സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു  സ്വാമി അഗ്നിവേശ്: കോടിയേരി ബാലകൃഷ്ണന്‍
POPULAR READ

സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു സ്വാമി അഗ്നിവേശ്: കോടിയേരി ബാലകൃഷ്ണന്‍

കോടിയേരി ബാലകൃഷ്ണന്‍

Summary

കാഷായ ധാരിയായ സന്യാസി എന്നത് ഒരു കെട്ടുകാഴ്ചയല്ലെന്നും അടിച്ചമര്‍ത്തപ്പെടുന്ന ജനതയുടെ കൂടെ ആശ്വാസമായി നിലകൊള്ളാന്‍ ബാധ്യതയുള്ളവരാണെന്നും അദ്ദേഹം എപ്പോഴും സ്വന്തം ജീവിതത്തിലൂടെ ഉദാഹരിച്ചു. കോടിയേരി ബാലകൃഷ്ണന്‍ എഴുതിയത്‌

സന്യാസ ജീവിതത്തെ മനുഷ്യാവകാശ പോരാട്ടങ്ങളുമായി ചേര്‍ത്ത് നിര്‍ത്തിയ മനുഷ്യസ്‌നേഹിയായിരുന്നു, മതനിരപേക്ഷതയുടെ കാവല്‍ക്കാരനായിരുന്ന സ്വാമി അഗ്നിവേശ്.

സാമൂഹ്യ നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ മുന്നില്‍ ആര്യസമാജം നേതാവായ സ്വാമി എന്നും ജ്വലിച്ചുനിന്നിരുന്നു. ആത്മീയതയുടെ പ്രകാശം മനുഷ്യ വിമോചനത്തിനായുള്ള പോരാട്ടവഴികളിലൂടെ മുന്നേറിക്കൊണ്ട് അദ്ദേഹം സമൂഹത്തിലാകെ വിന്യസിപ്പിച്ചു.

സ്വാമി അഗ്നിവേശിന്റെ പോരാട്ടപര്‍വ്വം ആരംഭിക്കുന്നത് അടിമ വേലയ്ക്കെതിരെ ബന്ദുവാ മുക്തി മോര്‍ച്ച രൂപീകരിച്ചു കൊണ്ടാണ്. വൈകാതെ അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. 1977-ല്‍ ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മന്ത്രിയായി സേവനമനുഷ്ടിച്ചു. എം പി എന്ന നിലയില്‍ പാര്‍ലമെന്റിനകത്തും സ്വാമി ശ്രദ്ധേയനായി.

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാജ്യമാകെ നിറഞ്ഞു നിന്ന സ്വാമി അഗ്നിവേശ് സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു. പല സന്ദര്‍ഭത്തിലും അദ്ദേഹത്തിനെതിരെ വര്‍ഗീയവാദികള്‍ ആക്രമണം നടത്തി. രാഷ്ട്രീയ ഹിന്ദുത്വയുടെ കപടത തുറന്നുകാട്ടാന്‍ അദ്ദേഹം മടികൂടാതെ ശബ്ദമുയര്‍ത്തി.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ മോചനത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ മുന്നിലേക്ക് വരുന്നതിന് അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. കാഷായ ധാരിയായ സന്യാസി എന്നത് ഒരു കെട്ടുകാഴ്ചയല്ലെന്നും അടിച്ചമര്‍ത്തപ്പെടുന്ന ജനതയുടെ കൂടെ ആശ്വാസമായി നിലകൊള്ളാന്‍ ബാധ്യതയുള്ളവരാണെന്നും അദ്ദേഹം എപ്പോഴും സ്വന്തം ജീവിതത്തിലൂടെ ഉദാഹരിച്ചു.

ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ വേദികളില്‍ സജീവമായി നിന്ന സ്വാമി അഗ്നിവേശ്, ജനാധിപത്യ സംരക്ഷണത്തിന് വേണ്ടിയുള്ള നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു. സ്ത്രീവിമോചനത്തിനും, പെണ്‍ഭ്രൂണഹത്യക്കുമെതിരെ സ്വാമി അഗ്‌നിവേശ് നടത്തിയ പോരാട്ടങ്ങളും എടുത്ത് പറയേണ്ടവയാണ്.
അദ്ദേഹത്തിന്റെ കൃതികള്‍ ആത്മീയതയെ സാമൂഹ്യമാറ്റത്തിന് വേണ്ടി ഉപയോഗിക്കാനുതകുന്ന വീക്ഷണങ്ങളാല്‍ സമ്പുഷ്ടമായിരുന്നു.

സ്വാമി അഗ്നിവേശ് വിടവാങ്ങുമ്പോള്‍ ഇന്ത്യന്‍ നവോത്ഥാന ധാരയിലെ പുരോഗമന മുഖമുള്ള ഒരു ആത്മീയാചാര്യനാണ് ഇല്ലാതാവുന്നത്. മതനിരപേക്ഷതയും ജനാധിപത്യവും ബഹുസ്വരതയും ഉയര്‍ത്തിപ്പിടിക്കുന്ന ചേരിക്ക് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ അസാന്നിധ്യം.

The Cue
www.thecue.in