നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ധിഖും ഭാമയും കൂറുമാറി

നടി ആക്രമിക്കപ്പെട്ട കേസില്‍ സിദ്ധിഖും ഭാമയും കൂറുമാറി

യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അഭിനേതാക്കളായ സിദ്ധിഖും ഭാമയും കൂറുമാറി. പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന ഇരുവരും പ്രത്യേക കോടതിയിലെ വിചാരണയ്ക്കിടെ കൂറുമാറുകയായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് അറിയുന്നു. താരസംഘടനയായ അമ്മയുടെ സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെ ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്നായിരുന്നു ഇവര്‍ നേരത്തേ നല്‍കിയ മൊഴിയെന്നും വിചാരണയ്ക്കിടെ പ്രോസിക്യൂഷന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ഇത്തരമൊരു സംഭവമുണ്ടായതായി ഇവര്‍ സ്ഥിരീകരിക്കാന്‍ തയ്യാറായില്ലെന്നുമാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതോടെ ഇരുവരെയും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ പ്രത്യേക ജഡ്ജിയോട് ആവശ്യപ്പെടുകയായിരുന്നു. അഭിനേതാക്കളായ ഇടവേള ബാബുവും ബിന്ദു പണിക്കരും നേരത്തേ കൂറുമാറിയിരുന്നു. ദിലീപിനെതിരെ ആക്രമിക്കപ്പെട്ട നടി പരാതി നല്‍കിയിരുന്നുവെന്ന ആദ്യ മൊഴിയില്‍ നിന്നാണ് ഇടവേള ബാബു മലക്കം മറിഞ്ഞത്. ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്ന് കാണിച്ചായിരുന്നു നടി പരാതിപ്പെട്ടത്. 2013 മാര്‍ച്ചില്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ ദിലീപ് ഒന്നാം പ്രതി പള്‍സര്‍ സുനിയെ കണ്ട കാര്യം അറിയാമെന്ന മൊഴിയാണ് ബിന്ദു പണിക്കര്‍ കോടതിയില്‍ നിഷേധിച്ചതെന്നും കേസുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് അറിഞ്ഞിരുന്നു.

അതേസമയം സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവം ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസിലെ നിര്‍ണായക സാക്ഷിയെ ദിലീപ് തന്റെ അഭിഭാഷകന്‍ മുഖേന സ്വാധീനിക്കാന്‍ ശ്രമിച്ചതായാണ് പ്രോസിക്യൂഷന്‍ വാദം. ഇതിന് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ദിലീപുമായി അടുപ്പമുണ്ടെന്ന് സ്ഥാപിക്കാന്‍ അന്വേഷണസംഘം ആശ്രയിക്കുന്ന സാക്ഷിയെയാണ് ദിലീപ് വശത്താക്കാന്‍ ശ്രമിച്ചതെന്നാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഉപാധികളോടെയാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് ജാമ്യവ്യവസ്ഥകളില്‍ പറയുന്നുണ്ട്. അതിന്റെ ലംഘനമാണുണ്ടായതെന്നാണ് പ്രോസിക്യൂഷന്‍ വിശദീകരിക്കുന്നത്.

നേരത്തേ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സുപ്രീം കോടതി അനുവദിച്ചിരുന്നു. പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസ് നല്‍കിയ അപേക്ഷയിന്‍മേലായിരുന്നു സുപ്രീം കോടതി സമയം നീട്ടി നല്‍കിയത്. 2017 ഫെബ്രുവരി പതിനേഴിനായിരുന്നു കേസിന് ആസ്പദമായ സംഭവം. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേ രാത്രിയില്‍ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം നടിയെ ആക്രമിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയുമായിരുന്നു. ഗൂഢാലോചനാകുറ്റമടക്കം ചുമത്തപ്പെട്ട് അറസ്റ്റിലായ ദിലീപിന് 85 ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in