മഅ്ദനി എന്താണ് ചെയ്തത്?, എത്ര വര്‍ഷമായി അദ്ദേഹത്തിനെ പീഡിപ്പിക്കുന്നു: സലിംകുമാര്‍

മഅ്ദനി എന്താണ് ചെയ്തത്?, എത്ര വര്‍ഷമായി അദ്ദേഹത്തിനെ പീഡിപ്പിക്കുന്നു: സലിംകുമാര്‍

അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരെ നടക്കുന്നത് മാനുഷിക ധ്വംസനമെന്ന് നടന്‍ സലിംകുമാര്‍. ''മഅ്ദനി എന്താണ് ചെയ്തത് ? പത്തു വര്‍ഷത്തോളമായി അദ്ദേഹം വിചാരണ തടവുകാരനാണ്. അതൊരു മാനുഷിക ധ്വംസനമല്ലേ? മഅ്ദനിയെ വെറുതെ വിടണം എന്നല്ല ഞാന്‍ പറയുന്നത്. കുറ്റം ചെയ്താല്‍ ശിക്ഷിക്കണം. പക്ഷേ ആ കുറ്റം എന്താണെന്ന് തെളിയിക്കേണ്ട ബാധ്യത നിയമത്തിനില്ലേ? മറ്റേതൊരു ഇന്ത്യന്‍ പൗരനും കിട്ടേണ്ട അവകാശങ്ങള്‍ അദ്ദേഹത്തിന് കിട്ടണം'' സലിംകുമാര്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ രൂപേഷ് കുമാറിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

മനുഷ്യരോടു ചെയ്യുന്ന ക്രൂരതകള്‍ക്കെതിരെ പ്രതികരിച്ചിട്ടു കിട്ടാത്ത ഒരു സാധനമാണ് സിനിമയെങ്കില്‍ അങ്ങനെയൊരു സാധനം എനിക്കു വേണ്ടെന്നും സലിംകുമാര്‍.

സലിംകുമാര്‍ അഭിമുഖത്തില്‍

മഅ്ദനി എന്താണ് ചെയ്തത് ? പത്തു വര്‍ഷത്തോളമായി അദ്ദേഹം വിചാരണ തടവുകാരനാണ്. അതൊരു മാനുഷിക ധ്വംസനമല്ലേ? മഅ്ദനിയെ വെറുതെ വിടണം എന്നല്ല ഞാന്‍ പറയുന്നത്. കുറ്റം ചെയ്താല്‍ ശിക്ഷിക്കണം. പക്ഷേ ആ കുറ്റം എന്താണെന്ന് തെളിയിക്കേണ്ട ബാധ്യത നിയമത്തിനില്ലേ? മറ്റേതൊരു ഇന്ത്യന്‍ പൗരനും കിട്ടേണ്ട അവകാശങ്ങള്‍ അദ്ദേഹത്തിന് കിട്ടണം

അഥവാ അദ്ദേഹം കുറ്റം ചെയ്തില്ലെങ്കിലോ ? ഈ നിയമം എന്തു മറുപടി പറയും? എത്ര വര്‍ഷമായി അദ്ദേഹത്തിനെ പീഡിപ്പിക്കുന്നു? ഞാന്‍ കോണ്‍ഗ്രസുകാരന്‍ ആണ്. കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ച ഒരാളുമാണ്. സാധാരണ ജാഥയില്‍ പോകുമ്പോള്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുമല്ലോ. ഐന്റ കുട്ടിക്കാലത്ത് എം.കെ. കൃഷ്ണന്‍ എന്നു പറയുന്ന കമ്യൂണിസ്റ്റ് നേതാവ് വനം വകുപ്പ് മന്ത്രി ആണ്. അപ്പോള്‍ ''കള്ളാ...കള്ളാ...ചന്ദനം കള്ളാ... ചന്ദനം കള്ളാ... എം.കെ. കൃഷ്ണാ...'' എന്നു കോണ്‍ഗ്രസ് ജാഥയില്‍ മുദ്രാവാക്യം വിളിച്ചു. ഞാനും അത് ഏറ്റുവിളിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം എം.കെ. കൃഷ്ണന്‍ മരിച്ചു. അദ്ദേഹത്തിനെ അന്ന് ദഹിപ്പിക്കാന്‍ രണ്ടു സെന്റ് സ്ഥലം സ്വന്തമായിട്ടുണ്ടായിരുന്നില്ല. ആ യാഥാര്‍ഥ്യം അറിഞ്ഞ അന്ന് എനിക്കു ഉറങ്ങാന്‍ പറ്റിയില്ല. ഒരു നിരപരാധിയെ ആണ് ശിക്ഷിച്ചത്. പൊതുപ്രവര്‍ത്തകരായാല്‍ എന്തും പറയാം എന്നാണ് അവസ്ഥ. അന്ന് മുതല്‍ എനിക്കു ബോധ്യം ആകുന്നതുവരെ എത്ര കൊലപാതകി ആയാലും അയാളെ പിന്തുണക്കും ഞാന്‍. എനിക്കു അയാള്‍ തെറ്റ് ചെയ്തിട്ടുണ്ട് എന്നു ബോധ്യമാകണം. മഅ്ദനി ചെയ്ത കുറ്റം എന്താണെന്ന് തെളിയിക്കണം. അല്ലാതെ ആ മനുഷ്യനെ ഇങ്ങനെ ശിക്ഷിക്കുന്നത് ശരിയല്ല. എന്തുകൊണ്ടാണ് മഅ്ദനിയുടെ കാര്യത്തില്‍ ഇത്രയും കാലതാമസം? നാളെ എനിക്കും ഇത് സംഭവിച്ചേക്കാം. മഅ്ദനിക്ക് സംഭവിച്ചത് ആര്‍ക്കും സംഭവിക്കാം. കേരളത്തിലെ പൊതുസമൂഹവും അദ്ദേഹത്തിന്റെ കൂടെ നിന്നിട്ടില്ല. കേരള പൊതുസമൂഹം എന്തിന്റെ കൂടെ ആണ് നിന്നത്? ഒരു നല്ല സമരം സംഘടിപ്പിക്കാന്‍ കേരളത്തില്‍ സാധിച്ചിട്ടുണ്ടോ എന്നെങ്കിലും? മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും കോണ്‍ഗ്രസിനും ബി.ജെ.പിക്കും സാധിച്ചിട്ടില്ല. കേരളീയര്‍ സുഖിമാന്മാരാണ്. എനിക്കു കേരളത്തില്‍ പ്രതീക്ഷ ഇല്ല. കാരണം സുഖിച്ചു ജീവിക്കുന്ന ആളുകളാണ്.

സി.എച്ച് മെമ്മോറിയല്‍ കോളജിലെ കുട്ടികളെ 'മുസ്ലിം തീവ്രവാദികള്‍' ആക്കി ചിത്രീകരിച്ച പ്രചാരണം

ഒരു കലാകാരന്‍ അങ്ങനെ ആയിരിക്കണം. തിരുവനന്തപുരത്തെ സി.എച്ച് മെമ്മോറിയല്‍ കോളജിലെ കോളജ് ഡേ പരിപാടി ഉദ്ഘാടനമായിരുന്നു. ഞാനാണ് ഉദ്ഘാടനം. അവിടെ ഉള്ള ഫൈനല്‍ ഇയര്‍ കുട്ടികള്‍ എന്നോടു ''ചേട്ടാ, ബ്ലാക്ക് ഡ്രസ് ഇട്ടിട്ടു വരണം'' എന്നു പറഞ്ഞു. അവരും ബ്ലാക്ക് ഡ്രസില്‍ ആണ്. എന്നെ ജീപ്പില്‍ ഇരുത്തി അവര്‍ ബൈക്ക് റാലി ഒക്കെ നടത്തി ആഘോഷമാക്കാന്‍ വേണ്ടിയാണ് എന്നു അവര്‍ എന്നോടു പറഞ്ഞു. ഞാന്‍ ശരി എന്നു പറഞ്ഞു. ഞാന്‍ കറുത്ത വസ്ത്രമൊക്കെ ധരിച്ചു ആഘോഷമായി തന്നെ പരിപാടിയില്‍ പങ്കെടുത്തു. ഒരു രണ്ടു മാസം കഴിഞ്ഞു ഞാന്‍ ഒരു വാര്‍ത്ത കാണുകയാണ്. സി.എച്ച് മെമ്മോറിയല്‍ കോളജില്‍ ''ഇതാ ഐസിസുമായി ബന്ധമുള്ളവര്‍''. ഐസിസ് ചാരന്മാര്‍ കറുത്ത ഡ്രസ് ഇട്ടു കൊടി പിടിച്ച് ഘോഷയാത്ര നടത്തി. ആ പരിപാടിയിലെ ഫോേട്ടാകളിലെ ഐന്റ ഭാഗം കട്ട് ചെയ്തു കളഞ്ഞിട്ടാണ് ഈ പ്രചാരണം. ഞാനില്ല, ഈ കുട്ടികള്‍ മാത്രമേ ഉള്ളൂ. അപ്പോള്‍ ഈ പാവപ്പെട്ട കുട്ടികള്‍ സംശയത്തിന്റെ ദൃഷ്ടിയില്‍ ആവുകയാണ്. അവരുടെ ഭാവിക്ക് ഭീഷണി ആവുകയാണ്. അവിടെ മുസ്ലിംകള്‍ മാത്രമല്ല ഹിന്ദുക്കളും ക്രിസ്ത്യാനികളും എല്ലാം പഠിക്കുന്നുണ്ട്. അവിടെ പ്രതികരിക്കാതെ കൈ കെട്ടി നിന്നാല്‍ ഞാന്‍ ഒരു കലാകാരനാകില്ല. രൂപമാണ് ഒരുത്തനെ മുസ്ലിം ആക്കുന്നതെങ്കില്‍ ഞാന്‍ മുസ്ലിം ആണ്. അങ്ങനെയാണ് ഞാന്‍ തൊപ്പി ധരിച്ചു ഒരു ടി.വി ചര്‍ച്ചക്ക് വരുന്നത്. ഐന്റ പേരൊക്കെ സലിം കെ. ഉമ്മര്‍ എന്നൊക്കെ ആക്കിമാറ്റി ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തി. ഇതൊക്കെ ആര് മൈന്‍ഡ് ചെയ്യാന്‍? ഞാന്‍ മൈന്‍ഡ് ചെയ്തില്ല. ഈ മനുഷ്യരോടു ചെയ്യുന്ന ക്രൂരതകള്‍ക്കെതിരെ പ്രതികരിച്ചിട്ടു കിട്ടാത്ത ഒരു സാധനമാണ് സിനിമയെങ്കില്‍ അങ്ങനെയൊരു സാധനം എനിക്കു വേണ്ട.

Related Stories

No stories found.
logo
The Cue
www.thecue.in