അലനെയും താഹയെയും കോടതിയില്‍ നിന്ന് വിടുവിച്ചതിന് അങ്ങേക്ക് കാപ്‌സ്യൂള്‍ രൂപത്തില്‍ നമസ്‌കാരം, ജോയ് മാത്യുവിന്റെ പരിഹാസം

അലനെയും താഹയെയും കോടതിയില്‍ നിന്ന് വിടുവിച്ചതിന് അങ്ങേക്ക് കാപ്‌സ്യൂള്‍ രൂപത്തില്‍ നമസ്‌കാരം, ജോയ് മാത്യുവിന്റെ പരിഹാസം

അലന്‍-താഹ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. കുട്ടികള്‍ക്കെതിരെയുള്ള തെളിവുകള്‍ക്കായി അങ്ങയുടെ പോലീസ് കിണഞ്ഞു പരിശ്രമിക്കേണ്ടെന്ന് പറഞ്ഞു, 'ആ രണ്ടു കുട്ടികളെയും കോടതിയില്‍ നിന്നും വിടുവിച്ചു കൊണ്ടുവന്ന അങ്ങേയ്ക്ക് കാപ്‌സ്യൂള്‍ രൂപത്തില്‍ ഒരു നമസ്‌കാരം കൂടി' എന്നാണ് ജോയ് മാത്യുവിന്റെ പരിഹാസം. പന്തീരാങ്കാവ് യുഎപിഎ കേസില്‍ അലനും താഹയും മാവോയിസ്റ്റുകളാണെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചിരുന്നത്. അലനും താഹക്കുമെതിരെ യുഎപിഎ ചുമത്തിയ പൊലീസ് നടപടിക്കെതിരെ സിപിഐഎം പ്രാദേശിക ഘടകവും ജില്ലാകമ്മിറ്റിയും തുടക്കത്തില്‍ രംഗത്ത് വന്നിരുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടോടെ പിന്നോക്കം പോയി.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

മഹാമനസ്‌കതേ നമിക്കുന്നു നിന്നെ ഞാന്‍ !

സ്വന്തം പാര്‍ട്ടിയിലെ വഴിതെറ്റിപ്പോയ രണ്ടു കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സങ്കടം കേട്ടും കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ചും സര്‍വ്വോപരി പ്രതിപക്ഷ നേതാവിന്റെയും മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവിന്റെയും ഇടപെടലുകള്‍ കണക്കിലെടുത്തും അങ്ങ് കാണിച്ച വിപ്ലവകരമായ കാരുണ്യ പ്രവൃത്തിക്ക് മുന്‍പില്‍ എന്റെ കൂപ്പുകൈ .കുട്ടികള്‍ക്കെതിരെയുള്ള തെളിവുകള്‍ക്കായി അങ്ങയുടെ പോലീസ് കിണഞ്ഞു പരിശ്രമിക്കേണ്ടെന്ന് പറഞ്ഞു ആ രണ്ടു കുട്ടികളെയും കോടതിയില്‍ നിന്നും വിടുവിച്ചു കൊണ്ടുവന്ന അങ്ങേയ്ക്ക് കാപ്‌സ്യൂള്‍ രൂപത്തില്‍ ഒരു നമസ്‌കാരം കൂടി

പന്തീരാങ്കാവ് യുഎപിഎ കേസില്‍ ഉപാധികളോടെയാണ് കൊച്ചി എന്‍ഐഎ കോടതി അലന്‍ ഷുഹൈബിനും താഹ ഫസലിനും ജാമ്യം. അനുവദിച്ചത്. പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിച്ചത്. പാസ് പോര്‍ട്ട് കെട്ടിവയ്ക്കണമെന്നും മാതാപിതാക്കളില്‍ ഒരാള്‍ ജാമ്യം നില്‍ക്കണമെന്നും വ്യവസ്ഥയുണ്ട്. എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. സിപിഐ-മാവോയിസ്റ്റ് സംഘടനയുമായി ബന്ധം പാടില്ലെന്ന് കോടതിയുടെ നിബന്ധനയില്‍ പറയുന്നു. വൈകിയാണെങ്കിലും നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് താഹയുടെ സഹോദരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in