ഒക്കെ ചെയ്തപ്പൊൾ ഉണ്ടായ സംഭവങ്ങളിൽ നിന്നും ഒക്കെ നമുക്ക് മനസ്സിലായതാണ്. പക്ഷെ ഈയൊരു സ്ഥിതിയിലേയ്ക്ക് ആ രാജ്യവും സമൂഹവും എത്തിയതിന് പിന്നിൽ വലിയ ഒരു കഥയുണ്ട്. അനേകം മനുഷ്യരുടെ പോരാട്ടത്തിൻ്റെ കഥ.രാഷ്ട്രീയമായും അല്ലാതെയും. മാർട്ടിൻ ലൂഥർ കിങ് മുതൽ മാൽകം എക്സ് തുടങ്ങി അത്തരം രാഷ്ട്രീയ പോരാട്ടത്തിൻ്റെ പല ധാരകൾ നമുക്കറിയാം. അത് പല മേഖലകളിലും നടന്നിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മേഖല സ്പോർട്സ് ആയിരുന്നു.

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ്റെ "ഓവൻസിന് ദൈവം കൈ കൊടുക്കുന്നു " എന്നൊരു മനോഹരമായ ചെറുകഥയുണ്ട്. അതിൽ ആര്യൻ വംശ മേധാവിത്വത്തെ (Aryan Supremacy) യെ പരസ്യമായി വെല്ലുവിളിച്ച് കൊണ്ട് സാക്ഷാൽ ഹിറ്റ്ലറിൻ്റെ മുന്നിലൂടെ 1936 ലെ ബർലിൻ ഒളിമ്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ 4 സ്വർണ്ണ മെഡലുമായി നടന്ന് പോയ ജെസ്സി ഓവൻസിൻ്റെ ജീവിതത്തിലെ ഉയർച്ചതാഴ്ചകളും ഒടുവിൽ ജീവിക്കാൻ വേണ്ടി പന്തയക്കുതിരകളുമൊക്കെയായി ഓടുകയും ഒക്കെ ചെയ്ത ഓവൻസിൻ്റെ ജീവിതത്തിൻ്റെ നിർഭാഗ്യകരമായ ഒരു അടരുമാണ് ഉള്ളത്.

പിന്നീട് സ്പോർട്സിൽ ഇത്തരം പോരാട്ടങ്ങളുടെ പല പോർമുഖങ്ങൾ നമ്മൾ കണ്ടു. മുഹമ്മദ് അലി എന്ന ബോക്സറുടെ കഥ ഒക്കെ നമുക്കറിയാം. ഒളിംമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയിട്ട് ഡൗൺ ടൗൺ റസ്റ്റോറൻ്റിൽ അതും കഴുത്തിൽ തൂക്കി അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് ഭക്ഷണം കഴിക്കാൻ എത്തിയ അലിയോട്

"We don't serve Negros" എന്ന് പറഞ്ഞ ഒരു വെയിറ്ററുടെ കഥ നമുക്കറിയാം.

അതിന് സ്വതവേ നർമ്മബോധമുള്ള അലി തമാശ രൂപേണ പറഞ്ഞ മറുപടി "I won't eat Negros, just give me a hot dog & a tea" എന്നാണ്. എങ്കിലും അവിടുന്ന് തിരിച്ച് പോകുമ്പോൾ താൻ രാജ്യത്തിന് വേണ്ടി റിംഗിൽ ഇടി കൊണ്ട് നേടിയ സ്വർണ്ണ മെഡൽ ഓഹിയോ നദിയിലേയ്ക്ക് താങ്ങാനാവാത്ത ദു:ഖത്തോടെ അലി വലിച്ചെറിയുകയാണ് ഉണ്ടായത്. റിംഗിനകത്തും പുറത്തും അലി വർണ്ണവെറിക്കെതിരെ പോരാടി. കാഷ്യസ് ക്ലേ എന്ന വെള്ളക്കാരൻ്റെ പേര് ("that was a white man's name, a slave name " എന്നാണ് അലി ആ പേരിനെ പറ്റി പറഞ്ഞത്) ഉപേക്ഷിച്ച് മതം മാറി മുഹമ്മദ് അലി എന്ന പുതിയ പേര് സ്വീകരിച്ചപ്പോൾ അത് വിളിക്കാൻ കൂട്ടാക്കാതിരുന്ന എർണി ടെറൽ എന്ന ബോക്സ്റെ റിംഗിൽ മുഖത്തിടിച്ചിട്ട് ഓരോ തവണയും "What's my name idiot" എന്ന് പതിനഞ്ച് റൗണ്ട് അലറിക്കൊണ്ടിരുന്ന അലിയുടെ ചരിത്രപ്രസിദ്ധമായ ആ മത്സരത്തിനെ പറ്റി തന്നെ ധാരാളം ഡോക്യുമെൻ്ററികളും ലേഖനങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. അലിക്ക് പക്ഷെ പിന്തുണ കൊടുക്കാൻ തെരുവിൽ ഇറങ്ങാനും പൊതുവേദികൾ സന്ദർശിക്കാനും സ്വാതന്ത്യം ലഭിച്ച ഒരു വിഭാഗം കറുത്ത വർഗ്ഗക്കാർ ഉണ്ടായിരുന്നു. പക്ഷെ നമ്മൾ പറയാൻ പോകുന്നത് ഇതൊന്നും ഇല്ലാതിരുന്ന ഒരു കാലത്ത് ,മത്സരം കാണാനെത്തിയാൽ തല്ലിക്കൊല്ലപ്പെടാൻ സാധ്യതയുണ്ടായിരുന്ന കറുത്ത വർഗ്ഗക്കാർ ഉണ്ടായിരുന്ന, തൻ്റെ വീഴ്ച കാണാൻ സ്റ്റേഡിയം മുഴുവൻ കൂകി വിളിക്കുന്ന പതിനായിരക്കണക്കിന് വെള്ളക്കാരുള്ള ഒരു കാലത്ത് റിംഗിൽ ആത്മവിശ്വാസത്തിൻ്റെ ഒരു ജോഡി ബോക്സിംഗ് ഗ്ലൗസും പുഞ്ചിരിയും (ജാക്ക് ലണ്ടൻ്റെ ഭാഷയിൽ "that golden smile") മാത്രം അണിഞ്ഞ് ,വിജയിച്ചാൽ കാണികളാൽ തല്ലിക്കൊല്ലപ്പെടാനോ വെള്ളക്കാരായ ആൾക്കാരാലോ പോലീസുകാരാലോ വെടിയേറ്റ് കൊല്ലപ്പെടാനോ സാധ്യതയുണ്ടായിരുന്ന ആ കെട്ട കാലത്ത് വെള്ളക്കാരായ ബോക്സർമാരുടെ പല്ല് ഇടിച്ച് കൊഴിച്ച സൂര്യന് താഴെ ഒന്നിനെയും ഭയക്കാതിരുന്ന ജാക്ക് ജോൺസൺ എന്ന ലോക ഹെവി വെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻ്റെ കഥയാണ്. അലി തന്നെ ഒരിക്കൽ ജോൺസണെ പറ്റി ഇങ്ങനെ പറഞ്ഞിട്ടുണ്ട്:

"I know I am bad, but johnson was crazy".

ജാക്ക് ജോൺസൻ്റെ ഉദയം

സ്റ്റാൻലി ക്രൗച്ച് (Stanley Crouch)എന്ന എഴുത്തുകാരൻ ജോൺസണെ പറ്റി ഇങ്ങനെ എഴുതി:

"He did everything exactly the way he wanted to do"

ജോൺസൺ അങ്ങനെയായിരുന്നു ഒന്നിനേയും ഭയപ്പെട്ടില്ല. തനിക്ക് തോന്നിയപോലെയൊക്കെ അദ്ദേഹം ജീവിച്ചു. ആഫ്രിക്കൻ അമേരിക്കൻ വംശജരായ കറുത്ത വർഗ്ഗക്കാരായ അടിമകൾ ആയിരുന്നു അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ അദ്ദേഹം വളർന്നു.പലപ്പോഴും പട്ടിണിയിലും. ആറടിയിലധികം ഉയരവും ഉറച്ച ചുമലുകളും ഉണ്ടായിരുന്ന ജോൺസൺ തെരുവുയുദ്ധങ്ങളിൽ ( streetfight) തൻ്റെ കരുത്ത് സ്വയം തിരിച്ചറിഞ്ഞിരുന്നു. പല ബോക്സേഴ്സിൻ്റെയും ട്രെയിനിംഗ് ക്യാമ്പുകളിൽ സ്പാറിംഗ് പാർണർ (sparring partner)ആയി ജോൺസൺ പോയിത്തുടങ്ങി. ഇടി കൊള്ളാൻ നിന്നു കൊടുത്താൽ അന്നത്തെ ബ്രഡ് വാങ്ങിക്കാൻ ഉള്ള പണം കിട്ടും എന്ന ചിന്തയായിരുന്നു അദ്ദേഹത്തെ നയിച്ചത്.

അക്കാലത്ത് കളേർഡ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ഉണ്ടായിരുന്നു. അതായത് നീഗ്രോ വംശജർക്ക് ലോക ചാമ്പ്യൻഷിപ്പിന് മത്സരിക്കാൻ കഴിയില്ല. അവർക്ക് അവരുടെ മാത്രം ചാമ്പ്യൻഷിപ്പ്. വെളുത്ത വർഗ്ഗക്കാർ ആണ് ലോകചാമ്പ്യൻഷിപ്പ് നിലനിർത്തിയിരുന്നത്. ജോൺ എൽ സള്ളിവൻ പിന്നീട് ടോമി ബേൺസ് (Tommy Burns) ഒക്കെയായിരുന്നു അക്കാലത്ത് ലോക ഹെവി വെയ്റ്റ് ചാമ്പ്യൻമാർ. ഇവരൊന്നും കറുത്ത വർഗ്ഗക്കാരുമായി മത്സരിച്ചിരുന്നില്ല. കറുത്തവരൊക്കെ പൊതുവെ മന്ദബുദ്ധികളും കഴിവില്ലാത്തവരും എന്ന് പരക്കെ വെളുത്ത ജനതകരുതിപ്പോന്നു.

പരക്കംപാച്ചിലുകൾ

പണം വച്ചുള്ള പോരാട്ടങ്ങൾ (prize fighting) ഉണ്ടായിരുന്ന കാലം. ഇതിനിടയിൽ ജോൺസൺ ചിക്കാഗോ, ബോസ്റ്റൺ, കാലിഫോർണിയ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് മെച്ചപ്പെട്ട എതിരാളികളെ തേടി നിരന്തരം യാത്ര ചെയ്ത് കൊണ്ടേയിരുന്നു. ഇക്കാലത്ത് മറ്റൊരു സംഭവം ഉണ്ടായി. ജോർജ് ഓവെൻസ്കി എന്ന ഒരു വെള്ളക്കാരൻ ബോക്സർ ജോൺസണെ പരിശീലിപ്പിക്കാൻപ്പിക്കാൻ എത്തുകയും ആ കാരണത്താൽ രണ്ട് പേരെയും പോലീസ് ജയിലിലിടുകയും ചെയ്തു. 23 ദിവസം. Unforgiable blackness എന്ന ഒരു ഡോക്യുമെൻ്ററിയിൽ പറയുന്നത് ഭാര്യയെ കൊന്ന ഒരുവനെ അന്ന് 21 ദിവസം മാത്രമേ ശിക്ഷിച്ചുള്ളൂ എന്നതാണ്. ഇങ്ങനെയൊക്കെയാണ് black athetet കളെ അമേരിക്കൻ സമൂഹവും പോലീസും നേരിട്ടത്.

കറുത്തവർക്ക് മാത്രമുള്ള ഹെവി വെയ്റ്റ് ചാമ്പ്യൻഷിപ്പ് ജോൺസൺ നേടിയിരുന്നു. ലോക ഹെവി വെയ്റ്റ് ചാമ്പ്യൻ ടോമി ബേൺസ് മത്സരിക്കാൻ പോയിരുന്ന എല്ലാ സ്ഥലങ്ങളിലേയ്ക്കും ജോൺസണും യാത്ര ചെയ്തു. അവിടെ മത്സരശേഷം വിജയിയായി കാണികളെ കൈയ്യുയർത്തി കാണിച്ച ബേൺസിനെ ജാക്ക് ജോൺസൺ പരസ്യമായി വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്തു. എങ്കിലും ഒരു നീഗ്രോയുമായി (വെള്ളക്കാരൻ്റെ ഭാഷയിൽ) മത്സരിക്കാൻ ബേൺസ് തയ്യാറായില്ല.

ഒടുവിൽ പരിഹാസം സഹിക്കാൻ കഴിയാതെ ബേൺസ് അതിന് തയ്യാറായി. അങ്ങനെ വെള്ളക്കാരൻ കൈയ്യടക്കി വച്ചിരുന്ന ലോക ഹെവി വെയ്റ്റ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് കിരീടത്തിന് വേണ്ടി ലോക ചരിത്രത്തിലാദ്യമായി ഒരു കറുത്ത വർഗ്ഗക്കാരൻ മത്സരിക്കുന്ന ശുമുഹൂർത്തത്തിന് വേദിയൊരുങ്ങി.

ആദ്യമായി ലോകകിരീടം

Hostile crowd എന്നൊരു പ്രയോഗമുണ്ട്.അതായിരുന്നു അക്ഷരാർത്ഥത്തിൽ ജോൺസൺ - ബേൺസ് പോരാട്ടത്തിന് ഗ്യാലറിയിലുണ്ടായിരുന്നത്.

ഗ്യാലറി മുഴുവൻ ജോൺസൺൻ്റെ രക്തത്തിനായി ആർത്ത് വിളിക്കുന്ന വെള്ളക്കാർ. രംഗം നിയന്ത്രിക്കാൻ നിറത്തോക്കുകളുമായി കാവൽ നിൽക്കുന്ന വെള്ളപ്പോലീസുകാർ. ഒരു കറുത്ത വർഗ്ഗക്കാരനെ വെടിവച്ച് കൊന്നാൽ പോലും അത് ഒരു കുറ്റമല്ലാതിരുന്ന കാലം. വെള്ളക്കാരായ റഫറിമാർ. ഇതായിരുന്നു സ്ഥിതി. ജാക്ക് ലണ്ടൻ വളരെ വിശദമായി ഇതൊക്കെ അദ്ദേഹത്തിൻ്റെ തൽസമയ വിവരണക്കുറിപ്പുകളിൽ വിശദീകരിക്കുന്നുണ്ട്.

മത്സരം ആരംഭിച്ചു. രണ്ടോ മൂന്നോ റൗണ്ടിനുള്ളിൽ നീഗ്രോ ലോക ചാമ്പ്യൻ്റെ ഇടി കൊണ്ട് വീഴുമെന്ന് ബോക്സിംഗ് വിദഗ്ദ്ധരുടേയും കാണികളുടേയും പത്രക്കാരുടേയും പ്രവചനം. പക്ഷെ ഒന്നും സംഭവിച്ചില്ല. ജാക്ക് ലണ്ടൻ്റെ തന്നെ വാക്കുകളിൽ ജോൺസൺ തൻ്റെ എതിരാളിയെ ഒരു കൊച്ചു കുട്ടിയെ കളിപ്പിക്കും പോലെ ഓരോ റൗണ്ടിലും അപമാനിച്ചുകൊണ്ടിരുന്നു. ബേൺസിന് ജോൺസണെ തൊടാൻ കഴിഞ്ഞില്ല.

"Johnson was untouchable" ജാക്ക് ലണ്ടൻ എഴുതി. ബേൺസിണെ പഞ്ച് ചെയ്ത ശേഷം അയാൾ നിലത്ത് വീഴാതിരിക്കാനായി അയാളുടെ കൈകൾ കൂട്ടി ചേർത്ത് പിടിച്ച് തൻ്റെ രക്തത്തിനായി ആർത്ത് കൂവുന്ന കാണികളെ നോക്കി ജോൺസൺ തൻ്റെ വെളുത്ത പല്ലുകൾ കാട്ടി പുഞ്ചിരിച്ചു.

എന്നിട്ട് മൈനുകളിൽ കൽക്കരി കോരി ഉറച്ച തൻ്റെ കൈകളിൽ കുടുങ്ങിപ്പിടയുന്ന ബേൺസിനോട് ഇങ്ങനെ ചോദിച്ചു:

"you punch like a girl, what's the matter Tomy "

ജോൺസൺ പക്ഷെ ആദ്യമൊന്നും ബേൺസിണെ നോക്കൗട്ട് ചെയ്യാൻ തയ്യാറായില്ല. തൻ്റെ ഇടി കൊണ്ട് താഴെ വീഴാൻ ഉഴറിയ ബേൺസിനെ തൻ്റെ മറുകൈ കൊണ്ട് ജോൺസൺ താങ്ങി നിർത്തി, എന്നിട്ട് വീണ്ടും ഇത് തന്നെ തുടർന്നുകൊണ്ടിരുന്നു.ഇതിനെ പറ്റി ജോൺസൺ പറഞ്ഞത്:

"I could have put him away easily... bul I wanted to punish him, I had my revenge " എന്നാണ്.

ഒടുവിൽ ജോൺസൺ ബേൺസിനെ നോക്കൗട്ട് ചെയ്യുന്നുണ്ട്. പക്ഷെ മങ്ങിയ ബ്ലാക്ക് ആൻഡ് വയറ്റ് ഫിലിമിൽ ജോൺസൺൻ്റെ നോക്കൗട്ട് പഞ്ച് ഏറ്റ് വീഴുന്ന ബേൺസിൻ്റെ ചിത്രം പകുതിയെയുള്ളൂ. കാൻവാസിൽ ബേൺസ് പതിക്കും മുമ്പ് ക്യാമറ പോലീസ് നിർത്തിച്ചു.

വെളുത്തവൻ്റെ പതനം ജനങ്ങൾ കാണുന്നതിൽ നിന്നും തടയാൻ.

ഇതോടെ രോഷാകുലരായ പതിനായിരക്കണക്കിന് കാണികളിൽ നിന്ന് ജോൺസൺ ജീവനോടെ രക്ഷപ്പെട്ടത് ഒരു അത്ഭുതമായിരുന്നു. തോക്കുകൾ കൊണ്ടു നടക്കുന്ന വെളുത്ത പ്രമാണികൾ അന്നുണ്ടായിരുന്നു എന്നോർക്കുക.

തേരോട്ടങ്ങൾ

പിന്നീട് ജോൺസൺ ഹെവി വെയ്റ്റ് ചാമ്പ്യനായി ജന്മദേശത്ത് തിരിച്ചെത്തി. പക്ഷെ അധികാരികൾ ജോൺസണെ ആദരിക്കാൻ ഒരുക്കിയിരുന്ന ചടങ്ങുകളെല്ലാം നിരോധിക്കുകയാണ് ചെയ്തത്. പിൽക്കാലത്ത് സോണി ലിസ്റ്റണെ പറ്റി ഒരു പത്രപ്രവർത്തകൻ എഴുതിയ പോലെ "the heavyweight champion nobody wants" എന്ന അവസ്ഥ. ജോൺസൺ കിട്ടിയ പണം ഉപയോഗിച്ച് അമ്മയ്ക്ക് വലിയ ഒരു വീട് വാങ്ങി. കാശുകാരായ വെള്ള പ്രമാണികളെപ്പോലെ ജീവിച്ചു.കറുത്തവന് പ്രവേശനമില്ലായിരുന്ന ഹോട്ടലുകളിൽ പ്രവേശിച്ചു.ഒരിക്കൽ അങ്ങനെയൊരു സന്ദർഭത്തിൽ വെള്ളക്കാരികളായ ആറ് സുന്ദരിമാർ ജോൺസണോടൊപ്പം ആ ഹോട്ടലിൽ നിന്നും ഇറങ്ങിപ്പോന്നു.അവർ അവിടുത്തെ ജീവനക്കാരായിരുന്നു. അതിലൊരാൾ വെള്ളക്കാരനായ ഒരു പോലീസുകാരൻ്റെ ഭാര്യയും. ഈയൊരു ഒറ്റക്കാരണത്താൽ ആറ് പേരുടേയും ജോലി നഷ്ടപ്പെട്ടു, പിരിച്ചുവിടപ്പെട്ടു. പത്രങ്ങൾ അതിൻ്റെ കാരണം എഴുതി.

"the only reason was they slept with the world heavyweight boxing champion".

ജോൺസൺ വെള്ളക്കാരികളായ കാമുകിമാരോടൊപ്പം നാടുചുറ്റാൻ തുടങ്ങി.

(വെള്ളക്കാരികളുമായി അടുപ്പമുണ്ട് എന്ന് സംശയിച്ച് മാത്രം കറുത്തവരെ അടിച്ച് കൊല്ലുന്ന കാലമായിരുന്നു അത്.)

ഇത് അമേരിക്കൻ വെള്ളക്കാരുടെ സമൂഹത്തിന് സഹിക്കാൻ സാധിച്ചില്ല.അവർ നിയമപരമായും ഒക്കെ പല കള്ളക്കേസുകളിലും കുടുക്കി ജോൺസണെ വലച്ചു.തൻ്റെ വില കൂടിയ കാറും ഓടിച്ച് നിരത്തിലൂടെ പാഞ്ഞ് പോയ ജോൺസണെ ഒരിക്കൽ പോലീസുകാർ തടഞ്ഞു നിർത്തി അമിതവേഗതയ്ക്ക് പിഴ ചുമത്തി.

ജോൺസൺ ചോദിച്ചു "എത്ര?"

അവർ പറഞ്ഞു 50 ഡോളേഴ്സ്.

തൻ്റെ പോക്കറ്റിൽ നിന്നും ഒരു റോൾ നോട്ടുകെട്ട് എടുത്തിട്ട് അതിൽ നിന്നും 100 ഡോളർ അവർക്ക് കൊടുത്തു. അവർ പറഞ്ഞു:

:''we cannot change 100 dollars"

ജോൺസൻ്റെ മറുപടി:

"Keep the change and comeback the same way I went through"

ഇതായിരുന്നു ജോൺസൺ.തൻ്റെ മുന്നിൽ ഒരു പർവ്വതം വന്ന് നിന്നാലും കൂസാക്കാത്ത പ്രകൃതം.

പുതിയ വെല്ലുവിളി സ്റ്റാൻലി കെച്ചൽ

ജോൺസൺ ഹെവി വെയ്റ്റ് ഡിവിഷൻ ക്ലീൻ ചെയ്തു.വെള്ളക്കാരായ ബോക്സർമാരെ ഒന്നിന് പുറകെ ഒന്നൊന്നായി ജോൺസൺ തോൽപ്പിച്ചു. അക്കാലത്ത് ലോക മിഡിൽ വെയ്റ്റ് ചാമ്പ്യനായിരുന്ന മിഷിഗൺ അസ്സാസിൻ എന്നറിയപ്പെട്ടിരുന്ന സ്റ്റാൻൽലി കെച്ചൽ ജോൺസണുമായി മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. അത് ചാമ്പ്യൻഷിപ്പിന് വേണ്ടിയുള്ള മത്സരം ആയിരുന്നില്ല. കാണികൾക്ക് വേണ്ടി ഒരു എക്സിബിഷൻ എന്ന രീതിയിൽ. അങ്ങനെ മത്സരം ആരംഭിച്ചു. പരസ്പര ധാരണയോടെ മത്സരം മുന്നോട്ട് പോകവെ സ്റ്റാൻലി കെച്ചൽ സ്ക്രിപ്റ്റിലില്ലാത്ത ഒരു നീക്കം നടത്തി.

ഒരു അവസരം കിട്ടിയപ്പോൾ ജോൺസണെ സർവ്വ ശക്തിയുമെടുത്ത് ഇടിച്ച് വീഴ്ത്തി.

ഒരു നോക്കൗട്ട് ആയിരുന്നു വെള്ളക്കാരനായ മിഡിൽ വെയ്റ്റ് ചാമ്പ്യൻ ലക്ഷ്യമിട്ടത്. വെള്ളക്കാരായ കാണികൾ ആർത്ത് വിളിച്ചു. അപ്രതീക്ഷിതമായ നീക്കത്തിൽ നിലത്ത് വീണ ജോൺസൺ ഒരു ഞെട്ടലോടെ ചതി മണത്ത് എഴുന്നേറ്റു.

ഉടനെ തന്നെ അതിശക്തമായ മറ്റൊരു നോക്കൗട്ട് പഞ്ചിൽ കെച്ചലിനെ വീഴിത്തി.

നിലത്ത് ബോധരഹിതനായി വീണ കെച്ചലിൻ്റെ രണ്ട് പല്ലുകൾ തൻ്റെ വലതു കൈയ്യിലെ ബോക്സിംഗ് ഗ്ലാസിൽ തറഞ്ഞത് ജോൺസൺ ഇടത് കൈ കൊണ്ട് തൂത്ത് കളയുന്ന വീഡിയോ ഫുട്ടേജ് ലഭ്യമാണ്.

സ്പോർട്സ് ലേഖകനായ WC Heinz

ഈ മത്സരത്തെ പറ്റി വിശദമായി വിവരിച്ചിട്ടുണ്ട്.

ജിം ജെഫ്രിയേഴ്സിൻ്റെ തിരിച്ചുവരവും വീഴ്ച്ചയും

ലോകത്തിലെ ഏറ്റവും ശക്തനായ ബോക്സർമാരിൽ ഒരാളായിട്ടാണ് ജിം ജെഫ്രിയേഴ്സ് അറിയപ്പെട്ടത്.അദ്ദേഹത്തിൻ്റെ എതിരാളികൾ വാരിയെല്ലുകൾ ഒടിഞ്ഞും താടിയെല്ല് തകർന്നും ഒക്കെയാണ് മത്സരം അവസാനിപ്പിച്ചിരുന്നത്.ജെഫ്രിയേഴ്സ് പറഞ്ഞിട്ടുള്ളത് " ഞാൻ മനപ്പൂർവ്വം ശക്തിയായി പഞ്ച് ചെയ്യാറില്ല, കാരണം ഞാൻ ആരെയും കൊല്ലാൻ ആഗ്രഹിക്കുന്നില്ല " എന്നാണ്.

അദ്ദേഹം പരാജയമറിയാതെ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായി വിരമിച്ചയാളായിരുന്നു. വിരമിച്ചിട്ട് 4 വർഷമായ,

34 വയസ്സായ ജെഫ്രിയേഴ്സിനോട് റിട്ടയർമെൻ്റിൽ നിന്നും തിരിച്ചു വന്ന് ജോൺസണെ തോൽപ്പിക്കാൻ അമേരിക്ക കേണപേക്ഷിച്ചു. ആദ്യം മടിച്ചെങ്കിലും വലിയ തുക ലഭിക്കും എന്നായപ്പോഴ് ജെഫ്രിയേഴ്സ് സമ്മതിച്ചു. പരിശീലനം തുടങ്ങി. 50kg ഭാരം കുറച്ച് തൻ്റെ പഴയ ആകാരത്തിലെത്തിയ ജെഫ്രിയേഴ്സ് The Great White hope എന്ന് വിശേഷിപ്പിക്കപ്പെട്ടു.

ഒരു നീഗ്രോ (അവരുടെ ഭാഷയിൽ) ലോക ചാമ്പ്യനായി വിലസുന്നത് അമേരിക്കൻ പത്രങ്ങൾക്ക് പോലും സഹിച്ചില്ല.

ദി ന്യൂയോർക്ക് ടൈംസ് ഇങ്ങനെയെഴുതി:

"If the black man wins thousands and thousands of his ignorant brothers will misrepresent his victory as justifying claims to much more than physical equality with their white neighbours.."

- The New York Times

അങ്ങനെ ജോൺസണും ജെഫ്രിയേഴ്സുമായി ഉള്ള മത്സരത്തിന് കളമൊരുങ്ങി. 17 പ്രത്യേക ട്രെയിനുകൾ മത്സര സ്ഥലത്തേയ്ക്ക് ഓടിയെത്തി. ഹോട്ടലുകളും സത്രങ്ങളും തെരുവുകളും നിറഞ്ഞ് കവിഞ്ഞു. മത്സരം കാണാനെത്തിയ ജനങ്ങൾ തെരുവിൽപ്പോലും കിടന്നുറങ്ങി.

ജോൺസൺ റിംഗിലെത്തി. പിന്നാലെ ജെഫ്രിയേഴ്സും. 15 റൗണ്ടോളം നീണ്ട പോരാട്ടത്തിൽ ജെഫ്രിയേഴ്സിന് ജോൺസണ് ഒരു നേരിയ വെല്ലുവിളി പോലും ഉയർത്താൻ കഴിഞ്ഞില്ല. 5 വർഷത്തെ റിട്ടയർമെൻ്റ് മൂലം ഉണ്ടായ നിഷ്ക്രിയത്വം (inactivity) ജെഫ്രിയേഴ്സിനെ ബാധിച്ചിരുന്നു.

15 റൗണ്ടോളമെത്തിയപ്പോൾ ഒടുവിൽ ജെഫ്രിയേഴ്സ് ജോൺസൻ്റെ കരുത്തിന് മുന്നിൽ പല തവണ നിലത്ത് വീണു.

കാണികൾ മുറവിളി കൂട്ടി മത്സരം നിർത്താൻ; അവർ ഇങ്ങനെയലറി:

"don't let that Nigger knock him out"

പോലീസ് ഇടപെട്ട് മത്സരം നിർത്തിച്ചു.

പിന്നീട് ജെഫ്രിയേഴ്സ് പോലും ജോൺസൻ്റെ കഴിവുകളെ പറ്റി വാചാലനായി.

"I could never have whipped Jack Johnson at my very best " ജെഫ്രിയേഴ്സ് പറഞ്ഞു.

പതനം, പരാജയങ്ങൾ, മരണം

കാലം പിന്നെയും മുന്നോട്ട് പോയി.ജോൺസണെയും പ്രായം പിടികൂടി.

പിന്നീട് ജോൺസൺ മത്സരത്തിൽ പരാജയപ്പെടുകയും ലോക ചാമ്പ്യൻഷിപ്പ് നഷ്ടപ്പെടുകയും ചെയ്തു. പിന്നീടും പലതവണ പരാജയപ്പെട്ടതോടെ ജോൺസൺ ബോക്സിംഗ് ഉപേക്ഷിച്ചു.

ഒടുവിൽ 1946 ഒരു ജൂൺ മാസം ഒരു അമിതവേഗതിയിലുള്ള കാർ ഡ്രൈവിംഗിൽ അപകടത്തിൽ പെട്ട് ജോൺസൺ മരണപ്പെട്ടു.

വിഖ്യാത അമേരിക്കൻ കവി റോബർട്ട് ഫ്രോസ്റ്റിൻ്റെ പ്രസിദ്ധമായ ഒരു കവിതയുണ്ട്.

The Road Not Taken എന്ന പേരിൽ.അതിൽ ഒരു സഞ്ചാരി രണ്ട് വശത്തേയ്ക്ക് പിരിഞ്ഞ് പോകുന്ന ഒരു റോഡിൻ്റെ അന്ത്യത്തിൽ ഏത് തെരഞ്ഞെടുക്കണമെന്ന് ശങ്കിച്ച് നിൽക്കുന്നുണ്ട്. അതിൽ ഒരു പാത എല്ലാവരും പോയി പുല്ല് തെളിഞ്ഞ ഒന്നാണ്. അതിലെ പോയാൽ അപകടം കുറവാണ്, കാരണം ധാരാളം ആളുകൾ എന്നും യാത്ര ചെയ്യുന്നതാണ്. പക്ഷെ മറ്റൊരെണ്ണം കാട് മൂടിയ പാതയാണ്. അതിൻ്റെ അർത്ഥം അതുവഴി അധികമാരും പോയിട്ടില്ല, പോയവർ തിരിച്ചു വന്നതായും അറിയില്ല.

ദീർഘനേരത്തെ ആലോചനയ്ക്ക് ശേഷം സഞ്ചാരി / കവി കാട് മൂടിയ പാത തെരഞ്ഞെടുക്കുന്നു. ഇതാണ് ജോൺസണും ചെയ്തത്. മുഹമ്മദ് അലി തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട് "A person who is not ready to take any risk will achieve nothing in his life". ആരെയും കൂസാതെ, ഒന്നിനെയും ഭയപ്പെടാതെ താൻ തനിയെ വെട്ടിത്തെളിച്ച പാതയിലൂടെ ഒറ്റയ്ക്ക് നടന്ന ജോൺസൺ

പിന്നീട് അമേരിക്കയിൽ വംശവെറിയെ മുട്ടുകുത്തിച്ച് ഉയർന്ന് വന്ന ബ്ലാക്ക് അത്ല്ലറ്റുകൾക്കെല്ലാം ഒരു വഴിവിളക്കായിരുന്നു.

തന്നോട് വളച്ചൊടിച്ച ചോദ്യങ്ങൾ ചോദിച്ച ഒരു റിപ്പോർട്ടറോട് ജോൺസൺ പറഞ്ഞു:

"What you write about me,but l was a man"

അമേരിക്കൻ നോവലിസ്റ്റ് ജാക്ക് ലണ്ടൻ്റെ ജോൺസണെ പറ്റിയുള്ള ഒരു പരാമർശത്തോടെ ഇതവസാനിപ്പിക്കാം:

"There has never been anything like this in the history of the ring..

No stories found.
The Cue
www.thecue.in