കോടിയേരിക്ക് തിരുത്ത്, ക്യാപ്റ്റനെന്ന് പിണറായിയെ വിളിച്ചത് ദേശാഭിമാനി, വിമര്‍ശനവുമായി അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

കോടിയേരിക്ക് തിരുത്ത്, ക്യാപ്റ്റനെന്ന് പിണറായിയെ വിളിച്ചത് ദേശാഭിമാനി, വിമര്‍ശനവുമായി അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
Pinarayi Vijayan using the term captain

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചിക്കുന്ന പാര്‍ട്ടി അല്ലെന്ന് സിപിഐഎം പിബി അംഗം പ്രകാശ് കാരാട്ടും മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു. പാര്‍ട്ടി പ്രസിദ്ധീകരണമോ പാര്‍ട്ടിയോ ഇത്തരമൊരു വിശേഷണം നടത്തിയിട്ടില്ലെന്നായിരുന്നു കോടിയേരിയുടെ വാദം. കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റാണെന്ന് സിപിഐഎം മുന്‍ നേതാവ് അപ്പുകുട്ടന്‍ വള്ളികുന്ന്. 2021 മാര്‍ച്ച് 11 ന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി എഡിറ്റോറിയല്‍ പേജില്‍ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചെഴുതിയ ലേഖനവും ഇലക്ഷന്‍ പര്യടന വേളയിലെ തലക്കെട്ടുകളും ചൂണ്ടിക്കാട്ടിയാണ് വള്ളിക്കുന്നിന്റെ വാദം

അപ്പുകുട്ടന്‍ വള്ളിക്കുന്നിന്റെ വാദം

ക്യാപ്റ്റനും കോടിയേരിയുംപാര്‍ട്ടിക്ക് പിണറായി ക്യാപ്റ്റനല്ല സഖാവ് മാത്രമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു. ചില ആളുകള്‍ അങ്ങനെ വിശേഷിപ്പിക്കുന്നുണ്ടാവാം. എന്നാല്‍ പാര്‍ട്ടി ഔദ്യോഗികമായോ പാര്‍ട്ടി പ്രസിദ്ധീകരണങ്ങളോ അങ്ങനെ അവതരിപ്പിക്കുന്നില്ലെന്നാണ് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വെള്ളിയാഴ്ച കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ പറഞ്ഞത്.
മുഖ്യമന്ത്രി പിണറായി വിജയനെ സി.പി.എം. ഔദ്യോഗികമായി ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത് 2021 മാര്‍ച്ച് 11 മുതലാണ്. സി.പി.എം. മുഖപത്രത്തിന്റെ മുഖപ്രസംഗപേജിലെ ലേഖനത്തിലൂടെ ക്യാപ്റ്റന്‍ എന്ന തലകെട്ടില്‍. കേരളത്തിന്റെ ടീം ക്യാപ്റ്റനായി’എല്‍.ഡി.എഫിനെ നയിക്കാന്‍ ഒരിക്കല്‍ കൂടി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇറങ്ങുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്.
ക്യാപ്റ്റന്‍, ക്യാപ്റ്റന്റെ പടയോട്ടം, കടലിരമ്പങ്ങളില്‍ കപ്പിത്താന്‍ എന്നിങ്ങനെ ഔദ്യോഗിക മുഖപത്രം മുഖ്യമന്ത്രിയുടെ നായക വിശേഷണ പ്രചാരണം തുടരുകയാണ്. 2019-ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മോദിയെ ‘ടീം ഇന്ത്യാ ക്യാപ്റ്റന്‍’ എന്ന് വിശേഷിപ്പിച്ച് പിആര്‍ പ്രചാരണത്തിന്റെ അതേ ശൈലിയില്‍.
കല്ലുകടിയായത് കേരളത്തില്‍ എല്‍.ഡി.എഫ്. പ്രചാരണത്തിനെത്തിയ പിബി അംഗം വൃന്ദ കാരാട്ട് പരസ്യമായി അത് തിരുത്താന്‍ ശ്രമിച്ചതാണ്. സി.പി.എമ്മില്‍ ക്യാപ്റ്റനില്ല, സഖാക്കളെ ഉള്ളൂ എന്ന് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സെക്രട്ടറി പി. കൃഷ്ണപിള്ളയെ സഖാവ് എന്ന പേരില്‍ മാത്രം ഓര്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് മുമ്പില്‍ അവര്‍ പാര്‍ട്ടിയെ തിരുത്തി. എന്നിട്ടും പ്രചാരണയോഗങ്ങളിലും പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളിലും ടീം ക്യാപ്റ്റന്‍ അപദാനം തുടരുന്നു.
സത്യം ഇതാണെന്നിരിക്കെ പിബി അംഗമായ കോടിയേരി ബാലകൃഷ്ണന്‍ ഇങ്ങനെ ഒരു കള്ളസത്യവാങ്ങ്മൂലം ക്യാപ്റ്റനുവേണ്ടി ജനങ്ങളുടെ കോടതിയില്‍ സമര്‍പ്പിച്ചത് പരിതാപകരമായി. താന്‍ മാറി നില്‍ക്കേണ്ടിവന്ന സെക്രട്ടറി പദവിയില്‍ മറ്റൊരാള്‍ ക്യാപ്റ്റനെ പ്രതിരോധിക്കാന്‍ വ്യാജസത്യവാങ്ങ്മൂലങ്ങളുമായി രംഗത്തുണ്ടായിരിക്കെ കോടിയേരിയുടെ പ്രകടനം ദയനീയമായി.

പിണറായി നേതൃനിരയിലെ അഗ്രഗാമി എ.വിജയരാഘവന്‍

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ എന്ന് വിളിക്കുന്നതില്‍ വിവാദം വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങള്‍ സ്‌നേഹാദരങ്ങളോടെ കാണുന്നുണ്ട്. നേതൃത്വപാടത്തെ ആളുകള്‍, സമൂഹം നോക്കിക്കാണുന്നതിന്റെ അതിന്റെ ഭാഗമായി വരുന്നതാണ് ചില പ്രതികരണങ്ങളാണ് ചില വിളികള്‍. സ്വാഭാവികമായും ലഭിക്കുന്ന ആദരവിനെ വളച്ചൊടിക്കേണ്ടതില്ല.

കേരളത്തിന്റെ മുഖ്യമന്ത്രി കേരളത്തിന് ഏറ്റവും ആദരണീയനായ ആളാവില്ലേ. മുഖ്യമന്ത്രിയെക്കുറിച്ച് ബഹുമാന്യമായ പരാമര്‍ശം ഉണ്ടാകില്ലേ. കേരളത്തിലെ മുഖ്യമന്ത്രിയല്ലേ, സഖാവ് എന്ന നിലയില്‍ പിണറായി വിജയന്‍ ഇവിടെ ഉണ്ടല്ലോ. ഒരു പദാവലിക്ക് ചുറ്റും വ്യാഖ്യാനമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് താല്‍പ്പര്യമില്ല. തെരഞ്ഞെടുപ്പ് വേദിയിലേക്ക് ആളുകളെ ആനയിക്കുമ്പോള്‍ എന്തൊക്കെ വിശേഷണങ്ങളുണ്ടാകും. അതൊക്കെ നാട്ടുനടപ്പല്ലേ. നേതൃത്വനിരയില്‍ അഗ്രഗാമിയായി നില്‍ക്കുന്നത് സഖാവ് പിണറായി വിജയനാണ്. സംസ്ഥാന മുഖ്യമന്ത്രിയെ ജനങ്ങള്‍ സ്‌നേഹാദരങ്ങളോടെ കാണുന്നു അത്രയേ ഉള്ളൂ.

കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്

ചിലയാളുകള്‍ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം മാത്രമാണത്. പാര്‍ട്ടിയുടെ പ്രസിദ്ധീകരണങ്ങളില്‍ എവിടേയും ക്യാപ്റ്റന്‍ എന്ന വിശേഷണം നല്‍കിയിട്ടില്ല. അത് ഇങ്ങനെ ഓരോ സന്ദര്‍ഭത്തിലും ഓരോ ആളുകളെ പലയാളുകളെ സംബന്ധിച്ചും ഓരോ വിശേഷണം നല്‍കും. സ്വാഭാവികമായി ജനങ്ങള്‍ക്കിടയില്‍ നിന്നും വരുന്ന അഭിപ്രായം മാത്രമാണത്. പാര്‍ട്ടി അങ്ങനൊരു വാചകം ഉപയോഗിച്ചില്ല. പാര്‍ട്ടിക്ക് എല്ലാവരും സഖാക്കളാണ്.’

No stories found.
The Cue
www.thecue.in