സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത അനുഭവം, കൊവിഡ് ഭീതിയും അപകടസാധ്യതയും അവഗണിച്ച് മുന്നിട്ടിറങ്ങിയ നാട്ടുകാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത അനുഭവം, കൊവിഡ് ഭീതിയും അപകടസാധ്യതയും അവഗണിച്ച് മുന്നിട്ടിറങ്ങിയ നാട്ടുകാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കരിപ്പൂര്‍ വിമാന താവളത്തില്‍ വിമാനം അപകടത്തില്‍പെട്ടപ്പോള്‍ ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ ആയത് വലിയൊരു അളവ് വരെ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുവാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പരിക്കേറ്റവരെ രക്ഷിക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അധികൃതരോടൊപ്പം കോവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ അനുഭവമാണെന്നും മുഖ്യമന്ത്രി. രാത്രി ഏറെ വൈകിയും ആശുപത്രികളില്‍ രക്തദാനത്തിനായി എത്തിച്ചേര്‍ന്ന യുവാക്കളുടെ നീണ്ട നിരയും ദുരന്തത്തിനിടയിലും കേരളത്തിന് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഓരോരുത്തരെയും അഭിവാദ്യം ചെയ്യുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി. കൊവിഡിനിനൊപ്പം പ്രതികൂല കാലാവസ്ഥയും വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ദ്രുതഗതിയില്‍ മുന്നിട്ടിറങ്ങിയ കരിപ്പൂരിലെയും കോഴിക്കോട്ടെയും ആളുകളെ പ്രശംസിച്ച് സാമൂഹിക മാധ്യമങ്ങളിലും നിരവധി പേര്‍ എത്തിയിട്ടുണ്ട്.

വിമാന അപകടം നടന്ന കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോടൊപ്പം മുഖ്യമന്ത്രി എത്തി. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് കരിപ്പൂരിലേക്ക് മുഖ്യമന്ത്രിയും സംഘവും തിരിച്ചത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, ടി പി രാമകൃഷ്ണന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എകെ ശശീന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ തുടങ്ങിയവരും ഒപ്പമുണ്ട്.

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഒരു അപകടമുണ്ടാകുമ്പോള്‍ കഴിയുന്നത്ര ജീവന്‍ രക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം. ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ ചിലരൊക്കെ പിപിഇ ധരിച്ചായിരുന്നു എത്തിയത്. എന്നാല്‍ എല്ലാവര്‍ക്കും അതൊന്നും സാധിക്കില്ല. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു.

വിവരം അറിഞ്ഞ് വാഹനവുമായി എത്തിയവര്‍ അപകടത്തില്‍പ്പെട്ടവരെ തൊട്ടടുത്ത ആശുപത്രികളില്‍ എത്തിച്ചു. കണ്ടയിന്‍മെന്റ് സോണിലുളള പ്രദേശമായിരുന്നു വിമാനത്താവളവും കൊണ്ടോട്ടിയും.

വിമാനം തകര്‍ന്നുവീണ ശബ്ദം കേട്ടയുടന്‍ തന്നെ തൊട്ടടുത്ത് നിന്നടക്കം ആളുകളെത്തി. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഏറെ ശ്രമകരമായ ദൗത്യത്തിലൂടെ ആളുകളെ പുറത്തെത്തിക്കുന്നതും ആശുപത്രിയിലേക്ക് വാഹനത്തില്‍ കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലും കാണാമായിരുന്നു

Related Stories

No stories found.
logo
The Cue
www.thecue.in