നാവു കൊണ്ടും ലിംഗം കൊണ്ടും സ്ത്രീകളെ അധിക്ഷേപിക്കുന്നവരേ, നിങ്ങള്‍ക്കൊരു നേതാവുണ്ട്: ശാരദക്കുട്ടി
POPULAR READ

നാവു കൊണ്ടും ലിംഗം കൊണ്ടും സ്ത്രീകളെ അധിക്ഷേപിക്കുന്നവരേ, നിങ്ങള്‍ക്കൊരു നേതാവുണ്ട്: ശാരദക്കുട്ടി

By THE CUE

Published on :

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ റേപ് ജോക്ക് പരാമര്‍ശത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. അധികാരത്തിന്റെ ആ ബഹുരൂപ പ്രയോഗങ്ങളില്‍ ഒന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവിന്റെ വാക്കുകളിലും ചിരിയിലും കണ്ടത്. അദ്ദേഹം സംസാരിച്ച ഭാഷയും നൊടിയിടയില്‍ മുഖത്തു മിന്നിമറഞ്ഞ ഭാവ വ്യത്യാസവും വലിയൊരു അശ്ലീലമായിരുന്നുവെന്ന് ശാരദക്കുട്ടി ഫേസ്ബുക്കില്‍ എഴുതുന്നു.

നാവു കൊണ്ടും ലിംഗം കൊണ്ടും നിമിഷംതോറും സ്ത്രീകളെ അധിക്ഷേപിക്കുന്നവരേ, നിങ്ങൾ അനാഥരല്ല, നിങ്ങൾക്കൊരു നേതാവുണ്ട്.

അധികാരത്തിന്റെ ആ ബഹുരൂപ പ്രയോഗങ്ങളിൽ ഒന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവിന്റെ വാക്കുകളിലും ചിരിയിലും കണ്ടത്. അദ്ദേഹം സംസാരിച്ച ഭാഷയും നൊടിയിടയിൽ മുഖത്തു മിന്നിമറഞ്ഞ ഭാവ വ്യത്യാസവും വലിയൊരു അശ്ലീലമായിരുന്നു.

അതിവിടെ സ്ഥിരമായി നേരിടുന്നവർ കണ്ടു പഴകിയതാണ്. അവർക്ക് പെട്ടെന്നു പിടി കിട്ടുന്നതാണ്.

സങ്കടമുണ്ട്, നിരാശയും പ്രതിഷേധവും വെറുപ്പുമുണ്ട്. അതു രേഖപ്പെടുത്താൻ വാക്കുകളില്ല..പ്രതിപക്ഷ നേതാവ് എന്നത് ഭരണത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി ജീവിക്കുന്ന ഒരു ഉന്നതപദവിയാണ്. ഭരണത്തിന്റെ ഭാഗം തന്നെയാണ്.

'ശ്രുതി കേട്ട മഹീശർ തന്നെയീ വൃതിയാനം' തുടങ്ങുകിൽ ധർമ്മഗതിയെക്കുറിച്ച് വിലപിച്ചിട്ടെന്തു കാര്യം?

( എല്ലാക്കാലത്തും സ്ത്രീവിരുദ്ധ പ്രസ്താവങ്ങളോടു നടത്തിയ പ്രതികരണങ്ങൾ മിനക്കെട്ടിരുന്നു തപ്പിയാൽ എന്റെ ടൈം ലൈനിൽ കിട്ടും. അതു കണ്ടു കഴിഞ്ഞു ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ 'അന്നു തള്ളേടെ വായിൽ പഴമായിരുന്നോ' എന്ന ചോദ്യം കോപ്പി പേസ്റ്റ് ചെയ്ത് ഇറങ്ങാവൂ . ആരു ചീത്തവിളിച്ചാലും ഞാൻ സ്ത്രീ വിരുദ്ധതക്കെതിരെ മരണം വരെ സംസാരിക്കും.)

കുളത്തൂപ്പുഴയില്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച ആരോഗ്യപ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് എന്‍ജിഒ പ്രവര്‍ത്തകനാണോ എന്ന ചോദ്യത്തിന്, ഡിവൈഎഫ്ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളൂവെന്ന് എവിടെയെങ്കിലും എഴുതിവെച്ചിട്ടുണ്ടോ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ചിരിച്ചുകൊണ്ടായിരുന്നു മറുചോദ്യം. ചെന്നിത്തലയുടെ റേപ്പ് ജോക്കിനെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.

ചെന്നിത്തലയുടെ പ്രതികരണം

സി.പി.എം സൈബര്‍ ഗുണ്ടകളും ചില കേന്ദ്രങ്ങളും ഇതുപോലെ എന്റെ പത്രസമ്മേളനത്തിലെ ഏതാനും വാചകങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വളച്ചൊടിക്കുന്നത് പതിവാണ്. അതിന്റെ ഭാഗം മാത്രമാണ് ഇപ്പോഴത്തേതും. രണ്ട് യുവതികളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ സംസ്ഥാന വ്യാപകമായി രോഷം അലടയിക്കുകയാണ്. അതില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടുന്നതിനുള്ള കുതന്ത്രം മാത്രമാണ് ഇതെന്നും, നിക്ഷിപ്ത താല്‍പര്യക്കാരുടെ ആ കുതന്ത്രത്തില്‍ വീണു പോകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതായും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറയുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Cue
www.thecue.in