കരിപ്പൂര്‍ വിമാനാപകടത്തിന്റേതെന്ന രീതിയില്‍ പ്രചരിച്ച വ്യാജവീഡിയോ ഉള്‍പ്പെടുത്തി വാര്‍ത്ത, മനോരമ ന്യൂസ് വാദം പൊളിച്ച് 24 ന്യൂസ്

കരിപ്പൂര്‍ വിമാനാപകടത്തിന്റേതെന്ന രീതിയില്‍ പ്രചരിച്ച വ്യാജവീഡിയോ ഉള്‍പ്പെടുത്തി വാര്‍ത്ത, മനോരമ ന്യൂസ് വാദം പൊളിച്ച് 24 ന്യൂസ്

കരിപ്പൂരില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടതിന് പിന്നാലെ വിമാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന പേരില്‍ ഒരു വീഡീയോ വാട്‌സ് ആപ്പിലും ഇതര സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതിന്റെ ആധികാരികത സംബന്ധിച്ച് ഔദ്യോഗിക വിശദീകരണമുണ്ടായില്ലെങ്കില്‍ വീഡിയോ കരിപ്പൂരിലെ എയര്‍ഇന്ത്യാ എക്‌സ്പ്രസിലേതെന്ന പേരില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.

അപകടത്തില്‍പ്പെട്ട വിമാനത്തിലെ കോക്പിറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു എന്ന അവകാശവാദത്തിനൊപ്പം മനോരമാ ന്യൂസ് ചാനല്‍ ഇതേ വ്യാജവീഡിയോ സംപ്രേഷണം ചെയ്തു. മനോരമാ ചാനലിന്റെ മലപ്പുറം റിപ്പോര്‍ട്ടറുടെ സൈനിംഗ് ഓഫോടെ ആയിരുന്നു വാട്‌സ് ആപ്പില്‍ പ്രചരിപ്പിക്കപ്പെട്ട വീഡിയോ ഉള്‍പ്പെടുത്തിയുള്ള വാര്‍ത്ത. അപകടം നടന്ന ഓഗസ്റ്റ് 7 മുതല്‍ വാട്‌സ് ആപ്പില്‍ പ്രചരിച്ച വീഡിയോ ഓഗസ്റ്റ് പത്തിനാണ് മനോരമാ ചാനല്‍ നല്‍കിയത്.

കോക്പിറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്, ടേക്ക് ഓഫീനുള്ള ലിവര്‍ ടേക്ക് ഓഫ് പൊസിഷനിലാണ്, എഞ്ചിന്‍ ഓഫ് ചെയ്തിട്ടില്ല തുടങ്ങിയ ആമുഖത്തോടെ മനോരമ റിപ്പോര്‍ട്ടര്‍ ഈ വീഡിയോ ആസ്പദമാക്കി വാര്‍ത്തയും നല്‍കി. മുഴുവന്‍ ശക്തിയും ഉപയോഗിച്ച് കുതിക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നും ഈ വ്യാജ വീഡിയോയെ ആധാരമാക്കിയ റിപ്പോര്‍ട്ടിലുണ്ട്. ഒറ്റ നോട്ടത്തില്‍ തന്നെ ഗ്രാഫിക്‌സിലൂടെ സൃഷ്ടിച്ചതെന്ന് ബോധ്യമാകുന്ന വീഡിയോ ഉപയോഗിച്ചായിരുന്നു മനോരമയുടെ 'കോക്പിറ്റില്‍ നിന്നുള്ള വീഡിയോ' എന്ന തെറ്റായ വാര്‍ത്ത.

24 ന്യൂസ് വാര്‍ത്തക്കൊപ്പമുള്ള ഫാക്ട് ചെക്ക് സെഗ്മെന്റിലൂടെ അപകടത്തില്‍പ്പെട്ട ഐഎക്‌സ് 1344 വിമാനത്തില്‍ നിന്നുള്ള അവസാന ദൃശ്യങ്ങളളെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജവീഡിയോ ആണെന്ന് 24 ന്യൂസ്. എംപിസി ഫ്‌ളൈറ്റ് റിക്രിയേഷന്‍സ് എന്ന യൂട്യൂബ് ചാനലിലെ വീഡിയോ ആണിതെന്നും സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം 24 ന്യൂസ് വെളിപ്പെടുത്തി. മേയ് 22 ന് പാക്കിസ്ഥാനില്‍ വിമാനം തകര്‍ന്നതും ഇതേ യൂട്യൂബ് ചാനല്‍ ഗ്രാഫിക് വീഡിയോയായി ഈ ചാനലില്‍ നല്‍കിയിട്ടുണ്ട്. ഏത് സോഫ്റ്റ് വെയറാണ് വ്യാജ വീഡിയോ നിര്‍മ്മാണത്തിന് ഉപയോഗിച്ചതെന്നും 24 വാര്‍ത്തക്കൊപ്പം നല്‍കി.

സാമൂഹിക മാധ്യമങ്ങളില്‍ രണ്ട് ചാനലുകളിലെയും വീഡിയോകള്‍ ഉള്‍പ്പെടുത്തി വ്യാജവീഡിയോക്കെതിരെയും, തെറ്റായ വാര്‍ത്തക്കെതിരെയും പ്രതികരണം വന്നിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in