കൊവിഡ് രോഗിക്ക് ആംബുലന്‍സില്‍ പോലും രക്ഷയില്ലെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്
POPULAR READ

കൊവിഡ് രോഗിക്ക് ആംബുലന്‍സില്‍ പോലും രക്ഷയില്ലെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്

THE CUE

THE CUE

കൊവിഡ് രോഗിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. കഞ്ചാവും കനകവും കാമാന്ധതയും കേരളത്തെകൊറോണക്കാലത്തു കീഴടക്കുന്നോ എന്ന ചോദ്യത്തോടെയാണ് മുന്‍ ഡി.ജി.പിയുടെ പ്രതികരണം. നാടിനെയും നാട്ടാരെയും നിര്‍ബന്ധിച്ചു അടച്ചുപൂട്ടിയാല്‍ ദുഷ്ടലാക്കുള്ള കിരാതര്‍ നാടിനെ നരകമാക്കുമെന്നും സര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് മുന്‍ ഡിജിപി എഴുതുന്നു

ജേക്കബ് പുന്നൂസിന്റെ പ്രതികരണം

വൈറസിനെ പേടിച്ചു എല്ലാവരും അടച്ചുപൂട്ടിയിരിക്കുമ്പോള്‍, എന്തൊക്കെരാത്രികളില്‍ നടക്കുന്നു?

കൊറോണാരോഗിക്ക് ആംബുലന്‍സില്‍പോലും രക്ഷയില്ല.

ക്വാറന്റൈന്‍ കഴിഞ്ഞിട്ട് കെട്ടിയിട്ടു പീഡനം, കഞ്ചാവുകടത്തല്‍, കാറിടിച്ചു കൊല്ലാന്‍ ശ്രമം... ഇവയെല്ലാം താഴെ ഒറ്റ ദിവസത്തെ വാര്‍ത്ത!

വൈറസ്സിനെക്കാള്‍ വലിയ വെല്ലുവിളികളാണിവയെല്ലാം.

നാടിനെയും നാട്ടാരെയും നിര്‍ബന്ധിച്ചു അടച്ചുപൂട്ടിയാല്‍ ദുഷ്ടലാക്കുള്ള കിരാതര്‍ നാടിനെ നരകമാക്കും.

കാണാനും കേള്‍ക്കാനും ചോദിക്കാനും പറയാനും ആരും ഒരിടത്തുമില്ലാത്ത അവസ്ഥയുണ്ടാകും.

വലിയ റിസ്‌ക് എടുത്തു സ്വര്‍ണവേട്ടയും കഞ്ചാവുവേട്ടയും നടത്തിയ ഉദ്യോഗസ്ഥര്‍ക്കു അഭിനന്ദനം.

എന്നാല്‍ രക്ഷകരാകാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൂലിവാങ്ങുന്നവര്‍ ആറന്മുളയിലും പാങ്ങോടും രാക്ഷസരായതില്‍ ദു:ഖിക്കുന്നു.ലജ്ജിക്കുന്നു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോവിഡ് പോസിറ്റീവായ പത്തൊന്‍പതുകാരിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി ആംബുലന്‍സ് ഡ്രൈവര്‍ ആറന്മുളയില്‍ വിജനസ്ഥലത്ത് വണ്ടി നിര്‍ത്തി ബലാല്‍സംഗം ചെയ്യുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു പിഡനം. ആരോഗ്യ വകുപ്പിന്റെ 'കനിവ്' പദ്ധതിയുടെ ഭാഗമായ '108' ആംബുലന്‍സിന്റെ ഡ്രൈവര്‍ കായംകുളം കീരിക്കാട് തെക്ക് പനയ്ക്കച്ചിറ വീട്ടില്‍ നൗഫലിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മുന്‍പു വധശ്രമക്കേസില്‍ പ്രതിയാണ്. കൃത്യമായ ആസൂത്രണത്തോടെയെന്ന് പീഡനമെന്ന് പത്തംതിട്ട എസ്പി പ്രതികരിച്ചിരുന്നു.

കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാനെന്ന പേരില്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയ യുവതിയെയാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രദീപ് പീഡിപ്പിച്ചത്. ക്രൂര പീഡനമാണ് യുവതിക്ക് നേരിടേണ്ടി വന്നതെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നത്. വായില്‍ തുണി തിരുകി, കട്ടിലിന്റെ കാലില്‍ കെട്ടിയിട്ടായിരുന്നു പീഡനം. രാത്രിമുഴുവന്‍ പീഡനം തുടര്‍ന്നെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവതിയോട് വീട്ടിലെത്തിയാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നായിരുന്നു പ്രദീപ് പറഞ്ഞത്. കൂടാതെ കൈയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന യുവതിക്ക് തന്റെ പരിചയത്തിലുള്ള ഡോക്ടറെ കാണാന്‍ സഹായം ചെയ്യാമെന്നും ഇയാള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കേസില്‍ അറസ്റ്റ് ചെയ്ത പ്രദീപ് ഇപ്പോള്‍ 14 ദിവസത്തെ റിമാന്റിലാണ്.

The Cue
www.thecue.in