അറിവ് ആദിവാസികളുടെ ഉന്നമനത്തിന് ; ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്ന് ആദ്യ ഗവേഷകനായി വിനോദ്

അറിവ് ആദിവാസികളുടെ ഉന്നമനത്തിന് ; ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്ന് ആദ്യ ഗവേഷകനായി വിനോദ്

നിലമ്പൂര്‍ വനമേഖലയിലെ ചോലനായ്ക്കര്‍ വിഭാഗത്തില്‍ നിന്ന് ആദ്യ ഗവേഷകനായിരിക്കുകയാണ് വിനോദ്. ഏഷ്യന്‍ വന്‍കരയില്‍ തന്നെ അവശേഷിക്കുന്ന ഗുഹാവാസികളാണ് ചോലനായ്ക്കര്‍. ഈ വിഭാഗത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടുന്ന ആദ്യ വ്യക്തിയാണ്. ചോലനായ്ക്ക, കാട്ടുനായ്ക്ക വിഭാഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക അതിജീവനമാണ് ഗവേഷണ വിഷയം. കുസാറ്റിലെ ഡോ. പി.കെ ബേബിക്ക് കീഴിലാണ് വിനോദിന്റെ പിഎച്ച്ഡി പഠനം. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രവേശനം നേടിയത്. വിനോദ്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ അപ്‌ളൈഡ് ഇക്കണോമിക്‌സില്‍ എംഫില്‍ പൂര്‍ത്തീകരിച്ചിരുന്നു.

കരുളായി മാഞ്ചീരി കോളനിയിലെ മണ്ണള ചെല്ലന്റെയും വിജയയുടെയും മകനായ വിനോദ് 20 വര്‍ഷം മുന്‍പാണ് ആദ്യം കാടിറങ്ങുന്നത്. കിര്‍ത്താഡ്‌സ് ഡയറക്ടറായിരുന്ന എന്‍.വിശ്വനാഥന്‍ നായരാണ് വിനോദിനെ ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്നത്. ചോലനായ്ക്ക വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് വിശ്വനാഥന്‍ നായരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം മാഞ്ചീരി കോളനിയിലെത്തിയത്. ഇവിടെ ഈ വിഭാഗത്തില്‍പ്പെടുന്ന നാല്‍പ്പതോളം കുടുംബങ്ങളാണുള്ളത്. കരുളായിയില്‍ നിന്നും 22 കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് മാഞ്ചീരി കോളനി. അന്ന് പഴം നല്‍കാമെന്ന് പറഞ്ഞാണ് വിശ്വനാഥന്‍ വിനോദിനെ ഒപ്പം കൂട്ടിയത്.പക്ഷേ കുഞ്ഞുവിനോദ് വീണ്ടും കാട്ടിലേക്ക് തന്നെ മടങ്ങി.

എന്നാല്‍ ആറാം വയസ്സില്‍ വിനോദിനെ വീണ്ടും തിരികെ കൊണ്ടുവന്നു. നിലമ്പൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലായിരുന്നു പഠനം. പിന്നീട് നിലമ്പൂര്‍ ഇന്ദിരാഗാന്ധി സ്മാരക ഹൈസ്‌കൂളില്‍ നിന്ന് ഫസ്റ്റ്ക്ലാസോടെ എസ്എസ്എല്‍സി ജയിച്ചു. പിന്നാലെ വിനോദ് വീണ്ടും കാട്ടിലേക്ക് മടങ്ങി. ഊരിലെ മറ്റുള്ളവര്‍ക്കൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയിത്തുടങ്ങി. ഫസ്റ്റ് ക്ലാസോടെ പത്താം ക്ലാസ് വിജയിച്ചിട്ടും പഠനം അവസാനിപ്പിച്ചതറിഞ്ഞ് അധ്യാപകര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഊരിലെത്തി. അവര്‍ നിര്‍ബന്ധിച്ചതോടെയാണ് വിനോദ് ഉപരിപഠനത്തിന് തയ്യാറായത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പത്തനംതിട്ട വടശ്ശേരിക്കര എം.ആര്‍എസിലായിരുന്നു ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം. 70 ശതമാനം മാര്‍ക്കോടെ വിജയിച്ചു. തുടര്‍ന്ന് പാലേമേട് ശ്രീ വിവേകാനന്ദ കോളജില്‍ ബിരുദത്തിന് ചേര്‍ന്നു. ബിരുദാനന്ദര ബിരുദവും പൂര്‍ത്തിയാക്കി കുസാറ്റില്‍ എംഫില്ലിന്‌ ചേര്‍ന്നു. ആദിവാസികളുടെ ഉന്നമനത്തിന് സഹായകരമാകുന്ന മികച്ച ഒരു ജോലിയാണ് വിനോദിന്റെ ലക്ഷ്യം. നിലമ്പൂര്‍ താലൂക്കിലെ അമരമ്പലം, കരുളായി, വഴിക്കടവ് പഞ്ചായത്തുകളിലും വയനാട് ജില്ലയിലെ മുപ്പൈനാടുമായി മൂന്നൂറോളം പേരാണ് ചോലനായ്ക്കര്‍ വിഭാഗത്തിലുള്ളത്.

Vinod, the First Youth From Cholanaykar Who Pursue Higher Education

Related Stories

The Cue
www.thecue.in