സംഘപരിവാര്‍ പിടിമുറുക്കി, തമിഴ് ന്യൂസ് 18ലും എഡിറ്ററുടെ രാജി

സംഘപരിവാര്‍ പിടിമുറുക്കി, തമിഴ് ന്യൂസ് 18ലും എഡിറ്ററുടെ രാജി
Summary

എല്ലാ രാഷ്ട്രീയ കക്ഷികളോടും ഒരേ തരത്തിലുള്ള നിലപാടാണ് ചാനല്‍ സ്വീകരിച്ചിരുന്നതെന്നും രാജിക്ക് പിന്നാലെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശത്തില്‍ എം ഗുണശേഖരന്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നിയന്ത്രണത്തിലുള്ള ന്യൂസ് 18 തമിഴ് ചാനലിലും എഡിറ്ററുടെ രാജി. ഹിന്ദുത്വ ഗ്രൂപ്പുകളുടെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിനും പ്രചരണത്തിനും പിന്നാലെ തമിഴ് നാട്ടിലെ മുതിര്‍ന്ന ജേണലിസ്റ്റ് കൂടിയായ എം ഗുണശേഖരനാണ് എഡിറ്റര്‍ പദവിയില്‍ നിന്ന് രാജിവച്ചത്. ഒരു മാസത്തിലേറെയായി ന്യൂസ് 18 തമിഴിനെതിരെയും എഡിറ്റര്‍ ഗുണശേഖരനെതിരെയും സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളും ഹിന്ദുത്വ കക്ഷികളും വ്യാപക പ്രചരണം നടത്തിയിരുന്നു. ഗുണശേഖരനെ വ്യക്തിഹത്യ ചെയ്യുന്നതും തമിഴ് ന്യൂസ് 18 ഹിന്ദുവിരുദ്ധ ചാനലാണെന്ന് പ്രചരിപ്പിച്ചും മരിദാസ് എന്ന യൂട്യൂബര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു. ഗുണശേഖരന്റെയും നെറ്റ് വര്‍ക്ക് 18ന്റെയും പരാതികളില്‍ വീഡിയോകള്‍ നീക്കം ചെയ്യാനും ചാനലിനെതിരെ സാമൂഹ്യമാധ്യമങ്ങള്‍ പ്രചരണം നടത്തുന്നത് തടഞ്ഞും കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. കേസില്‍ തുടര്‍വാദം ഓഗസ്റ്റ് 12ന് കേള്‍ക്കാനിരിക്കെയാണ് എം ഗുണശേഖരന്റെ രാജി. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് രാജിക്ക് പിന്നിലെന്നറിയുന്നു.

വളരെ പാടുപെട്ടാണ് ന്യൂസ് 18 തമിഴ് ജനങ്ങളുടെ വിശ്വാസ്യത സമ്പാദിച്ചത്. എല്ലാ രാഷ്ട്രീയ കക്ഷികളോടും ഒരേ തരത്തിലുള്ള നിലപാടാണ് ചാനല്‍ സ്വീകരിച്ചിരുന്നതെന്നും രാജിക്ക് പിന്നാലെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശത്തില്‍ എം ഗുണശേഖരന്‍ പറയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലോ, നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലോ ഒരു രാഷ്ട്രീയകക്ഷിക്കും അനുകൂലമായല്ല തന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയല്‍ ബോര്‍ഡ് നിലപാട് സ്വീകരിച്ചിരുന്നത്. പൊതുസമൂഹവും, രാഷ്ട്രീയകക്ഷികളും പക്ഷം പിടിക്കാത്ത ചാനലെന്ന നിലക്കാണ് ന്യൂസ് 18 തമിഴിനെ കണ്ടിരുന്നതെന്നും എം. ഗുണശേഖരന്‍.

ന്യൂസ് 18 കേരളാ എഡിറ്റര്‍ രാജീവ് ദേവരാജും അടുത്തിടെ രാജിവച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍-ബിജെപി നിലപാടുകളെ വിമര്‍ശിക്കുന്നതില്‍ എഡിറ്റോറിയല്‍ തലത്തിലുണ്ടായ നിയന്ത്രണമാണ് രാജീവ് ദേവരാജിന്റെ രാജിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ രാഷ്ട്രീയ വിമര്‍ശനം നടത്തുന്നതിനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണമുണ്ട്.

മരിദാസ് ഡല്‍ഹിയില്‍ ന്യൂസ് 18 മാനേജ്‌മെന്റിന് ഗുണശേഖരനും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ പരാതി നല്‍കിയിരുന്നു. എഡിറ്ററും ചാനലിലെ ചില മാധ്യമപ്രവര്‍ത്തകരും പ്രത്യക്ഷമായും പരോക്ഷമായും ദ്രാവിഡ കഴകത്തിനും ഡിഎംകെയ്ക്കും പിന്തുണ നല്‍കുന്നുവെന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. ചാനല്‍ മാനേജ്‌മെന്റ് നല്‍കിയ പരാതിയില്‍ മാരിദാസിനോട് വീഡിയോ നീക്കം ചെയ്യാനാവശ്യപ്പെട്ട രണ്ട് ദിവസത്തിന് ശേഷമാണ് എഡിറ്ററുടെ രാജി.

ഗുണശേഖരന് പിന്തുണയര്‍പ്പിച്ച് ട്വിറ്ററില്‍ ഹാഷ് ടാഗ് കാമ്പയിനുകള്‍ നടക്കുന്നുണ്ട്. പെരിയാറിന്റെ മണ്ണില്‍ നിങ്ങളുടെ രാഷ്ട്രീയ തീരുമാനത്തിന് പിന്തുണയുണ്ടാകുമെന്നാണ് ഒരു ട്വീറ്റ്. സേവ് ജേണലിസം ഫ്രം ബ്രാഹ്മണിസം എന്ന ഹാഷ് ടാഗില്‍ നേരത്തെ തന്നെ ഈ വിഷയത്തില്‍ ട്വീറ്റ് കാമ്പയിന്‍ ഉണ്ടായിരുന്നു.

AD
No stories found.
The Cue
www.thecue.in